എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല, യുഡിഎഫ് ജയത്തിനു പിന്നില്‍ സഹതാപ തരംഗം: എംവി ഗോവിന്ദന്‍

ഇത്തവണ 42,000ലധികം വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് എല്‍ഡിഎഫിന്റെ അടിത്തറയില്‍ കാര്യമായ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ്
എംവി ഗോവിന്ദന്‍
എംവി ഗോവിന്ദന്‍


തിരുവനന്തപുരം:  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നല്ല രീതിയിലുള്ള സഹതാപം വിജയത്തിന് കാരണമായതായും ഗോവിന്ദന്‍ പറഞ്ഞു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 36,667 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞടുപ്പില്‍ 44,505 വോട്ടാണ് ലഭിച്ചത് ജെയ്കിന് ലഭിച്ചത്. ഇത്തവണ 42,000ലധികം വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് എല്‍ഡിഎഫിന്റെ അടിത്തറയില്‍ കാര്യമായ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ്

സഹതാപ തരംഗം ഉണ്ടായ തെരഞ്ഞെടുപ്പില്‍ മരണാനന്തരച്ചടങ്ങുപോലും വോട്ടിങ് സമയത്താണ് നടന്നത്. സഹതാപം നല്ല രീതിയില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇത്തവണ 42,000 വോട്ട് ലഭിച്ചത് എല്‍ഡിഎഫിന്റെ മികവുറ്റ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ജനവിധി സ്വാഗതം ചെയ്യുന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 50 ശതമാനം വരെ ഇടിഞ്ഞതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. 2019ല്‍ 20,911 വോട്ടുകളാണ് ബിജെപിക്ക് ഉണ്ടായത്.  2011ല്‍ ഇത് നേര്‍പകുതിയായി. 2011ല്‍ 11,694 വോട്ടുകളാണ് ബിജെപി പിടിച്ചത്. 2023ല്‍ വീണ്ടും കുറഞ്ഞ് 6486 ആയി. ബിജെപിയുടെ വോട്ട് ആര് ചെയ്തു?, ബിജെപിയുടെ വോട്ട ആര്‍ക്ക് പോയി? ബിജെപിയുടെ വോട്ടുകള്‍ കൂപ്പുകുത്തിയത് എങ്ങോട്ട് എന്നും ജെയ്ക് സി തോമസ് ചോദിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ജെയ്ക് സി തോമസ്.

മുന്‍പ് തന്നെ ഇടതുപക്ഷ മുന്നണി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ജെയ്ക് സി തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അന്തസ്സിനെ കെടുത്തുന്ന ഒന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച അന്നുമുതല്‍ മുന്നോട്ടുവച്ചത് പുതുപ്പള്ളിയുടെ ജീവിത പ്രശ്‌നങ്ങളും വികസനാനുഭവങ്ങളുമാണ്. സ്‌നേഹ സമ്പൂര്‍ണമായ ഒരു സംവാദത്തിന് വേണ്ടിയാണ് എല്‍ഡിഎഫ് ഉടനീളം ശ്രമിച്ചത്. അതോടൊപ്പം സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രചാരണത്തിന് വന്നു. ഇത് മുതല്‍ക്കൂട്ടായാണ് കണ്ടത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒരുവിധത്തിലുമുള്ള പാളിച്ചയും സംഭവിച്ചിട്ടില്ലെന്നും ജെയ്‌സ് സി തോമസ് പറഞ്ഞു.

തോല്‍വിയെ സംബന്ധിച്ച് ഏകപക്ഷീയമായി തീര്‍പ്പുകല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതെല്ലാം യുക്തിയോടെ ചിന്തിക്കുന്നവര്‍ക്ക് മനസിലാകും. ഇനിയും പുതുപ്പള്ളിയുടെ ജീവിത പ്രശ്‌നങ്ങളും വികസനാനുഭവങ്ങളും ഉയര്‍ത്തിക്കാട്ടി മുന്നോട്ടുപോകും- ജെയ്ക് സി തോമസ് പറഞ്ഞു. 

ജനവിധിയെ സ്വാഗതം ചെയ്യുന്നു. ഇടത് വോട്ടുകള്‍ മുഴുവന്‍ കിട്ടിയില്ലെന്ന് പറയാനില്ല. പ്രചാരണത്തില്‍ പാളിച്ച ഉണ്ടായിട്ടില്ലെന്നും ജെയ്ക് പറഞ്ഞു.പുതുപ്പള്ളിയുടെ എംഎല്‍എയ്ക്ക് ജെയ്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com