ഭക്ഷണത്തില്‍ വിഭാഗീയത വേണ്ട; നോണ്‍ വെജ് ആവശ്യപ്പെട്ടത് ഇടതുകേന്ദ്രങ്ങള്‍; സര്‍ക്കാരിന്റെ ലക്ഷ്യം സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കല്‍;  മുസ്ലീം ലീഗ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2023 11:54 AM  |  

Last Updated: 09th January 2023 11:54 AM  |   A+A-   |  

school_fest_food

സ്‌കൂള്‍ കലോത്സവ പന്തലില്‍ വച്ച് ഭക്ഷണം കഴിക്കുന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി/ ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: കേരള സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം നിര്‍ഭാഗ്യകരമാണെന്ന് മുസ്ലീം ലീഗ്. ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയത് സര്‍ക്കാരാണ്. വര്‍ഷങ്ങളായി സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സജീവമായ ഊട്ടുപുര പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇക്കാലം വരെ അതേച്ചൊല്ലി ഒരു വിവാദം ഉണ്ടായിട്ടില്ല. എന്നാല്‍ പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തില്‍ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നത് ഇടത് കേന്ദ്രങ്ങളില്‍നിന്നാണെന്നും ലീഗ് നേതാവ് കെപിഎ മദീദ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഇല്ല. ഇത് അപ്രായോഗികവുമാണ്. ഒരേ പന്തിയില്‍ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകള്‍ എന്നതും ശരിയായ കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചര്‍ച്ച ചെയ്യാതെ ഇനി നോണ്‍ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ലെന്നും കുറിപ്പില്‍ പറയുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം

കേരള സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം നിര്‍ഭാഗ്യകരമാണ്. ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനുമാണ്. വര്‍ഷങ്ങളായി സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സജീവമായ ഊട്ടുപുര പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇക്കാലം വരെ അതേച്ചൊല്ലി ഒരു വിവാദം ഉണ്ടായിട്ടില്ല. എന്നാല്‍ പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തില്‍ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നത് ഇടത് കേന്ദ്രങ്ങളില്‍നിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിക്കുകയായിരുന്നു. 
വെജിറ്റേറിയന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും കഴിക്കാവുന്നതാണ്. അതേസമയം നോണ്‍ വെജിറ്റേറിയന്‍ താല്‍പര്യമില്ലാത്തവര്‍ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഇല്ല. ഇത് അപ്രായോഗികവുമാണ്. ഒരേ പന്തിയില്‍ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകള്‍ എന്നതും ശരിയായ കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചര്‍ച്ച ചെയ്യാതെ ഇനി നോണ്‍ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. 
മതത്തിന്റെയും ജാതിയുടെയും പേരില്‍ ചേരിതിരഞ്ഞ ചര്‍ച്ചകള്‍ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂ. 
സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ചര്‍ച്ചക്ക് തുടക്കമിട്ടത്. 
ഭക്ഷണത്തില്‍ വിഭാഗീയത വേണ്ട. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അഞ്ജുശ്രീയുടേത് ആത്മഹത്യ; ഫോണില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചു; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ