'അസഭ്യം പറഞ്ഞ് നേതാക്കളെ അധിക്ഷേപിക്കുന്നു'; പി ജയരാജന്റെ മകന് എതിരെ ഡിവൈഎഫ്‌ഐ

സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന് എതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്.
ജയിന്‍ രാജ്/ഫെയ്‌സ്ബുക്ക്
ജയിന്‍ രാജ്/ഫെയ്‌സ്ബുക്ക്

കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന് എതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുന്നെന്നതിന് എതിരെയാണ് വിമര്‍ശനം. കിരണിനെ സഭ്യമല്ലാത്ത ഭാഷയില്‍ വിമര്‍ശിച്ച് ജയിന്‍ രാജ് കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ്, ജയിന്റെ പേര് പരാമര്‍ശിക്കാതെ ഡിവൈഎഫ്‌ഐയുടെ വിമര്‍ശനം. 

'സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി ഡിവൈഎഫ്‌ഐയെയും പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യല്‍ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡിവൈഎഫ്‌ഐ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. 

സഭ്യമല്ലാത്ത ഭാഷയില്‍ ഡിവൈഎഫ്ഐക്കും നേതാക്കള്‍ക്കും എതിരെ ആര് പ്രതികരണങ്ങള്‍ നടത്തിയാലും സഭ്യമായ ഭാഷയില്‍ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തികൊണ്ടുവന്ന വിഷയം ഒരു വര്‍ഷം മുന്‍പ് തന്നെ ഡിവൈഎഫ്‌ഐ ചര്‍ച്ചചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ്. എന്നാല്‍ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തില്‍ താറടിച്ചുകാണിക്കാനുള്ള ഹീനശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്.

ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യല്‍ മീഡിയകളില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരില്‍ ഐഡികള്‍ നിര്‍മിച്ചും ഡിവൈഎഫ്‌ഐയെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡി.വൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു'- പ്രസ്തനാവനയില്‍ പറയുന്നു. 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com