'കേരള സ്‌റ്റോറി' പച്ച നുണ; സംഘപരിവാര്‍ ലക്ഷ്യമിടുന്നത് മുസ്ലിങ്ങളെ മാത്രമാണെന്ന് കരുതരുത്: മുഖ്യമന്ത്രി

സിനിമയ്ക്ക് കൂടുതൽ പ്രചാരണം കൊടുക്കുന്നതിന് പിന്നിൽ കൃത്യമായ ഉദ്ദേശങ്ങളുണ്ട്
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ടെലിവിഷൻ ദൃശ്യം

കൊല്ലം: കേരള സ്‌റ്റോറി സിനിമ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന പച്ച നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കഥയാണല്ലോ പറയുന്നത്. കേരളത്തില്‍ എവിടെയാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്. പച്ചനുണ ഒരു നാടിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഭാവനയില്‍ സൃഷ്ടിച്ച കുറേ കാര്യങ്ങള്‍ വെച്ചുകൊണ്ട് അവതരിപ്പിക്കുകയാണ്. കേരള സ്റ്റോറിക്കെതിരെ കേരളീയരല്ലാതെ രാജ്യത്തെ മറ്റു നാട്ടുകാരും പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തതാണല്ലോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാംസ്‌കാരിക രംഗത്തിന് യോജിക്കാന്‍ പറ്റാത്ത സമീപനമല്ലേ. തീര്‍ത്തും തെറ്റായ നിലപാടല്ലേ എടുത്തിട്ടുള്ളത്. അത് തീര്‍ത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ കൊണ്ടു വന്നതാണ്. അതിന് കൂടുതല്‍ പ്രചാരണം കൊടുക്കുന്നു എന്നതിലും കൃത്യമായ ഉദ്ദേശങ്ങള്‍ കാണും. അതിന്റെ ഭാഗമായി കേരളത്തെ എന്തോ വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുകയാണ്. നമ്മുടെ നാട് നല്ലരീതിയിലുള്ള സാഹോദര്യത്തിന്റെ നാടാണ്. നവോത്ഥാന കാലം മുതല്‍ നാം പടുത്തുയര്‍ത്തിയ നാടിനെ വല്ലാത്ത അവമതിപ്പുണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ആ ശ്രമങ്ങളെയാണ് എതിര്‍ക്കേണ്ടതും അപലപിക്കേണ്ടതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കള്‍ എന്നു പറയുന്നത് ആര്‍എസ്എസ് സാധാരണ പറയുന്ന ആര്‍ഷഭാരത സംസ്‌കൃതിയില്‍ നിന്നും കിട്ടിയിട്ടില്ല. നമ്മുടെ വേദേതിഹാസങ്ങളില്‍ ഒന്നും ആഭ്യന്തര ശത്രുവിനെക്കുറിച്ച് പറയുന്നില്ല. ആഭ്യന്തരശത്രു എന്നത് ആര്‍എസ്എസ് കടംകൊണ്ടതാണ്. ആ ആശയം ഭാരതത്തിന്റേതല്ല. യഥാര്‍ത്ഥത്തില്‍ ആ ആശയം ഹിറ്റ്‌ലറുടേതാണ്. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ നടപ്പാക്കിയതാണ്. ഹിറ്റ്‌ലര്‍ അന്നു പറഞ്ഞത് അവിടെ ജൂതരും ബോള്‍ഷെവിക്കുകളുമാണ് ജര്‍മ്മനിയുടെ ആഭ്യന്തര ശത്രുക്കളുമെന്നാണ്. ജൂതര്‍ അവിടത്തെ ന്യൂനപക്ഷം. ബോള്‍ഷെവിക്കുകള്‍ അന്ന് കമ്യൂണിസ്റ്റുകാരെ വിളിക്കുന്ന പേരാണ്.

ന്യൂനപക്ഷവും കമ്യൂണിസ്റ്റുകാരുമാണ് ആഭ്യന്തര ശത്രുക്കള്‍ എന്ന് ഹിറ്റ്‌ലര്‍ പറഞ്ഞുവെച്ചത്, അത് അതേപടി ആര്‍എസ്എസ് പകര്‍ത്തി. ഇതേ വാചകത്തില്‍ പേരില്‍ മാത്രമേ മാറ്റമുള്ളൂ. അവിടെ ജൂതരെങ്കില്‍ ഇവിടെ ന്യൂനപക്ഷങ്ങളിലെ പ്രബലരായ മുസ്ലിമും ക്രിസ്ത്യാനിയുമാണ്. മറ്റു ന്യൂനപക്ഷങ്ങളെ വിട്ടുകളഞ്ഞു എന്ന് ധരിക്കേണ്ട. ഇപ്പോള്‍ മുസ്ലിം, ക്രിസ്ത്യാനി, കമ്യൂണിസ്റ്റുകാര്‍ എന്നിവരാണ് ആഭ്യന്തരശത്രുക്കള്‍ എന്നാണ് ആര്‍എസ്എസ് പറയുന്നത്.

ഈ ആഭ്യന്തര ശത്രുക്കളെ കൈകാര്യം ചെയ്യുന്നതിലും അവര്‍ നിലപാടെടുത്തിട്ടുണ്ട്. അതിന് അനുകരണീയമായ മാതൃകയായി സ്വീകരിച്ചത് ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ നടത്തിയത് തന്നെയാണ്. ലോകമാകെ ഹിറ്റ്‌ലര്‍ നടത്തിയ ഭീഭത്സമായ കൂട്ടക്കൊലകളെ തള്ളിപ്പറഞ്ഞപ്പോഴാണ്, നമ്മുടെ രാജ്യത്തെ ആര്‍എസ്എസ് ആ നടപടികളെ അംഗീകരിച്ചുകൊണ്ട് പ്രകീര്‍ത്തിക്കുന്നത്. അനുകരണീയമായ മാതൃകയാണ് ജര്‍മ്മനി കാണിച്ചതെന്നാണ് അവര്‍ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജപ്രചരണം; സംസ്ഥാനത്ത് 12 കേസ്

ഓരോ ഘട്ടത്തില്‍ ഓരോ വിഭാ​ഗത്തിന് നേരെയാണ് അവര്‍ തിരിയുന്നത്. മണിപ്പൂരില്‍ ഏകദേശം വംശഹത്യയുടെ അടുത്തല്ലേ എത്തിയത്. അത് മറക്കാനൊന്നും പറ്റില്ലല്ലോ. ആര്‍എസ്എസ് ക്രിസ്ത്യാനിയെ മാത്രം ലക്ഷ്യമിടുന്നു എന്നാണോ. അവര്‍ മുസ്ലിങ്ങളെ പലയിടങ്ങളിലായി ആക്രമിച്ചിട്ടുണ്ട്. മുസ്ലിങ്ങളെ മാത്രമല്ല, എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിടുന്നുണ്ട്. അതു മറക്കരുത്. ഒരു വിഭാഗത്തിനെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശകാര്യങ്ങള്‍ നേടാനുള്ള ശ്രമം നടത്തുന്നു. ആ കെണിയില്‍ വീഴാതിരിക്കുകയാണ് വേണ്ടത്. അത് ആര്‍എസ്എസിന്റെ അജണ്ടയാണ്. സംഘപരിവാറിന്റെ അജണ്ടയാണ്. ആ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി മാറാതിരിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com