ഈ വിധി വിചിത്രം; ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയത്: വിഡി സതീശന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2023 01:19 PM |
Last Updated: 31st March 2023 01:19 PM | A+A A- |

വിഡി സതീശന്‍ /ഫയല്‍
തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന, മുഖ്യമന്ത്രിക്കെതിരായ കേസിലെ ലോകായുക്ത വിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ് ഇതെന്ന് സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള വിധിയാണ് ഇത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന കാലത്തോളം അന്തിമ വിധിയുണ്ടാകാതിരിക്കാനാണ് ശ്രമം. അതല്ലെങ്കില്‍ ഗവര്‍ണര്‍ ലോകായുക്ത ഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതു വരെ വിധി നീട്ടിക്കൊണ്ടു പോകും-സതീശന്‍ പറഞ്ഞു.
''മുഴുവന്‍ വാദവും പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്തിനായിരുന്നു ഈ ഒരു വര്‍ഷത്തെ കാലതാമസം? തികച്ചും നിയമവിരുദ്ധമായ ഈ വിധി ലോകായുക്തയുടെ വിശ്വാസ്യതയെ തകര്‍ക്കും. കെടി ജലീലിന്റെ ഭീഷണിയുടെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായതെന്നും സതീശന്‍ പറഞ്ഞു.
കേസ് നിലനില്‍ക്കുമോ എന്ന സംശയത്തിലാണ് ഹര്‍ജി ഫുള്‍ ബെഞ്ചിന് വിടണമെന്ന് പറയുന്നത്. 2019ല്‍ അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും രണ്ട് ഉപ ലോകായുക്തമാരും ഒരുമിച്ചിരുന്ന് ഇവിടെ പരിഗണിക്കാമെന്ന് തീരുമാനമെടുത്ത കേസാണിത്. 2019ല്‍ ഇത്തരത്തില്‍ തീരുമാനമെടുത്ത കേസ് നാലു വര്‍ഷങ്ങള്‍ക്കിപ്പുറം 2023ല്‍ ഫുള്‍ബെഞ്ചിലേക്കു പോകണമെന്ന വിധി വിസ്മയിപ്പിക്കുന്നതാണ്. ഫുള്‍ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ വാദം നടന്ന കേസാണിത്.
ഇത് യഥാര്‍ഥത്തില്‍ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ്. മുഖ്യമന്ത്രിയുടെ അറിവോടു കൂടി കെടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ കേസിന്റെ വിധി വരാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. ഈ കേസിന്റെ വിധിയെ പേടിച്ചിട്ടാണ് ഭേദഗതി ബില്ലുമായി മുഖ്യമന്ത്രി നിയമസഭയില്‍ വന്നത്- സതീശന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ