2525 കിലോ; കൊച്ചി പുറംകടലിൽ നിന്ന് പിടിച്ചെടുത്തത് 25,000 കോടിയുടെ ലഹരി മരുന്നുകൾ

പിടികൂടിയ മയക്കുമരുന്നിന് പിന്നിൽ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്കുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നേരത്തെ വ്യക്തമാക്കിയിരുന്നു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

കൊച്ചി: കൊച്ചിയിലെ പുറംകടലിൽ നിന്നു പിടിച്ചെടുത്തത് 25,000 കോടി രൂപയുടെ ലഹരി മരുന്നാണെന്ന് കണ്ടെത്തൽ. കണക്കെടുപ്പിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്. കണക്കെടുപ്പ് 23 മണിക്കൂർ നീണ്ടു നിന്നു. 

2525 കിലോ മെത്താഫെംറ്റമിനാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് 25,000 കോടി രൂപ വരുമെന്നാണ് കണക്ക്. പിടിച്ചെടുത്ത ലഹരി മരുന്നും പാകിസ്ഥാൻ പൗരനേയും നാളെ കോടതിയിൽ ഹാജരാക്കും. 

പിടികൂടിയ മയക്കുമരുന്നിന് പിന്നിൽ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്കുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നേരത്തെ വ്യക്തമാക്കിയിരുന്നു. ലഹരി ചാക്കുകളിലെ ചിഹ്നങ്ങൾ ഹാജി സലിം ഗ്രൂപ്പിന് സമാനം. പാകിസ്ഥാനിലെ മറ്റു രണ്ട് ലഹരി സംഘങ്ങൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മെത്താഫെംറ്റമിൻ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളിൽ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളങ്ങളായി റോളക്സ്, ബിറ്റ്കോയിൻ മുദ്രകളുണ്ട്. പ്ലാസ്റ്റിക് പെട്ടികളിൽ ഈർപ്പത്തെ പ്രതിരോധിക്കാൻ പഞ്ഞിയുൾപ്പെടെ വെച്ച് ഭദ്രമായിട്ടാണ് മെത്താഫെംറ്റമിൻ പാക്കു ചെയ്തിട്ടുള്ളത്. ദിവസങ്ങളോളം കടലിൽ സൂക്ഷിക്കാവുന്ന വിധത്തിലാണ് പാക്കിങ്ങ്. 

ഓരോ പെട്ടികൾക്ക് മുകളിൽ ഉത്പാദിപ്പിച്ച കേന്ദ്രങ്ങളുടെ അടയാളമായി മുദ്രകൾ പതിച്ചിട്ടുണ്ട്. തേളിൻറെ ചിത്രമടങ്ങിയ മുദ്രയ്ക്ക് പുറമെ ബിറ്റ് കോയിൻ, റോളക്സ് മുദ്രകളും പെട്ടിയിലുണ്ട്. മൂന്നിലേറെ ലഹരിനിർമാണ ലാബുകളിൽ നിർമിച്ചതാണ് ലഹരിമരുന്നെന്നാണ് എൻസിബിയുടെ  നിഗമനം. കഴിഞ്ഞ ദിവസമാണ് കൊച്ചി പുറംകടലിൽ കപ്പലിൽ കടത്തുകയായിരുന്ന 2500 കിലോ മെത്താംഫെറ്റമിൻ മയക്കുമരുന്ന് എൻസിബിയും നാവികസേനയും ചേർന്ന് പിടിച്ചെടുത്തത്.

നാവികസേനയും എൻസിബിയും പിന്തുടരുന്ന വിവരം മനസിലാക്കിയ ലഹരിക്കടത്തുകാർ ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പൽ മുക്കാൻ ശ്രമിച്ചതായാണു വിവരം. കപ്പൽ മുക്കിയശേഷം ഇതിലുണ്ടായിരുന്നവർ ബോട്ടുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടർന്നാണ് പാക്കിസ്ഥാൻ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ പാക്കിസ്ഥാൻ പൗരൻ സുബൈറിനെ ചോദ്യം ചെയ്ത് വരികയാണ്. 

മുങ്ങിത്തുടങ്ങിയ കപ്പലിൽനിന്ന് ചാക്കുകളിൽ സൂക്ഷിച്ചനിലയിലാണ് കിലോക്കണക്കിന് മയക്കുമരുന്ന് കണ്ടെടുത്തത്. കപ്പലിൽനിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയാണ് കൊച്ചിയിൽ നടന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com