നയന സൂര്യന്റെ മരണം കൊലപാതകമല്ല; ആത്മഹത്യയോ രോ​ഗമോ ആണെന്ന് മെഡിക്കൽ റിപ്പോർട്ട്, അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്

ആത്മഹത്യയോ രോ​ഗം മൂലമുള്ള മരണമോ എന്ന് കണ്ടെത്താനാകുന്നില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
നയന സൂര്യൻ
നയന സൂര്യൻ

തിരുവനന്തപുരം: സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. മയോകാർഡിയൽ ഇൻഫ്രാക്ഷനാണ് മരണകാരണമെന്നും എന്നാൽ അതിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ക്രൈംബ്രാഞ്ചിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ആത്മഹത്യയോ രോ​ഗം മൂലമുള്ള മരണമോ എന്ന് കണ്ടെത്താനാകുന്നില്ലെന്ന റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

2019 ഫെബ്രുവരി 24നാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നയനയുടെ 
കഴുത്തിലും അടിവയറ്റിലും മുറിവുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ആ പരിക്കുകൾ മരണത്തിന് കാരണമായിട്ടില്ലെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആത്മഹത്യയോ രോ​ഗം മൂലമോ എന്ന രണ്ട് സാധ്യതകളാണ് റിപ്പോട്ടിൽ പറയുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് ബോധരഹിതയായി നേരത്തെ അഞ്ച് തവണ നയനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ വളരെ പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് ജീവൻ രക്ഷപ്പെടാൻ കാരണം. അവസാന തവണ നയനയ്‌ക്ക് സമീപം ആരുമുണ്ടായിരുന്നില്ല. ഇതാകാം രോ​ഗം മൂലമുള്ള മരണത്തിന്റെ പ്രധാന സാധ്യത.

നയന ഇൻസുലിനും വിഷാദ രോ​ഗത്തിനുള്ള മരുന്നുകളും സ്ഥിരമായി കഴിച്ചിരുന്നു. ഇതിന്റെ അമിതോപയോ​ഗവും മരണത്തിന് തൊട്ടടുത്ത ദിവസങ്ങളിൽ ​ഗൂ​ഗിളിൽ മരണത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് തിരഞ്ഞതും ആത്മഹത്യയാണെന്ന് പറയാനുള്ള സാധ്യതയായി കാണുന്നു. ഹൃദയസ്തംഭനത്തിന് സമാനമായ അവസ്ഥായാണ് മയോകാർഡിയൽ എന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. ഇത് മൂലം പെട്ടന്ന് മരണ സംഭവിക്കില്ല. രണ്ടുമണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com