അമിത് ഷാ എത്തുമ്പോഴെക്കും കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാകുന്നു; പിണറായി വിജയന്‍ ഇനി എത്രകാലം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമെന്ന് കെ സുരേന്ദ്രന്‍

ആരാണ് വിജയന്‍പിള്ള?.  ആര്‍ക്കുവേണ്ടിയാണ് സ്വപ്നയെ സമീപിച്ചത്?. അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം എന്തായിരുന്നെന്ന് കേരളം അറിയേണ്ടതുണ്ടെന്ന് കെ സുരേന്ദ്രന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: ആരാണ് വിജയന്‍പിള്ള?.  ആര്‍ക്കുവേണ്ടിയാണ് സ്വപ്നയെ സമീപിച്ചത്?. അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം എന്തായിരുന്നെന്ന് കേരളം അറിയേണ്ടതുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണത്തെ സ്വപനയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല സിപിഎമ്മും പ്രതിക്കൂട്ടിലായെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

അമിത് ഷാ കേരളത്തിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ കൂറെക്കൂടി വ്യക്തമായും വെടിപ്പായും ഉരുത്തിരിയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഇനി എത്രകാലം ഇരിക്കാന്‍ കഴിയുമെന്ന സുപ്രധാനമായ ചോദ്യം ഉയരുന്ന നിലയിലേക്ക് കേരള രാഷ്ട്രീയം മാറി. ഗോവിന്ദന്‍ മാസ്റ്ററുടെ ആളായിട്ടാണ് ഒരു ഇടനിലക്കാരന്‍ ആവശ്യപ്പെട്ടതെന്നാണ് സ്വര്‍ണക്കടത്തുകേസിലെ ഒന്നാം പ്രതി പറയുന്നത്.  കേരളം വിട്ടുപോകാനും മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നല്‍കിയാല്‍ 30 കോടി നല്‍കാമെന്നുമാണ് വാഗ്ദാനം നല്‍കിയത്, വിജയന്‍ പിള്ള ആരാണെന്ന് കേരളം അറിയേണ്ടതുണ്ട്. ആര്‍ക്കുവേണ്ടിയാണ് വന്നതെന്നും എന്തായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും അറിയേണ്ടതുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ കോഴക്കേസ് അന്വേഷണം ശക്തമായ അപ്പോഴാണ് മധ്യസ്ഥന്‍ വന്നത്. ആരുടെ സന്ദേശമാണ് വിജയന്‍ പിള്ള സ്വപ്‌നക്ക് കൈമാറിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

അതേസമയം, നാടുവിട്ടു പോയില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തതായി സ്വപ്‌ന പറഞ്ഞു. മൂന്ന് ദിവസം മുന്‍പ് വിജയ് പിള്ള എന്നയാള്‍ തന്നെ സമീപിച്ചു. കണ്ണൂരിലുള്ള ആളാണ്. ബംഗളൂരുവില്‍ വരണമെന്നും ഇന്റര്‍വ്യൂ എടുക്കണമെന്നും നിരന്തരം പറഞ്ഞു. അതിന് പിന്നാലെ താനും മകനും അദ്ദേഹത്തെ കാണാന്‍ ബംഗളൂരുവിലെ ഹോട്ടലില്‍ ചെന്നു. ഹോട്ടലിലെ ലോബിയില്‍ വച്ച് സംസാരിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പിന് വിളിച്ചതാണെന്ന് പിന്നീട് മനസിലായി. പുള്ളിക്കാരന്‍ ഒരാഴ്ചത്തെ സമയമാണ് പറഞ്ഞത്. മക്കളേയും കൊണ്ട് കേരളത്തില്‍ നിന്ന് സ്ഥലംവിടുക. ഹരിയാനയിലോ ജെയ്പുരിലോ വീടെടുത്തു തരാം.

തന്റെ കൈയിലുള്ള എല്ലാ തെളിവുകളും തരാനാണ് ആവശ്യപ്പെട്ടത്. ചീഫ് മിനിസ്റ്റര്‍, വീണ, കമല മാഡം എന്നിവരുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം അവര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. ക്ലൗഡിലോ മറ്റെവിടെയെങ്കിലോ സൂക്ഷിച്ചിട്ടുള്ള തെളിവുകളടക്കം എല്ലാം കൈമാറുക. അവര്‍ നശിപ്പിച്ചുകൊള്ളാം എന്നും പറഞ്ഞു.

ഇക്കാര്യങ്ങള്‍ പ്രത്യേകം പറഞ്ഞ് മനസിലാക്കി അനുസരിപ്പിക്കാന്‍ വിട്ടതാണ് ഈ വിജയ് പിള്ളയെ. വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കൊന്നു കളയുമെന്ന് വ്യക്തമാക്കി. ചീഫ് മിനിസ്റ്റര്‍, വീണ, യൂസഫലി എന്നിവര്‍ക്കെതിരെ സംസാരിക്കുന്നതെല്ലാം അവസാനിപ്പിച്ച് ജനങ്ങളോട് ക്ഷമ ചോദിച്ച് താന്‍ കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് ഇവിടെ നിന്ന് മുങ്ങുക.

മലേഷ്യയിലേക്കോ യുകെയിലേക്കോ പോകാനുള്ള ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട്, വിസ എന്നിവ ഒരു മാസത്തിനുള്ളില്‍ റെഡിയാക്കി തരാമെന്നും പറഞ്ഞു. സ്വ്പന സുരേഷ് ജീവനോടെയുണ്ടോ ഇല്ലയോ എന്നൊന്നും ഇവിടുത്തെ ജനം അറിയാന്‍ പാടില്ല. 30 കോടി നല്‍കി തന്നെ സെറ്റില്‍ ചെയ്യാമെന്നും വാഗ്ദാനം നല്‍കി.

ചീഫ് മിനിസ്റ്ററും കുടുംബവും ഗോവിന്ദന്‍ മാഷെന്ന പാര്‍ട്ടി സെക്രട്ടറി ഇവരെല്ലാം ചേര്‍ന്ന് സഹായിക്കാമെന്ന് പറഞ്ഞു. യൂസഫലി എന്നു പറയുന്ന വ്യക്തി യുഎഇയെ ഉപയോഗിച്ച് പണി തരും. യൂസഫലിയെ കുറിച്ച് ഒന്നും പറയരുത്. യൂസഫലിക്ക് എയര്‍പോര്‍ട്ടില്‍ ഷെയറുണ്ട്. കൂടാതെ ഭയങ്കരമായ സ്വാധീനമുണ്ട്.

വിമാന യാത്ര ചെയ്യുന്നതിനാല്‍ ലഗേജില്‍ ഡ്രഗ്സടക്കം വച്ച് കുടുക്കും. മൂന്ന് വര്‍ഷത്തേക്ക് അവര്‍ക്കെന്നെ ജയിലില്‍ കിട്ടിയാല്‍ മതി. അതല്ലെങ്കില്‍ സ്ഥലം കാലിയാക്കണം. രാമലീല സിനിമയില്‍ ദീലീപ് രക്ഷപ്പെടുന്നത് പോലെ സ്വപ്നയെ മറ്റൊരു രാജ്യത്ത് മാറി താമസിക്കാന്‍ സൗകര്യം ചെയ്യാമെന്നും പറഞ്ഞു.

മരണം ഉറപ്പായി കഴിഞ്ഞു. എങ്കിലും അവസാനം വരെ പോരാടാന്‍ തീരുമാനിച്ചാണ് ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനുള്ള അജണ്ടയൊന്നും ഇല്ല.

തന്നെയും മക്കളേയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗോവിന്ദന്‍ മാഷ് തീര്‍ത്തുകളയുമെന്നു തീര്‍ത്തും പറഞ്ഞു. എയര്‍പോര്‍ട്ടിലോ എവിടെ വച്ചെങ്കിലും കണ്ടാല്‍ യൂസഫലി കള്ളക്കേസിലടക്കം കുടുക്കുമെന്ന് പറഞ്ഞു.

മുഖ്യമന്ത്രിയും കുടുംബവും 30 കോടി വാഗ്ദാനം ചെയ്തു. ഇതെല്ലാം വിജയ് പിള്ളയെന്ന മാന്യന്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞു. ആദ്യം അപേക്ഷയായും പിന്നീട് ഭീഷണിപ്പെടുത്തുന്ന തരത്തിലുമായിരുന്നു അയാള്‍ സംസാരിച്ചത്. രണ്ട് ദിവസം കൊണ്ട് തീരുമാനമെടുക്കണമെന്നും പറഞ്ഞു.

ഈ ഫുള്‍ സ്റ്റോറി ഈ മെയിലായി തന്റെ വക്കീലിന് കൈമാറിയിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. ഇ മെയില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി, ഇഡി എന്നിവര്‍ക്ക് തന്റെ വക്കീല്‍ കാമാറിയിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com