കരിയർ ബ്രേക്കിന് ഫുൾ സ്റ്റോപ്പ്, ഇനി തിരികെ ജോലിയിലേക്ക്; ‘തൊഴിലരങ്ങത്തേക്ക്’ ഒരു ലക്ഷത്തിലേറെ വനിതകൾ രജിസ്റ്റർ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 09:18 AM  |  

Last Updated: 03rd March 2023 09:18 AM  |   A+A-   |  

job

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തൊഴിലുപേക്ഷിച്ച് വീട്ടിൽ ഒതുങ്ങിപ്പോയ കേരളത്തിലെ 1,20,772 വനിതകൾ തിരികെ ജോലിയിൽ പ്രവേശിക്കാൻ രജിസ്റ്റർ ചെയ്തു. കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടലിലാണ് ഇവർ രജിസ്റ്റർ ചെയ്തത്. ജോലി ഉപേക്ഷിച്ച് ആറ് മാസം മുതൽ ഒൻപത് വർഷം വരെ ആയവർ ഇക്കൂട്ടത്തിലുണ്ട്. 

സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘തൊഴിലരങ്ങത്തേക്ക്’ എന്ന പദ്ധതിയിലൂടെ രജിസ്ട്രേഷനെടുത്ത വനിതകൾക്ക് ജോലി ലഭ്യമാക്കാനുള്ള ശ്രമത്തിലാണു നോളജ് ഇക്കോണമി മിഷൻ. കുടുംബശ്രീയുമായി ചേർന്ന് നടത്തിയ സർവേയിൽ 53ലക്ഷം തൊഴിൽ അന്വേഷകരുണ്ടെന്നാണ് കണ്ടെത്തിയത്. ഇവരിൽ 58 ശതമാനം സ്ത്രീകളാണ്. തൊഴിൽ അന്വേഷകരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കുടുംബശ്രീയുമായി ചേർന്ന് തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതി ആസൂത്രണം ചെയ്തത്. കേരള നോളജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യൂഎംഎസ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത രജിസ്റ്റർ ചെയ്യുന്ന സ്ത്രീകൾക്ക് വിവിധ പരിശീലനങ്ങൾ നൽകി തൊഴിൽ മേഖലകളിൽ എത്തിക്കാനാണ് പദ്ധതി. തുടർന്നുള്ള ഘട്ടത്തിൽ സ്ത്രീകൾക്ക് കെഎഎസ്ഇ, അസാപ് തുടങ്ങിയ ഏജൻസികൾ വഴി തൊഴിലവസരങ്ങളും തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു.

ജോലി ലഭിച്ചാൽ പോകാൻ താൽപര്യപ്പെടുന്നെന്ന് 19നും 59നും ഇടയിൽ പ്രായമുള്ള 31 ലക്ഷം സ്ത്രീകളാണ് സർവേയിൽ അറിയിച്ചത്. ഇക്കൂട്ടത്തിൽ 41 വയസ്സിൽ താഴെയുള്ള 21 ലക്ഷം പേരുണ്ട്. ഇവരിൽ ഏഴ് ലക്ഷം പേരാണു ജോലി തേടി പോർട്ടലിൽ റജിസ്റ്റർ ചെയ്തത്. ഇക്കൂട്ടത്തിലെ 1,20,772 പേർ കരിയർ ബ്രേക്ക് സംഭവിച്ചവരാണ്. സംസ്ഥാനത്താകെ കരിയർ ബ്രേക്ക് സംഭവിച്ച അഞ്ച് ലക്ഷത്തോളം സ്ത്രീകൾ ഉണ്ടെന്നാണ് സർവേയിൽ കണ്ടെത്തിത്. നഗരങ്ങളിൽ താമസിക്കുന്ന തൊഴിൽരഹിതരായ സ്ത്രീകളിൽ പകുതിയിലേറെയും ദിവസം ഒരുതവണ പോലും വീട്ടിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്തവരാണെന്നു ഡൽഹി ഐഐടിയിൽ നിന്നുള്ള പഠന റിപ്പോർട്ടും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വൈദ്യുതി ബില്‍ 60,000 മുതല്‍ 87,000 വരെ, ഞെട്ടി ഉപഭോക്താക്കള്‍, റീഡിങ്ങിലെ പിശകെന്ന് കെഎസ്‌ഇബി, അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌