നിപയില്‍ ആശ്വാസം; 42 സാംപിളുകള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെടുന്നതായി ആരോഗ്യമന്ത്രി 

കേന്ദ്രസംഘങ്ങള്‍ ഇന്നും പ്രദേശത്ത് പരിശോധന തുടരും. 2018 ലെ നിപ ഉറവിട പ്രദേശങ്ങളില്‍ സംഘം വീണ്ടും പരിശോധന നടത്തും
മന്ത്രി വീണാ ജോർജ് മാധ്യമങ്ങളുമായി സംസാരിക്കുന്നു/ ടിവി ദൃശ്യം
മന്ത്രി വീണാ ജോർജ് മാധ്യമങ്ങളുമായി സംസാരിക്കുന്നു/ ടിവി ദൃശ്യം

കോഴിക്കോട്: സംസ്ഥാനത്ത്  നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരും നെഗറ്റീവ് ഫലത്തില്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായും, ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

നെഗറ്റീവ് ആയതില്‍ ഭൂരിഭാഗവും രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. ഇത് വളരെ ആശ്വാസകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇന്നും 19 ടീമുകളുടെ പ്രവര്‍ത്തനം ഫീല്‍ഡില്‍ നടക്കുന്നുണ്ട്. സര്‍വൈലന്‍സിനെ സംബന്ധിച്ചിടത്തോളം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണ്. 

ഏതാണ്ട് ഭൂരിഭാഗവും കവര്‍ ചെയ്തിട്ടുണ്ട്. ഇനി കണ്ടുപിടിക്കാനുള്ളവരെ പൊലീസിന്റെ സഹായത്തോടുകൂടി, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി കണ്ടെത്തി കോണ്‍ടാക്ട് ട്രേസ് ചെയ്യണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. തിരിച്ചറിഞ്ഞ ചിലരെ വിളിച്ചു ചോദിക്കുമ്പോള്‍ തങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന മറുപടി ലഭിക്കുന്ന സാഹചര്യമുണ്ട്. 

അതിനാല്‍ അതു വെരിഫൈ ചെയ്യാനാണ് പൊലീസിന്റെ സഹായം കൂടി തേടുന്നത്. കേന്ദ്രസംഘങ്ങള്‍ ഇന്നും പ്രദേശത്ത് പരിശോധന തുടരും. 2018 ലെ നിപ ഉറവിട പ്രദേശങ്ങളില്‍ സംഘം വീണ്ടും പരിശോധന നടത്തും. അവിടെ പാരിസ്ഥിതിക മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. അതോടൊപ്പം ഐസിഎംആറിന്റെയും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും സംഘങ്ങളും സ്ഥലത്തുണ്ട്. 

അവര്‍ വീണ്ടും സ്ഥലത്ത് പരിശോധന നടത്തും. പോസിറ്റീവായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയും വളരെ മെച്ചപ്പെടുന്നുണ്ട്. 
നിയന്ത്രണം പാലിക്കാതെ കോഴിക്കോട് എന്‍ഐടി ക്ലാസും പരീക്ഷയും നടത്തിയ സംഭവം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വൈറസിന്റെ ജിനോമിങ് സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com