തൃശൂരിലെ സദാചാര കൊലപാതകം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു; 8 പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; പൊലീസ് വീഴ്ച പരിശോധിക്കും

By സമകാലികമലയാളം ഡെസ്ക്  |   Published: 07th March 2023 05:05 PM  |  

Last Updated: 07th March 2023 05:05 PM  |   A+A-   |  

Aishwarya_Dongre_

റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റേ

 

തൃശൂര്‍: സദാചാര ആക്രമണത്തിന് ഇരയായി ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റേ പറഞ്ഞു. അറസ്റ്റ് വൈകുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമന്നും ഡോങ്‌റേ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
പ്രതികളിലൊരാളായ രാഹുല്‍ വിദേശത്ത് പോയതായും മറ്റ് പ്രതികള്‍ രാജ്യം വിടാതിരിക്കുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതായും ഡോങ്‌റേ പറഞ്ഞു. ഒരു വനിതാ സുഹൃത്തിനെ കാണാനെത്തിയതുമായി ബന്ധപ്പെട്ടാണ് മര്‍ദനം ഉണ്ടായതെന്നും കേസുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തും. ഒളിവില്‍ പോയ പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്നും ഡോങ്‌റെ പറഞ്ഞു.

ഫെബ്രുവരി പതിനെട്ടിനാണ് സദാചാര ഗുണ്ടകള്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മര്‍ദിച്ചത്. ചികിത്സയിയിലിരക്കെ ഇന്ന് ഉച്ചയോടെയാണ് സഹര്‍ മരിച്ചത്. കേസിലെ പ്രതികളെല്ലാം ഒളിവിലാണ്. സഹര്‍ അവിവാഹിതനായിരുന്നു.

തൃശൂര്‍  തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു മുപ്പത്തിരണ്ടുകാരനായ സഹര്‍. പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്റെ സുഹൃത്തെന്ന് പൊലീസ് പറയുന്നു. അര്‍ധരാത്രി ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് സഹര്‍ ഇവരുടെ വീട്ടിലെത്തിയത്. ഇതിനിടെ, വനിതാ സുഹൃത്തിന്റെ വീട്ടില്‍ അര്‍ധരാത്രി ചെന്നത് ചോദ്യംചെയ്യാന്‍ സദാചാര ഗുണ്ടകള്‍ എത്തുകയായിരുന്നു. 

സഹറിനെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കിയ ഇവര്‍ മര്‍ദ്ദിച്ചവശനാക്കി. കടുത്ത മര്‍ദ്ദനത്തില്‍ സഹറിന്റെ വൃക്കകള്‍ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷിനെ വെട്ടി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ