'പൊലീസില്‍ പരാതി നല്‍കരുത്'; അഖില്‍ സജീവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ഹരിദാസ് 

നിയമന കോഴ വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്.
അഖില്‍ സജീവ്, ഹരിദാസ്
അഖില്‍ സജീവ്, ഹരിദാസ്

മലപ്പുറം: നിയമന കോഴ വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. നിയമനം നല്‍കാമെന്നും ഇതിന് സാവകാശം വേണമെന്നും അഖില്‍ സജീവ് സംഭാഷണത്തില്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കരുതെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇനിയും കാത്തിരിക്കാന്‍ ആകില്ലെന്നും പോലീസിനെ സമീപിക്കേണ്ടി വരുമെന്നും ഹരിദാസ് പറയുന്നതും സംഭാഷണത്തില്‍ ഉണ്ട്. ഹരിദാസിനെ പരിചയമില്ലെന്ന് അഖില്‍ സജീവ് പറഞ്ഞതിന് പിന്നാലെയാണ് ഹരിദാസ് സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം, ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് കോഴ ചോദിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ മന്ത്രിയുടെ പഴ്സനല്‍സ്റ്റാഫ് അംഗത്തിന്റെ പരാതി ലഭിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 

നിലവില്‍ ഒരു പരാതി മാത്രമാണ് ലഭിച്ചത്. അത് ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു നല്‍കിയ പരാതിയാണ്. മകന്റെ ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപണം ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസിന്റെ പരാതി ലഭിച്ചിട്ടില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം നല്‍കിയ പരാതിയില്‍ അഖില്‍ മാത്യുവിനെ വിളിപ്പിച്ച് മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ ആര്‍ക്കെതിരെയും കുറ്റാരോപണം ഇല്ല. ഹരിദാസ് എന്ന ആള്‍ പണം നല്‍കി എന്നതാണ് പൊലീസിന് ലഭിച്ച പ്രഥമ വിവരം. അതിന്റെ പുറത്ത് അന്വേഷണം തുടങ്ങണം. ഹരിദാസിന്റെ മൊഴിയെടുക്കണം. ഹരിദാസുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഹരിദാസിന്റെ പരാതി പൊലീസിന് ലഭിച്ചിട്ടില്ല. മാധ്യമങ്ങള്‍ വഴിയുള്ള ഹരിദാസിന്റെ വേര്‍ഷനുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഒരു ടീമിനെ അവിടേയ്ക്ക് അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശദമായ മൊഴിയെടുക്കേണ്ടതുണ്ടെന്നും സി എച്ച് നാഗരാജു പറഞ്ഞു.

തട്ടിപ്പ് കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തില്‍ മാത്രമേ ഇതില്‍ ആര്‍ക്കൊക്കെ പങ്കാളിത്തം ഉണ്ട് എന്ന് വ്യക്തമാകുകയുള്ളൂ. ഹരിദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു കേസ് എടുക്കേണ്ടതില്ല. നിലവില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകും. ആര്‍ക്ക് പണം കൊടുത്തു?, ആരാണ് പണം നല്‍കിയത് തുടങ്ങി വിവിധ കാര്യങ്ങളാണ് അന്വേഷിക്കുക. നിയമനം നേടുന്നതിന് നിലവില്‍ ഒരു രീതിയുണ്ട്. പണം കൊടുത്ത് നിയമനം നേടാന്‍ ശ്രമിക്കുന്നത് ഒരു കുറുക്കുവഴിയാണ്. അത് അഴിമതിയാണ്. എങ്കിലും ആരാണ് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങാന്‍ ശ്രമിച്ചത് അടക്കം സത്യാവസ്ഥ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇവിടെ ഒരു ഓണ്‍ലൈന്‍ ഇടപാട് നടന്നിട്ടുണ്ട്. അതുകൊണ്ട് തെളിവുണ്ട്. കൂടുതല്‍ അന്വേഷിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും എന്നും കമ്മീഷണര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com