കരാട്ടെ ബ്ലാക്ക് ബെൽറ്റുകാരിയോടാ കളി! അക്രമിയുടെ തലയ്ക്ക് തേങ്ങ കൊണ്ടടിച്ച് തുരത്തി പ്ലസ് വൺകാരി, താരമായി അനഘ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st March 2023 09:13 AM |
Last Updated: 01st March 2023 09:19 AM | A+A A- |

പ്രതീകാത്മക ചിത്രം
വീട്ടിൽ മക്കളെ തനിച്ചാക്കി പോകുമ്പോൾ വാതിൽ അടച്ച് അകത്തുതന്നെയിരിക്കണമെന്ന് അച്ഛനും അമ്മയുമൊക്കെ പറയാറുണ്ട്. ഇങ്ങനെ അമ്മയും അച്ഛനും വീട്ടിൽ നിന്നിറങ്ങിയതിനു പിന്നാലെ അടുക്കള വാതിൽ പൂട്ടാൻ ചെന്ന അനഘ പക്ഷെ അപ്രതീക്ഷിതമായി ഒരു ഏറ്റുമുട്ടൽ നടത്തേണ്ടിവന്നു. വീടിനുള്ളിൽ കയറി ആക്രമിക്കാനെത്തിയ ആളെ കരാട്ടെയും ധൈര്യവും കൊണ്ട് നേരിടുകയായിരുന്നു ഈ പ്ലസ് വൺ വിദ്യാർഥിനി.
തൃപ്പൂണിത്തുറയിലുള്ള പറപ്പിള്ളി റോഡ് ശ്രീനിലയത്തിൽ അനഘയാണ് ആത്മധൈര്യത്തോടെ അക്രമിയോട് പൊരുതിയത്. രാവിലെ 7.30ന് അടുക്കള വാതിൽ പൂട്ടാൻ ചെന്നപ്പോഴാണ് വാതിലിനു പിന്നിൽ പതുങ്ങിയ അക്രമിയുടെ നിഴൽ അനഘ കണ്ടത്. ആദ്യമൊന്ന് പകച്ച അനഘയെ വീട്ടിൽ നിന്നെടുത്ത കത്തിയുമായി അക്രമി നേരിട്ടു. രണ്ട് തവണ കഴുത്തനുനേരെ കത്തി വീശിയെങ്കിലും പിന്നോട്ടുമാറ് അനഘ രക്ഷപ്പെട്ടു. അക്രമിയെ കൈകൊണ്ട് തടയാൻശ്രമിച്ചപ്പോൾ കൈയിൽ മുറിവേറ്റു.
അക്രമി അനഘയുടെ വാ പൊത്തിപ്പിടിച്ച് ശ്വാസമുട്ടിച്ചപ്പോഴാണ് കരാട്ടെ ബ്ലാക്ക് ബെൽറ്റുകാരി ഉണർന്നത്. പിന്നെ അക്രമിയുടെ അടിവയറിലേക്കു മുട്ടുകൊണ്ടു ചവിട്ടി അടുത്തുണ്ടായിരുന്ന തേങ്ങ എടുത്ത് അയാളുടെ തലയിൽ അടുച്ചു. ഇതോടെ മതിൽ ചാടി അക്രമി സ്ഥലം കാലിയാക്കി.
ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി രണ്ടു ദിവസമായി പരിസരപ്രദേശങ്ങളിൽ കറങ്ങി നടക്കുന്നുണ്ടെന്നാണു വിവരം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ