അരിക്കൊമ്പനെ കാടുമാറ്റിയേ തീരൂ; വിദഗ്ധ സമിതി നിര്‍ദേശം യുക്തിസഹം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

By സമകാലിക മലയാളം ഡെസ്ക്  |   Published: 17th April 2023 11:46 AM  |  

Last Updated: 17th April 2023 11:46 AM  |   A+A-   |  

arikkomban

അരിക്കൊമ്പൻ/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അരിക്കൊമ്പന്റെ കാടുമാറ്റവുമായി ബന്ധപ്പെട്ട വിദഗ്ധസമിതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 

കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത് ആരാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. വിദഗ്ധ സമിതിയാണ് ഇത്തരമൊരു ശുപാര്‍ശ നല്‍കിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് വിദഗ്ധസമിതിയെ സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കിയ ചീഫ് ജസ്റ്റിസ്, വനംവകുപ്പിന്റെ ഉന്നതരും സമിതിയില്‍ ഉള്ളകാര്യം ചൂണ്ടിക്കാണിച്ചു. 

വിദഗ്ധ സമിതിയുടെ നിര്‍ദേശം യുക്തിസഹമാണ്. സമിതി നിര്‍ദേശത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആനയെ മറ്റൊരിടത്തേക്ക് മാറ്റണമെങ്കില്‍ പിടികൂടേണ്ടേയെന്ന് കോടതി ചോദിച്ചു. 

ആക്രമണകാരിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രാദേശികമായി പ്രതിഷേധമുണ്ടെന്നും, അതിനാല്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ കോടനാട് പാര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീംകോടതി തള്ളി. വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം അരിക്കൊമ്പനെ ഇടുക്കിയില്‍ നിന്നും പറമ്പിക്കുളത്തേക്ക് മാറ്റാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ട്രെയിന്‍ തീവെയ്പ് : ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായം ലഭിച്ചു; നാലുപേര്‍ നിരീക്ഷണത്തില്‍; ഷൊര്‍ണൂരില്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ