സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ല; 'ബഫര്‍സോണി'ല്‍ സുപ്രീം കോടതി; കേരളത്തിന്റെ വാദം നാളെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2023 04:54 PM |
Last Updated: 15th March 2023 04:54 PM | A+A A- |

സുപ്രീം കോടതി/ പിടിഐ
ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിഷയത്തില്‍ ഇളവ് തേടി കേരളം അടക്കം സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജയില്‍ സുപ്രീം കോടതിയില്‍ വാദം നാളെയും തുടരും. കേരളത്തിന്റെ വാദം കോടതി നാളെ കേള്‍ക്കും. ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ലെന്ന് ഇന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി നിരീക്ഷിച്ചു.
ഇന്ന് അമിക്കസ് ക്യൂറിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും വാദമാണ് സുപ്രീം കോടതി കേട്ടത്. നിരോധിക്കേണ്ടത് നിരോധിക്കണം, നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണം. സമ്പൂര്‍ണവിലക്ക് ഏര്‍പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലയെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് സമ്പൂര്‍ണനിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിച്ചതെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന സൂചനയാണ് ഇന്ന് കോടതിയില്‍ ഉണ്ടായത്. കേസില്‍ വാദം നാളെയും തുടരും. മറ്റ് കക്ഷികളുടെയും വാദം കൂടി കേട്ട ശേഷമായിരിക്കും അന്തിമതീരുമാനം ഉണ്ടാകുക.
23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്തുള്ള 17 വന്യജീവി സങ്കേതങ്ങളുടേയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടേയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം പരിസ്ഥിത മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്ന് കേരളം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
വയനാട്, ഇടുക്കി കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി എന്നീ മേഖലകളില്‍ ജനങ്ങള്‍ക്ക് ഇടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടായിരിക്കുന്നത് എന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ആ തോന്നല്‍ അലമാരയില്‍ പൂട്ടിവെച്ചാല്‍ മതി'; ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട, വി ഡി സതീശന് ആര്‍എസ്എസുമായി അന്തര്‍ധാരയെന്ന് റിയാസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ