കെഎസ്ആര്‍ടിസിയില്‍ വിആര്‍എസ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല; ഗതാഗതമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2023 11:50 AM |
Last Updated: 25th February 2023 12:16 PM | A+A A- |

ഗതാഗതമന്ത്രി ആന്റണി രാജു/ ഫെയ്‌സ്ബുക്ക്
പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചകളും ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
'ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റോ സര്‍ക്കാരോ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യൂണിയനുകളുമായി ഇത്തരമൊരു ആശയവിനിമയം സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടില്ല. ഇത് കാലാകാലങ്ങളില്‍ ധനവകുപ്പ് പലവകുപ്പുകളുമായി സാമ്പത്തിക സഹായത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളാണ്. ഇങ്ങനെ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല'- മന്ത്രി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നേരത്തെ കെഎസആര്‍ടിസിയോട് നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിക്ക് പ്രാഥമികമായ റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നല്‍കിയിരുന്നു. അന്‍പത് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കാം എന്നതാണ് ഒരു പ്രധാനനിര്‍ദേശം. ഇതിനായി 7200 പേരുടെ പട്ടിക മാനേജ്മെന്റ് തയ്യാറാക്കിയിരുന്നു.
ഒരാള്‍ക്ക് കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ അന്‍പത് ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍.
വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കെഎസ്ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്; 7200 പേരുടെ പട്ടിക തയ്യാറാക്കി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ