കാക്കനാട്ടേക്ക് മെട്രോയുടെ പിങ്ക് ലൈന്‍; 2026 ജനുവരിയില്‍ കമ്മീഷന്‍ ചെയ്യും;   ഇ ടിക്കറ്റ് മാത്രം

1950 കോടി രൂപയുടെ പിങ്ക് ലൈനിന് 1016 കോടി രൂപ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍നിന്നുള്ള വായ്പയാണ്. 
കൊച്ചി മെട്രോ, ഫയല്‍ ചിത്രം
കൊച്ചി മെട്രോ, ഫയല്‍ ചിത്രം

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ രണ്ടാംഘട്ടം 2026 ജനുവരിയില്‍ കമ്മിഷന്‍ ചെയ്യും. ഈ വര്‍ഷം അവസാനത്തോടെ മെട്രോ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ലൈനും കമ്മിഷന്‍ ചെയ്യുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു. സ്റ്റേഡിയം സ്റ്റേഷന്‍ ഉള്‍പ്പെടെ 11 സ്റ്റേഷനുകളുള്ള പിങ്ക് ലൈനിന്റെ സിവില്‍ വര്‍ക്കിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചതായും ബെഹ്‌റ പറഞ്ഞു. 

1950 കോടി രൂപയുടെ പിങ്ക് ലൈനിന് 1016 കോടി രൂപ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍നിന്നുള്ള വായ്പയാണ്. 338.75 കോടി രൂപ കേന്ദ്ര വിഹിതവും 555.18 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ആയിരിക്കും. 46.88 കോടി രൂപ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ലഭ്യമാക്കും. സിവില്‍ നിര്‍മാണത്തിന് 20 മാസവും ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ജോലികള്‍ക്ക് 4 മാസവുമാണ് സമയപരിധി. നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നവംബറോടെ പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

നിര്‍മ്മാണം ആറിടത്ത്

കാക്കനാട് റൂട്ടില്‍ ഒരേസമയം ആറ് സ്ഥലങ്ങളില്‍ നിര്‍മാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഷന്‍ നിര്‍മാണത്തിന് പ്രീ കാസ്റ്റ് രീതിയാണ് ഉപയോഗിക്കുന്നത്. ഇതിനായി എച്ച്.എം.ടി.യുടെ 6 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പിങ്ക് ലൈനില്‍ രണ്ടിടത്തു പ്രത്യേക നിര്‍മാണ രീതിയിലെ പാലങ്ങളുണ്ടാകും. പാലാരിവട്ടം ബൈപ്പാസ് കുറുകെ കടക്കുന്നിടത്തും പാലാരിവട്ടം സെയ്ന്റ് മാര്‍ട്ടിന്‍ പള്ളിക്കു സമീപവുമായിരിക്കും ഈ രണ്ടു പാലങ്ങള്‍. ഇവിടെ റോഡില്‍ തൂണുകള്‍ നിര്‍മിക്കാന്‍ സാധ്യമല്ലാത്തതിനാലാണ് പ്രത്യേക രീതി പരീക്ഷിക്കുന്നത്. നിര്‍മാണ സമയത്ത് ചെറുവാഹനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള റോഡുകള്‍ ബലപ്പെടുത്താനും തീരുമാനമായി. നഗരത്തില്‍ 100 ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കും.

പിങ്ക് ലൈനിലെ 4 സ്റ്റേഷനുകളിലേക്ക് നേരിട്ടായിരിക്കും പ്രവേശനം. വളരെ കുറച്ചു സ്ഥലമേ ഇവിടെ സ്റ്റേഷന് ഉണ്ടാവൂ. ട്രെയിനുകളെയും പ്ലാറ്റ്ഫോമിനെയും വേര്‍തിരിക്കുന്ന പ്ലാറ്റ്ഫോം സ്‌ക്രീന്‍ ഗേറ്റുകളുണ്ടാകും. സ്റ്റേഷനുകളില്‍ പാര്‍ക്കിങ് പരിമിതമായിരിക്കും.

ഇ ടിക്കറ്റ് മാത്രം

കാക്കനാട് മെട്രോ ലൈനില്‍ പേപ്പര്‍ ടിക്കറ്റ് ഉണ്ടാവില്ല. കൗണ്ടര്‍ ടിക്കറ്റ് ആണെങ്കിലും മൊബൈല്‍ ഫോണിലുള്‍പ്പെടെ ഇ-ടിക്കറ്റ് ആയിരിക്കും.പദ്ധതിയുടെ ജനറല്‍ കണ്‍സല്‍റ്റന്റായി ഏജീസ് ഇന്ത്യാ ഡിസൈന്‍ കമ്പനിയെ നേരത്തെ തന്നെ തരീരുമാനിച്ചിട്ടുണ്ട്. സ്റ്റേഷനുകളുടെ രൂപകല്‍പ്പനയ്ക്ക് പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ് ഇതിനായി രജിസ്റ്റര്‍ ചെയ്യണം. മെട്രോ തൃപ്പൂണിത്തുറയ്ക്ക് എത്തുമ്പോള്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.10 ലക്ഷം ആകുമെന്നാണു കണക്കാക്കുന്നത്. കാക്കനാട് ലൈന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതിന്റെ 15 % കൂടി വര്‍ധന പ്രതീക്ഷിക്കുന്നതായി കെഎംആര്‍എല്‍. വ്യക്തമാക്കി.

വാട്ടര്‍മെട്രോ    

വാട്ടര്‍മെട്രോയ്ക്ക് കൂടുതല്‍  ബോട്ടുകള്‍ ലഭിക്കുന്നതോടെ വൈറ്റില -കാക്കനാട് റൂട്ടില്‍ കൂടുതല്‍ ബോട്ട് സര്‍വീസ് ആരംഭിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. നിലവില്‍ 9 ബോട്ടുകള്‍ മാത്രമേ വാട്ടര്‍ മെട്രോയ്ക്കുള്ളു. രണ്ടെണ്ണം കൂടി വൈകാതെ ലഭിക്കും. അതോടെ ഹൈക്കോടതി - ചിറ്റൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും. കോവിഡ് സമയത്ത് നിര്‍മ്മാണ സാമഗ്രികള്‍ എത്താന്‍ വൈകിയതാണ് ബോട്ടുകളുടെ നിര്‍മ്മാണം വൈകാന്‍ കാരണമായതെന്നും ബെഹ് റ പറഞ്ഞു. രണ്ട് ടെര്‍മിനലുകള്‍ ഒഴികെ ബാക്കി എല്ലാ ജെട്ടികളുടെ നിര്‍മ്മാണവും അടുത്ത മാര്‍ച്ചിനു മുന്‍പായി പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com