കൈകാര്യം ചെയ്തത് വ്യത്യസ്ത പ്രമേയങ്ങള്‍, ഇതുപോലുള്ള സംവിധായകര്‍ അധികം ഉണ്ടാവില്ല; അനുശോചിച്ച് മുഖ്യമന്ത്രി 

പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു
കെ ജി ജോര്‍ജ്, പിണറായി വിജയൻ
കെ ജി ജോര്‍ജ്, പിണറായി വിജയൻ

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോര്‍ജ്. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നുവെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു.

കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേര്‍തിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം  തുടങ്ങിയ സിനിമകള്‍ മലയാളി മനസ്സില്‍ എന്നും ഇടം പിടിക്കുന്നവയാണ്. വ്യത്യസ്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത ഇതുപോലുള്ള സംവിധായകര്‍ അധികം ഉണ്ടാവില്ല. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ ജി ജോര്‍ജിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും  മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com