നിയന്ത്രണം വിട്ട കാര്‍ മതിലിലേക്ക് പാഞ്ഞുകയറി, ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി; തിരുവനന്തപുരത്ത് രണ്ടു അപകടങ്ങളിലായി മൂന്ന് മരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 01:16 PM  |  

Last Updated: 13th February 2023 01:16 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു. വെഞ്ഞാറമൂട് വേളാവൂരില്‍ മറ്റൊരു കാറില്‍ തട്ടിയതിനുശേഷം നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി കാറില്‍ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു. കൊല്ലം ചടയമംഗലം പോരേടം എ കെ മന്‍സിലില്‍ അസീഫ ബീവിയാണ് മരിച്ചത്. കാര്‍ ഓടിച്ച ഭര്‍ത്താവ് അബ്ദുല്‍ കരീമിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കളാണ് മരിച്ചത്.

ആശുപത്രി ആവശ്യങ്ങള്‍ക്കായാണ് ചടയമംഗലത്ത് നിന്നു രാവിലെ വേളാവൂരില്‍ അപകടത്തില്‍ മരിച്ച അസീഫ ബീവിയും കുടുംബവും കാറില്‍ തിരുവനന്തപുരത്തേക്കു പുറപ്പെട്ടത്. ഭാര്യയെ ആശുപത്രിയില്‍ കാണിക്കാന്‍ കൊണ്ടുപോകുന്നു എന്നാണ് അബ്ദുല്‍ കരീം അപകടത്തിനുശേഷം പറഞ്ഞത്. വേളാവൂര്‍ ആളുമാനൂര്‍ ഉത്തമത്തില്‍ ഹരിപ്രസാദിന്റെ വീട്ടിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത്. 

ഇടിയുടെ ആഘാതത്തില്‍  മുന്‍വശത്തെ മതില്‍ പൂര്‍ണമായും തകര്‍ന്നു. പത്തനംതിട്ടയില്‍ നിന്നു വെഞ്ഞാറമൂട്ടിലേക്കു പോവുകയായിരുന്ന മറ്റൊരു കാറില്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്കു ഇടിച്ചു കയറുകയായിരുന്നു. 

നെയ്യാറ്റിന്‍കരയില്‍ ഉണ്ടായ അപകടത്തില്‍ വട്ടിയൂര്‍കാവ് പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളായ ആറാലുംമൂട് സ്വദേശി വിഷ്ണു (22), വടകോട് സ്വദേശി ഗോകുല്‍ കൃഷ്ണ (23) എന്നിവരാണ് മരിച്ചത്. കാറിലിരുന്ന ഒരാളിന് ഗുരുതരമായി പരിക്കേറ്റു. 

നെയ്യാറ്റിന്‍കര മൂന്ന് കല്ല്മൂട്ടിലെ പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം നടന്നത്. പൊളിടെക്‌നിക്കിലെ പ്രോഗ്രാം കഴിഞ്ഞ് വരുന്ന വഴി പുലര്‍ച്ചെയാണ് അപകടം നടന്നത്. നെയ്യാറ്റിന്‍കര ഭാഗത്തുനിന്നു വന്ന കാര്‍ പെട്രോള്‍ അടിക്കാനായി പമ്പിലേക്കു കയറുമ്പോള്‍ അമിത വേഗത്തില്‍ എത്തിയ  ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി, കയ്യോടെ പൊക്കി പൊലീസ്; ബന്ധുവിന് 25,000 രൂപ പിഴ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ