ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഇതുവരെ മാറ്റിവെച്ചത് 34 തവണ

2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്
മുഖ്യമന്ത്രി പിണറായി വിജയൻ/ ഫയൽ
മുഖ്യമന്ത്രി പിണറായി വിജയൻ/ ഫയൽ


 
ന്യൂഡല്‍ഹി:  എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതുവരെ 34 തവണ മാറ്റിവെച്ച കേസ് 26-ാം ഇനമായാണ് കോടതി പരിഗണിക്കുക. 

2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേട് ഉണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. ഇതുവരെ കേസ് മാറ്റിവയ്ക്കാനായി ആരും അപേക്ഷ നൽകിയിട്ടില്ല എന്നാണ് വിവരം.

കേസിൽ കുറ്റവിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി ടി രവികുമാർ പിൻമാറിയതോടെയാണ് ലാവലിൻ കേസ് പുതിയ ബെഞ്ചിന്റെ പരി​ഗണനയ്ക്ക് എത്തുന്നത്. 

2006 മാർച്ച് ഒന്നിനാണ് എസ്എൻസി ലാവലിൻ കേസ് സിബിഐക്ക് വിടാൻ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. 2009 ജൂൺ 11 ന് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2017 ഓഗസ്റ്റ് 23 ന് പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ കേസിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കി. ഇതു ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ അഭ്യർത്ഥന അനുസരിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി പലതവണ മാറ്റിവച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com