പീരുമേട് ഇരുട്ടിലായത് 16 മണിക്കൂർ; മുൻകൂർ അനുമതിയില്ലാതെ കെഎസ്ഇബി ജീവനക്കാരുടെ ടൂർ; കാരണം കാണിക്കൽ നോട്ടീസ്

യെല്ലോ അലർട്ട് പ്രഖ്യാപിച്ച വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ഹാജർ ബുക്കിൽ ഒപ്പിടാത്തവർ, രണ്ടാം തീയതി മുൻകൂർ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നവർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ്
കെഎസ്ഇബി/ഫയല്‍ ചിത്രം
കെഎസ്ഇബി/ഫയല്‍ ചിത്രം

തൊടുപുഴ: ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സെപ്റ്റംബർ ഒന്നിനു കെഎസ്ഇബി ഉദ്യോ​ഗസ്ഥരടക്കമുള്ള ജീവനക്കാർ കൂട്ട അവധിയെടുത്ത് കേരളത്തിനു പുറത്തു വിനോദ യാത്ര പോയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ്. വകുപ്പുതല അന്വേഷണത്തിന്റെ ഭാ​ഗമായി 13 പേർക്ക് എക്സിക്യൂട്ടീവ് എൻജിനീയർ നോട്ടീസ് നൽകിയത്. മുൻകൂർ അനുമതി ഇല്ലാതെയായിരുന്നു അവധിയെടുത്തുള്ള ടൂർ. ആ ദിവസം പീരുമേട് 16 മണിക്കൂറാണ് ഇരുട്ടിലായത്. 

യെല്ലോ അലർട്ട് പ്രഖ്യാപിച്ച വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ഹാജർ ബുക്കിൽ ഒപ്പിടാത്തവർ, രണ്ടാം തീയതി മുൻകൂർ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നവർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ്. ഒന്നാം തീയതി രാത്രി സെക്ഷൻ ഓഫീസിൽ ടെലിഫോൺ ഡ്യൂട്ടിയിലുണ്ടായിരുന്നു രണ്ട് പേരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 

16 മണിക്കൂർ വൈദ്യുതി മുടങ്ങിയ സംഭവം വിവാദമായതിനു പിന്നാലെ വകുപ്പുതല അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് നടപടികൾ. പീരുമേട് ഫീഡർ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായത്. 

വെള്ളിയാഴ്ച ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഉച്ച കഴിഞ്ഞു പീരുമേട്ടിൽ ശക്തമായ മഴ പെയ്തതിനു പിന്നാലെ വൈദ്യുതിയും മുടങ്ങി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി. ഓണം അവധി ആഘോഷിക്കാൻ പീരുമേട്ടിൽ എത്തിയ നിരവധി സഞ്ചാരികളും ബുദ്ധിമുട്ടി.

മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി വരാത്തതോടെ നാട്ടുകാർ പോത്തുപാറയിലെ സെക്ഷൻ ഓഫീസിലേക്കു വിളിച്ചു. എല്ലാവരും ടൂർ പോയെന്നായിരുന്നു മറുടപടി. പരാതികൾ വ്യാപകമായതോടെ രാത്രിയിൽ വനിതാ സബ് എൻജിനീയറുടേയും പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എൻജിനീയറുടേയും നേതൃത്വത്തിൽ തകരാ‍ർ പരിഹരിക്കാൻ ശ്രമിച്ചു. 

എന്നാൽ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിനാൽ തകരാർ കണ്ടെത്തിയില്ല. ഒടുവിൽ ശനിയാഴ്ച 10 മണിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. 

കേരളത്തിനു പുറത്തേക്ക് ഉദ്യോ​ഗസ്ഥരടക്കം ടൂർ പോയത് ബോർഡിന്റെ അനുവാദമില്ലാതെയാണെന്നു പരാതി ഉയർന്നിരുന്നു. പിന്നാലെ ഇതുസംബന്ധിച്ചു പീരുമേട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറോടു അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കെഎസ്ഇബി ആവശ്യപ്പെടുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com