സ്വിച്ച് ഓഫിന് മുമ്പ് ഫോണിലേക്ക് രണ്ട് എസ്എംഎസ് വന്നു; ദമ്പതികളുടെ മരണശേഷവും ഓൺലൈൻ വായ്പക്കാരുടെ ഭീഷണി സന്ദേശം

ദമ്പതികളുടെ മൊബൈല്‍ ഫോണുകള്‍ വിശദപരിശോധനയ്ക്കായി തിരുവനന്തപുരത്തെ സൈബര്‍ വിഭാഗത്തിന് കൈമാറി
മരിച്ച നിജോയും ശിൽപയും
മരിച്ച നിജോയും ശിൽപയും

കൊച്ചി: കടമക്കുടിയില്‍ പിഞ്ചു മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഓണ്‍ലൈന്‍ വായ്പക്കുരുക്ക് മാത്രമല്ലെന്ന് പൊലീസിന് സംശയം. ഓണ്‍ലൈന്‍ ആപ്പുകള്‍ക്കു പുറമേ, ബാങ്കില്‍ നിന്നും ദമ്പതികള്‍ വായ്പ എടുത്തിരുന്നു. ബാങ്കിന്റെ ജപ്തി നോട്ടീസ് ദമ്പതികള്‍ക്ക് ലഭിച്ചിരുന്നു എന്നതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചു. 

നിജോയും കുടുംബവും വന്‍ കടക്കെണിയിലായിരുന്നു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വായ്പ തിരിച്ചടവ് മുടങ്ങിയതിന് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയും, മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതും മരണത്തില്‍ സുപ്രധാന കാരണമായതായാണ് പൊലീസിന്റെ അനുമാനം. മരിച്ച ദമ്പതികളുടെ മൊബൈല്‍ ഫോണുകള്‍ വിശദപരിശോധനയ്ക്കായി തിരുവനന്തപുരത്തെ സൈബര്‍ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. 

ഫോണിലേക്ക് രണ്ട് എസ്എംഎസ് വന്നു

ദമ്പതികളുടെ ഫോണിലേക്ക് രണ്ട് എസ്എംഎസ് വന്നിരുന്നതായി പൊലീസ് കണ്ടെത്തി. സിഡിആര്‍ പരിശോധനയിലാണ് ഇതു വ്യക്തമായത്. ദമ്പതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പാണ് ഈ എസ്എംഎസ് വന്നിരിക്കുന്നത്. സംശയാസ്പദമായ ഈ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഫോണിന്റെ സൈബര്‍ ഫോറന്‍സിക് പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

അടുത്ത നാളുകളില്‍ ദമ്പതികളുടെ ഫോണുകളിലേക്ക് വന്നിട്ടുള്ള വിളികളും സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിച്ച സന്ദേശങ്ങളും വീണ്ടെടുക്കാനും പൊലീസ് ശ്രമം തുടങ്ങി. മരിച്ച ശില്‍പ അടുത്തിടെ നടത്തിയ വിദേശയാത്രയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇറ്റലിക്ക് പോകുന്നതിന് മുന്നോടിയായിട്ടാണ് ശില്‍പ അബുദാബിയിലേക്ക് പോയതെന്നും, പേപ്പറുകള്‍ ശരിയാകാത്തതിനാലാണ് ഇറ്റലിക്ക് പോകാന്‍ കഴിയാതിരുന്നതുമെന്നാണ് പ്രാഥമിക വിവരം. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നിജോയേയും ശില്‍പയേയും അഞ്ചും ഏഴും വയസ്സുള്ള മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം തങ്ങള്‍ പോകുന്നു എന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. അതേസമയം ദമ്പതികള്‍ മരിച്ചശേഷവും ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകാര്‍ ഭീഷണി സന്ദേശവും ശില്‍പയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അയക്കുകയാണ്. തിരിച്ചടക്കാനുള്ള തുകയുടെ സ്റ്റേറ്റ്‌മെന്റും ചിത്രങ്ങളും ശില്‍പയുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരുടെ ഫോണുകളിലേക്കാണ് ലഭിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com