മാസ്കില്ലാതെ പുറത്തിറങ്ങരുത്; കോഴിക്കോട് നിയന്ത്രണം കടുപ്പിച്ചു; ആശങ്ക വേണ്ടെന്ന് മന്ത്രി

കോഴിക്കോടിനു പുറമേ തൊട്ടടുത്ത ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

കോഴിക്കോട്: സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകള്‍ അതീവ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കണം. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. 
എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

കോഴിക്കോട് ജില്ലയിലേക്കും, ജില്ലയിൽ നിന്ന് പുറത്തേക്കും പോകുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും അകത്തേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. ഇവിടങ്ങളിൽ ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ തുറക്കില്ല. തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും തുറക്കും. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പകൽ മാത്രം തുറക്കാം.  

കോഴിക്കോട് ​ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രത്യേക ഐസിയു തുറന്നു.ഇവിടെ 75 ഐസൊലേഷൻ കിടക്കകൾ, ആറ്‌ ഐസിയു, എട്ട് വെന്റിലേറ്റർ എന്നിവ സജ്ജീകരിച്ചു. സാവിത്രി സാബു അർബുദാശുപത്രിക്കു സമീപമുള്ള കെഎച്ച്ആർഡബ്ലിയുഎസിന്റെ പേവാർഡുകളാണ് ഐസൊലേഷൻ വാർഡുകളാക്കിയത്. ആശുപത്രിയുടെ മുറ്റത്ത് പനിബാധിതർക്കായി ട്രയാജൻ  ഒരുക്കും. 

കോഴിക്കോടിനു പുറമേ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂർ, വയനാട്  ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നവര്‍ ആശങ്കപ്പെടേണ്ടതില്ല.ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ചവര്‍ എത്തിയ തീയതി, സമയം എന്നിവയെല്ലാം സിസിടിവി കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com