അമൃത ആശുപത്രി രജതജൂബിലി; അമിത്ഷാ ഉദ്ഘാടനം ചെയ്യും, 65 കോടിയുടെ സൗജന്യ ചികിത്സാപദ്ധതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2023 10:09 AM  |  

Last Updated: 01st June 2023 10:10 AM  |   A+A-   |  

Amit-Shah-

ഫയല്‍ ചിത്രം

കൊച്ചി: അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതി പ്രഖ്യാപിച്ചു. ഞായറാഴ്‌ച വൈകിട്ട് നാല് മണിയോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. എല്ലാവർഷവും നടപ്പാക്കി വരുന്ന 40 കോടിയുടെ ചികിത്സാപദ്ധതിക്ക് പുറമെ ഇത്തവണ 25 കോടിയുടെ പദ്ധതി കൂടി നടപ്പാക്കും.

കൊച്ചിയിലും അമൃതപുരിയിലും തുടങ്ങുന്ന രണ്ട് റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത്ഷാ നടത്തും. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ ആരോഗ്യമന്ത്രി വീണ ജോർജ് പ്രകാശനം ചെയ്യും. വൃക്ക, കരൾ, മജ്ജ, മുട്ട് മാറ്റിവയ്ക്കൽ, ഗൈനക്കോളജി ചികിത്സകൾ തുടങ്ങിയവ ഇത്തവണത്തെ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി അടുത്ത രണ്ടു ദിവസങ്ങളിൽ നടക്കുന്ന കലാ-സാംസ്കാരിക പരിപാടികളിൽ 20-25 വർഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, വിരമിച്ചവർ എന്നിവരെ ആദരിക്കും.

1998 മേയ് 17ന് ലാണ് അമൃത ആശുപത്രി പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയി ഉദ്ഘാടനം ചെയ്യുന്നത്.  800 കിടക്കകൾ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ 1,300ലേറെ കിടക്കകളും എല്ലാവിധ നൂതന ചികിത്സാസംവിധാനങ്ങളുമുണ്ട്. 31 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 670 ഫാക്കൽറ്റി അംഗങ്ങൾ, 24 മണിക്കൂർ ടെലിമെഡിസിൻ സേവനം എന്നിവയുണ്ട്. ഇതുവരെ രണ്ടുകോടിയോളം പേർ ചികിത്സ തേടിയതായി മാതാ അമൃതാനന്ദമയീമഠം വൈസ് ചെയർമാനും അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, ഡോ. ആർ കൃഷ്ണകുമാർ, ഡോ. പ്രിയ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കണ്ണൂരില്‍ ട്രെയിനില്‍ തീപിടിത്തം, ബോഗി കത്തിനശിച്ചു; അട്ടിമറി സംശയിച്ച് റെയില്‍വേ പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ