അപകടത്തിന് കാരണം അലക്ഷ്യമായ പറക്കല്‍, അഞ്ചാംമിനിറ്റില്‍ നിയന്ത്രണം നഷ്ടമായി; യാത്രക്കാരി നിലവിളിച്ചിട്ടും ഇറക്കിയില്ല, ഗുരുതര വീഴ്ചയെന്ന് എഫ്‌ഐആര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 10:34 AM  |  

Last Updated: 08th March 2023 10:34 AM  |   A+A-   |  

paragliding

പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌

 

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ രണ്ടുപേര്‍ കുടുങ്ങിയ സംഭവത്തിന് കാരണം പരിശീലകന്റെ അലക്ഷ്യമായ പറക്കല്‍ എന്ന് എഫ്‌ഐആര്‍. ഗ്ലൈഡിങ് തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ നിയന്ത്രണം നഷ്ടമായി. അപകട സൂചന തിരിച്ചറിഞ്ഞ് അടിയന്തരമായി താഴെയിറക്കാന്‍ കോയമ്പത്തൂര്‍ സ്വദേശിനിയായ പവിത്ര ആവശ്യപ്പെട്ടിട്ടും പരിശീലകന്‍ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ് തയ്യാറായില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു.

യാത്രക്കാരി നിലവിളിച്ചിട്ടും പരിശീലകന്‍ യാത്ര തുടര്‍ന്നതാണ് അപകടത്തിന് കാരണമായത്. ഇന്നലെ വൈകീട്ട് നാലുമണിയോട് കൂടിയാണ് പാരാഗ്ലൈഡിങ് ആരംഭിച്ചത്. അഞ്ചാം മിനിറ്റില്‍ തന്നെ നിയന്ത്രണം നഷ്ടപ്പെട്ടു. അപകട സൂചന തിരിച്ചറിഞ്ഞ് അടിയന്തരമായി താഴെയിറക്കാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം പാരാഗ്ലൈഡിങ് തുടരാനാണ് പരിശീലകന്‍ ശ്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.

നിലവില്‍ പാരാഗ്ലൈഡിങ്ങ് അപകടവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിശീലകന്‍ സന്ദീപിന് പുറമേ കമ്പനിയുടെ ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനഃ പൂര്‍വ്വമല്ലാത്ത കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ്  കേസെടുത്തിരിക്കുന്നത്. 

അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, പവിത്രയില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ എന്ന വ്യാജേന എത്തി സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയത് ശ്രേയസും പ്രഭുദേവയുമാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.  പാരാഗ്ലൈഡിങ്ങിന് മുന്‍പാണ് ഇത്തരത്തില്‍ ഒപ്പിട്ടു വാങ്ങേണ്ടത്. അപകടം ഉണ്ടായാല്‍ കമ്പനിക്ക് ഉത്തരവാദിത്തമില്ല എന്ന തരത്തില്‍ എഴുതി വാങ്ങുന്നത് സാധാരണ പറക്കുന്നതിന് മുന്‍പാണ്. ഇവിടെ നടപടിക്രമങ്ങളിലെല്ലാം കമ്പനി വീഴ്ച വരുത്തിയതായും പൊലീസ് പറയുന്നു. പാരാഗ്ലൈഡിങിന്റെ നടത്തിപ്പുകാരായ ഫ്‌ളൈ അഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമകളായ രണ്ടുപേര്‍ ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാറിടിച്ചു; ഇരുചക്ര വാഹനയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ