വരാപ്പുഴയില്‍ നിന്നും കാണാതായ ചന്ദ്രനും കുടുംബവും മനുഷ്യക്കടത്തില്‍പ്പെട്ടു?; ശ്രീലങ്കന്‍ പൗരന്മാര്‍ക്കൊപ്പം മുനമ്പത്തു നിന്നും പോയെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2023 01:10 PM  |  

Last Updated: 05th January 2023 01:10 PM  |   A+A-   |  

chandran

ചന്ദ്രന്റെ പണി പൂര്‍ത്തിയാകാത്ത വീട്/ ടിവി ദൃശ്യം

 

കൊച്ചി: വരാപ്പുഴയില്‍ നിന്നും കാണാതായ തമിഴ്‌നാട് സ്വദേശി ചന്ദ്രനും കുടുംബവും മനുഷ്യക്കടത്തില്‍പ്പെട്ടെന്ന് പൊലീസ്. മൂന്നുവര്‍ഷം മുമ്പ് മുനമ്പത്തു നിന്നും പോയ സംഘത്തില്‍ ഇവരും ഉള്‍പ്പെട്ടതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. ശ്രീലങ്കന്‍ പൗരന്മാര്‍ അടക്കം 240 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മൂന്നുവര്‍ഷമായിട്ടും ഇവരെപ്പറ്റി കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

തമിഴ്‌നാട് തിരുവേര്‍ക്കാട് സ്വദേശി ചന്ദ്രനും ഭാര്യ കണ്ണകിയും വസ്ത്രവ്യാപാരത്തിനായിട്ടാണ് എറണാകുളത്ത് എത്തിയത്. തുടര്‍ന്നാണ് ഇവര്‍ വരാപ്പുഴയില്‍ ഏഴ് സെന്റ് ഭൂമി വാങ്ങി വീടുപണി തുടങ്ങി. വീടിന്റെ നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയാകുകയും ചെയ്തിരുന്നു. ഇവരുടെ ഒരു ഇന്നോവ കാറും ഇവിടെ കാടുകയറിക്കിടക്കുന്നുണ്ട്. 

ഇടക്കിടയ്ക്ക് വരാപ്പുഴയിലെത്തി വീടുപണിയുടെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്ന ഇവരെ 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷം ഒരു തവണ മാത്രമാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തിലും ഇവരെ കണ്ടെത്താനായില്ല. ഭൂമി വാങ്ങുന്ന സമയത്ത് നല്‍കിയ വോട്ടര്‍ ഐഡിയുടെ ഫോട്ടോ കോപ്പിയിലെ അഡ്രസ് വെച്ച് നാട്ടുകാര്‍ സ്വന്തം നിലയിലും അന്വേഷണം നടത്തിയിരുന്നു. 

ഇതിനിടെയാണ് ചന്ദ്രനും കൂടുബവും മനുഷ്യക്കടത്തില്‍പ്പെട്ടതായി പൊലീസ് സൂചിപ്പിക്കുന്നത്. 2020 ജനുവരി ഒന്നിന് മുനമ്പത്തു നിന്നും മത്സ്യബന്ധന ബോട്ടില്‍ വിദേശത്തേക്ക് കടന്ന സംഘത്തില്‍ 240 പേരടങ്ങുന്ന സംഘത്തില്‍ ചന്ദ്രനും കുടുംബവും ഉള്‍പ്പെട്ടതായാണ് എറണാകുളം റൂറല്‍ പൊലീസ് സ്ഥിരീകരിച്ചത്. ഇവരുടെ അടുത്തബന്ധുക്കളായ 30 ഓളം പേരും ബോട്ടില്‍ ഉണ്ടായിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. മുനമ്പത്തു നിന്നും പോയ സംഘത്തെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായത്തോടെ, കേന്ദ്രസര്‍ക്കാര്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ എത്തിയിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പണിമുടക്ക് നിയമവിരുദ്ധം; പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ