"ഈ പേക്കൂത്ത് പ്രതിഷേധാർഹം, മുഖ്യമന്ത്രിയുടെ സഞ്ചാരമാണ് കേരളത്തിൽ നിരോധിക്കേണ്ടത്": വിമർശനവുമായി കെ സുധാകരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 08:37 PM  |  

Last Updated: 19th February 2023 08:37 PM  |   A+A-   |  

sudhakaran

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ / ഫോട്ടോ: എക്‌സ്പ്രസ്‌

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിമർശനം. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ പ്രവർത്തകരെയും നേതാക്കളെയും അനധികൃതമായി കരുതൽ തടങ്കലിലെടുക്കുന്നതിനെതിരെയും സുധാകരൻ പ്രതികരിച്ചു. ഇതിനെതിരെ കോൺഗ്രസ് നിയമ നടപടി സ്വീകരിക്കും. പൊതുജനത്തെ വഴിയിൽ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലടച്ചും മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാർഹമാണ്, അദ്ദേഹം പറഞ്ഞു. 

സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉൾപ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേൽ സംസ്ഥാന ഭരണകൂടം കടന്നുകയറുകയാണെന്നും ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധം ഒരു കുറ്റകൃത്യമല്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ സങ്കുചിത താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആരെയെങ്കിലും തുറുങ്കിലടയ്ക്കാൻ നിയമത്തിൽ പറയുന്നില്ല. 151 സിആർപിസി വകുപ്പ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസ് ദുരുപയോഗം ചെയ്യുകയാണ്. കേരള സമൂഹത്തിന് മുഴുവൻ ഭീഷണിയായി ജനത്തെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരമാണ് കേരളത്തിൽ നിരോധിക്കേണ്ടത്. 

കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പുരുഷൻമാരെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയാണ്. നാടുനീളെ കരിങ്കൊടി പ്രതിഷേധം നടത്തിയ സിപിഎമ്മിന്റെ മുഖ്യമന്ത്രിയുടെ കറുപ്പ് പേടി കാരണം നാട്ടിൽ മുസ്ലീം സ്ത്രീകൾക്ക് പറുദയും തട്ടവും ധരിക്കാൻ കഴിയുന്നില്ല. സമരങ്ങൾ നടത്തിയ പാരമ്പര്യത്തിന്റെ മേന്മ വിളമ്പുന്ന സിപിഎമ്മിനും മുഖ്യമന്ത്രിക്കും എന്നു മുതലാണ് പ്രതിഷേധങ്ങളോട് ഇത്രയും പുച്ഛം ഉണ്ടായത്. ഭീരുവായ മുഖ്യമന്ത്രിയുടെ സേച്ഛാധിപത്യ നടപടികളെ കോൺഗ്രസ് നിയമപരമായി ചോദ്യം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു, യുവമോർച്ചാ പ്രവർത്തകർ കസ്റ്റഡിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ