"എൻറെ ഭർത്താവ് അന്ധനല്ല, കൈക്കുഞ്ഞുമായല്ല പാട്ട് പാടുന്നത്"; പ്രചരിക്കുന്ന കഥ തെറ്റാണെന്ന് തെരുവുഗായിക ഫൗസിയ 

വർഷങ്ങളായി പാട്ടുപാടിയാണ് ജീവിക്കുന്നതെന്നും പോത്തുകല്ലിൽ പാട്ടുപാടുന്നതിനിടെ പരിസരത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടി ആതിര പാടട്ടെ എന്ന് ചോദിച്ച് വരികയായിരുന്നെന്നും ഫൗസിയ പറഞ്ഞു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

മലപ്പുറം: റോഡരികിൽ പാട്ട് പാടി ക്ഷീണിച്ച ഉമ്മയെ സഹായിക്കാൻ ഓടിയെത്തിയ പത്താം ക്ലാസുകാരിയുടെ വിഡിയോ കാണാത്തവരുണ്ടാകില്ല. പാട്ടു വണ്ടിയുടെ ഉടമ ഫൗസിയയെ സഹായിക്കാനാണ് ആതിര എന്ന പെൺകുട്ടി മൈക്ക് വാങ്ങി പാടിയത്. എന്നാൽ ഈ വിഡിയോകൾ പ്രചരിക്കുമ്പോൾ അതിൽ തന്നേക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് പറയുകയാണ് ഫൗസിയ. 

"അന്ധനായ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ചികിത്സ സഹായം തേടി തെരുവിൽ പാട്ടുപാടുന്നവളാണ് ഞാൻ എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഞാൻ കിടപ്പുരോഗിയാണ് എന്നൊക്കെയാണ് പ്രചാരണം. എൻറെ ഭർത്താവ് അന്ധനല്ല. കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്. നാല് വയസുള്ള മകനാണ് എൻറെ ഒപ്പമുള്ളത്. എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ചികിത്സ സഹായം തേടി ഞാൻ പാട്ടുപാടാറില്ല"ഫൗസിയ പറഞ്ഞു. 

വർഷങ്ങളായി താൻ പാട്ടുപാടിയാണ് ജീവിക്കുന്നതെന്നും പോത്തുകല്ലിൽ പാട്ടുപാടുന്നതിനിടെ പരിസരത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടി ആതിര പാടട്ടെ എന്ന് ചോദിച്ച് വരികയായിരുന്നെന്നും ഫൗസിയ പറ‍ഞ്ഞു. "ആതിര പാടട്ടെ എന്ന് ചോദിച്ചു. അവർക്ക് അവസരം കൊടുത്തു. അവൾ പാടിയ പാട്ട് വൈറലായി. അതിൽ സന്തോഷമേയുള്ളൂ. ഇതോടനുബന്ധിച്ച് യൂട്യൂബ് ചാനലുകളിലും മറ്റും പ്രചരിക്കുന്ന കഥ തെറ്റാണ്. ചികിത്സാ സഹായം തേടി ഞാൻ പാട്ടുപാടി ക്ഷീണിതയായപ്പോൾ ആതിര വന്നു പാടി സഹായിച്ചു, അന്ധനായ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഞാൻ പാടുകയായിരുന്നു എന്നെല്ലാമാണ് പ്രചരിപ്പിക്കുന്നത്. ചില യൂട്യൂബ് ചാനലുകാർ ആതിരയെകൊണ്ട് തെറ്റായ കാര്യങ്ങൾ പറയിക്കുന്നുമുണ്ട്. ഇത് തിരുത്തണമെന്നാവശ്യപ്പെടുമ്പോൾ യൂട്യൂബുകാർ ഭീഷണിപ്പെടുത്തുകയാണ്", ഫൗസിയ പറഞ്ഞു. 

തെരുവിൽ പാട്ടുപാടുമ്പോൾ അന്ധനായ ഭർത്താവ് എവിടെ എന്നാണ് ആളുകൾ ചോദിക്കുന്നതെന്നും ഇവർ പറഞ്ഞു. "ഞാൻ കള്ളം പറയുന്നു എന്നാണ് ആളുകൾ ​വിചാരിക്കുന്നത്. എനിക്ക് ഇതു കാരണം തെരുവിൽ പിന്തുണ കിട്ടുന്നില്ല", ഫൗസിയ പറ‍ഞ്ഞു. തെറ്റായ പ്രചാരണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ ഫൗസിയ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com