'വിഐപി പ്രതികള്‍; കാമുകിയുമായി സല്ലപിക്കാന്‍ ആറ് മണിക്കൂര്‍ അനുവദിച്ചു; കൊല്ലിച്ചവരെയും പിടിക്കണം'

By സമകാലികമലയാളം ഡെസ്ക്  |   Published: 03rd March 2023 11:25 AM  |  

Last Updated: 03rd March 2023 11:25 AM  |   A+A-   |  

sidhique

ടി സിദ്ധിഖ് നിയമസഭയില്‍ സംസാരിക്കുന്നു

 

തിരുവനന്തപുരം: എടയന്നൂര്‍ ഷുഹൈബിന്റെ കൊലപാതകം പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടാണ് നടത്തിയതെന്ന, കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍, ടി സിദ്ദിഖിന്റെ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഷുഹൈബ് കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

ജന്മി കുടിയാന്‍ സമരവും അതിന്റെ ഭാഗമായ നെല്ലുവാരല്‍ സമരവും ധീരരക്തസാക്ഷികളും പിറന്ന തില്ലങ്കേരിയില്‍ വീണ്ടും ഒരുപോരാട്ടം നടക്കുകയാണെന്ന് സിദ്ധിഖ് പറഞ്ഞു. അത് ജന്മിയും കുടിയാനും തമ്മിലുള്ള പോരാട്ടമല്ല. കൊല ചെയ്തവനും അവരെ കൊല ചെയ്യിക്കുന്നവനും തമ്മിലുള്ള പോരാട്ടമാണ്. 2018 ഫെബ്രുവരി 12 ന് ഷുഹൈബിനെ അതിഭീകരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലാന്‍ അയച്ചവരെ കുറിച്ച് വ്യക്തത എല്ലാവര്‍ക്കും ഉണ്ട്. 11 പ്രതികളില്‍ എല്ലാവരും സിപിഎം പ്രവര്‍ത്തകരാണെന്നും സിദ്ധിഖ് പറഞ്ഞു.

ആകാശ് തില്ലേങ്കരിയുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നാണ് പറയുന്നത്. ക്വട്ടേഷന്‍ ഏറ്റെടുത്ത പ്രതി തന്നെ കൊണ്ട് ചെയ്യിച്ചതാണെന്ന് പറഞ്ഞാല്‍ അതില്‍പ്പരം എന്തു തെളിവാണ് വേണ്ടതെന്നും സിദ്ധിഖ് ചോദിച്ചു. ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിനു മുന്‍പ് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം. കുട്ടിയെ സ്‌കൂളില്‍നിന്ന് പുറത്താക്കുന്നതിനു മുന്‍പ് പിതാവിനോട് പറയുന്നതുപോലെയായി പോയി ഇതെന്നു സിദ്ദിഖ് പറഞ്ഞു. ആകാശിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് സഭയില്‍ സിദ്ധിഖ് വായിക്കുകയും ചെയ്തു.

ഇവര്‍ വിഐപി പ്രതികളാണ്. ഇവര്‍ക്ക് നിയമപരമായ സഹായം മാത്രമല്ല ലഭിച്ചത്. ഇവര്‍ ജയിലില്‍ പോയപ്പോള്‍ ഒന്നാം പ്രതിക്ക് കാമുകിയുമായി സല്ലപിക്കാന്‍ ആറ് മണിക്കൂര്‍ ആഭ്യന്തരവകുപ്പ് സൗകര്യം ഒരുക്കിയത് വിഐപിയായതുകൊണ്ടല്ലേ?. ഷുഹൈബിനെ കൊല്ലാനെത്തിയ കാറില്‍ പ്രതികള്‍ പാപ്പിനിശേരിയില്‍ നിന്നെത്തിയവരാണ്. എന്തുകൊണ്ടാണ് വാഹനത്തിന്റെ ഉടമയെയും വാടകയ്ക്ക് എടുത്തയാളെയും കേസില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും സിദ്ധിഖ് ചോദിച്ചു. 

ഷുഹൈബ് വധക്കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് തലശേരി കോടതിയുടെ പരിഗണനയിലാണ്. ഒരു ലക്ഷം ഫോണ്‍ കോളുകള്‍ ശേഖരിച്ചു. കുറ്റപത്രത്തില്‍ 17 പേരാണ് പ്രതികള്‍. ഗൂഢാലോചന നടത്തിയവരെ അന്വേഷണസംഘം പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയനിറം നോക്കിയായിരുന്നില്ല അന്വേഷണം. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമേയ നോട്ടീസില്‍ കാതലായി ഒന്നുമില്ല. കുറ്റം ചെയ്തവര്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വകീരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ സമീപനം. എന്നാല്‍ തെറ്റുചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല പാര്‍ട്ടി സ്വീകരിക്കുന്നത്. പാര്‍ട്ടിയില്‍ തെറ്റുചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ ആവരെ തിരുത്താന്‍ ശ്രമിക്കും. തിരുത്താന്‍ ആവുന്നില്ലെങ്കില്‍ നടപടിയിലേക്ക് കടക്കും. പാര്‍ട്ടിക്കകത്ത് വരുന്നവര്‍ എല്ലാവരും എല്ലാ തെറ്റുകള്‍ക്കും അതീതരാണെന്ന് പറയാന്‍ പറ്റില്ല. മനുഷ്യസഹജമായ ദൗര്‍ബല്യം ചിലര്‍ക്കുണ്ടാവും. തെറ്റ് മറച്ചുവയ്ക്കാറില്ല. പൊറുക്കാറുമില്ല. മുഖം നോക്കാതെ നടപടിയുണ്ടാവും. പാര്‍ട്ടിക്ക് പുറത്തുപോയവര്‍ പാര്‍ട്ടിയെ ശത്രുതയോടെ കാണും. ക്രിമിനലുകളും ക്വട്ടേഷന്‍കാരും പ്രതിപക്ഷത്തിന് ചിലപ്പോള്‍ പ്രിയങ്കരരാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം പ്രതി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് മറ്റൊരു കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ജാമ്യം റദ്ദ് ചെയ്യുന്നതിനായി പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഷുഹൈബ് കേസ്  അന്വേഷണത്തില്‍ തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നോ അന്വേഷണത്തില്‍ പോരായ്മ ഉണ്ടെന്നോ ചൂണ്ടിക്കാട്ടി യാതൊരു പരാതിയും അന്വേഷണ ഉദ്യോദസ്ഥര്‍ക്ക്് ലഭിച്ചിട്ടില്ല. പ്രമേയത്തില്‍ പരാമര്‍ശിച്ച വിഷയം കോടതിയുടെ പരിഗണനയിലാണ്. ഈ വിഷയം സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഇതോടെ സ്പീക്കര്‍ അടിയന്തപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ഈ വാര്‍ത്ത കൂടി വായിക്കൂ 

വൈദ്യുതി ബില്‍ 60,000 മുതല്‍ 87,000 വരെ, ഞെട്ടി ഉപഭോക്താക്കള്‍, റീഡിങ്ങിലെ പിശകെന്ന് കെഎസ്‌ഇബി, അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌