ആറന്‍മുള വള്ളസദ്യ ഇന്ന്; പ്രത്യേകതകള്‍ അറിയാം

ചരിത്രപ്രസിദ്ധമായ ആറന്‍മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്
പള്ളിയോടങ്ങളുടെ ചിത്രം പകര്‍ത്തുന്ന വിനോദസഞ്ചാരി/എക്‌സ്പ്രസ്
പള്ളിയോടങ്ങളുടെ ചിത്രം പകര്‍ത്തുന്ന വിനോദസഞ്ചാരി/എക്‌സ്പ്രസ്

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്‍മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. ക്ഷേത്രമുറ്റത്തും ഊട്ടുപുരകളിലുമായാണ് സദ്യ വിളമ്പുന്നത്. സദ്യക്ക് വിളമ്പാന്‍ ചേനപ്പാടിക്കാരുടെ പാളത്തൈരുമായി ഇന്നലെ ഘോഷയാത്ര നടന്നു. 300 ഓളം വിദഗ്ധ പാചക തൊഴിലാളികളുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്.

വഴിപാട് നടത്താന്‍ പള്ളിയോട കരയില്‍ നിന്നും അനുവാദം വാങ്ങുന്ന ആചാരത്തോടെയാണ് വള്ളസദ്യക്ക് തുടക്കമാവുന്നത്. അനുവാദം വാങ്ങിയ ശേഷം വഴിപാടുകാര്‍ സദ്യക്കുള്ള ഒരുക്കമാരംഭിക്കും. വള്ളസദ്യ ദിവസം, ആരാണോ വഴിപാട് നടത്തുന്നത് അവര്‍ രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമര്‍പ്പിക്കുന്നു. 

ഓരോ പള്ളിയോട കടവില്‍ നിന്നും ആചാരപ്രകാരം പള്ളിയോടത്തെ യാത്രയാക്കും. ആരുടെയാണോ വഴിപാട് അവര്‍ കരമാര്‍ഗം ക്ഷേത്രത്തിലെത്തും. വഞ്ചിപ്പാട്ടും പാടി പള്ളിയോടങ്ങള്‍ പമ്പാനദിയിലൂടെ ക്ഷേത്രസമീപമെത്തി ചേരുന്നു. ക്ഷേത്രത്തിലെത്തുന്ന വള്ളത്തെ വഴിപാടുകാര്‍ സ്വീകരിക്കും. ഇവിടെയൊന്നും പുരോഹിതരുടെ സാന്നിധ്യമില്ല. വഴിപാടുകാരും കരക്കാരുമാണുള്ളത്. 

ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം നേരെ കൊടിമരച്ചുവട്ടിലേക്ക്. പറ അര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തെത്തിയ ശേഷം മുത്തുക്കുടയും ഒരു തുഴയും ആറന്മുള തേവര്‍ക്ക് സമര്‍പ്പിക്കും. ശേഷം വഞ്ചിപ്പാട്ടും പാടി വള്ളസദ്യ ഉണ്ണാന്‍ നേരെ ഊട്ടുപുരയിലേക്ക്. ഊട്ടുപുരയിലെത്തിയാലും ചടങ്ങ് തീരുന്നില്ല. ഓരോ പാട്ട് പാടിയാണ് വിഭവങ്ങള്‍ ചോദിക്കുന്നത്. അവയെല്ലാം വഴിപാടുകാരന്‍ വിളമ്പുന്നു. 

സദ്യക്ക് ശേഷം കൊടിമരച്ചുവട്ടിലെത്തി ഭഗവാനെ തൊഴുത ശേഷം നേരത്തെ നിറച്ചു വച്ചിരിക്കുന്ന പറ മറിക്കും. ദക്ഷിണ വാങ്ങിയ ശേഷം വഴിപാടുകാരെ അനുഗ്രഹിച്ച് പള്ളിയോട കരക്കാര്‍ മടങ്ങുന്നു. ഇന്നലെ മാത്രം 12 പള്ളിയോടങ്ങളാണ് കരയിലെത്തിയത്. 63 വിഭവങ്ങളടങ്ങിയ സദ്യയാണ് വള്ളസദ്യയ്ക്ക് വിളമ്പുന്നത് എന്നതാണ് ആറന്മുള വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com