അയ്യപ്പന്‍റെ ചിത്രം അച്ചടിച്ചത് തെറ്റ്, പക്ഷേ, ചെയ്തതാര്?; തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി

അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടര്‍ സ്ലിപ്പുകള്‍ വിതരണം ചെയ്‌തെന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി
കെ ബാബു
കെ ബാബുഫയല്‍ ചിത്രം

കൊച്ചി: വോട്ടു തേടുന്നതിനായി ശബരിമല അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടര്‍ സ്ലിപ്പുകള്‍ വിതരണം ചെയ്‌തെന്ന ആരോപണം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പു കേസില്‍ കെ ബാബുവിനെതിരായ ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ്, എന്തുകൊണ്ട് ഹര്‍ജി തള്ളിയെന്ന് കാരണ സഹിതം വിശദമാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പുകൾ വിതരണം ചെയ്ത് വോട്ടു പിടിച്ചു തുടങ്ങിയ ആരോപണങ്ങളായിരുന്നു സ്വരാജ് ഉയർത്തിയിരുന്നത്. എന്നാൽ ബാബുവാണ് ഈ സ്ലിപ്പുകൾ അച്ചടിപ്പിച്ചതെന്നോ വിതരണം ചെയ്തതെന്നോ തെളിയിക്കാൻ പരാതിക്കാരനായ സ്വരാജിന് കഴിഞ്ഞിട്ടില്ലെന്ന് 66 പേജുള്ള വിധിന്യായത്തിൽ ജസ്റ്റിസ് പി ജി അജിത് കുമാർ ചൂണ്ടിക്കാട്ടുന്നു. മറ്റു തെളിവുകളുടെ അഭാവത്തിൽ ഇത്തരം സ്ലിപ്പ് ലഭിച്ചതായി പറയുന്നവരുടെ മൊഴികള്‍ മാത്രം ഹർജിക്കാരന്റെ ആരോപണം തെളിയിക്കാൻ പര്യാപ്തമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

‘നിങ്ങളുടെ വോട്ട് അയ്യപ്പന്’ എന്ന്‌ രേഖപ്പെടുത്തി അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പുകൾ വിതരണം ചെയ്തുവെന്നായിരുന്നു ഹർജിയിലെ ആരോപണം. ബാബുവിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവദോഷം ഉണ്ടാകുമെന്ന് സ്ലിപ്പ് വിതരണത്തിനെത്തിയവര്‍ വോട്ടര്‍മാരോട് പറഞ്ഞുവെന്നും ആരോപിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു സ്ലിപ്പ് താനോ തന്റെ ഏജന്റുമാരോ അച്ചടിക്കുകയോ തനിക്ക് വോട്ടുചെയ്തില്ലെങ്കില്‍ ദൈവദോഷം ഉണ്ടാകുമെന്ന് ആരോടെങ്കിലും പറയുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ബാബുവിന്റെ വാദം. തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്യുന്നതിനായി ഹര്‍ജിക്കാരന്‍ സൃഷ്ടിച്ചതാണ് ആരോപിക്കപ്പെടുന്ന സ്ലിപ്പുകളെന്നും വാദമുന്നയിച്ചു.

സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രം അച്ചടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെറ്റാണെന്ന് കോടതി വിലയിരുത്തി. എന്നാൽ, അച്ചടിച്ച് വിതരണംചെയ്തത് ബാബുവോ, ബാബുവിനുവേണ്ടിയോ ആണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. പ്രദേശവാസികൾക്ക് സമാനമായ സ്ലിപ്പ് വിതരണംചെയ്തിട്ടുണ്ടെന്ന സാക്ഷികളുടെ മൊഴി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. സ്വരാജിന്റെ നിര്‍ദേശപ്രകാരം സിപിഎം ഏരിയാ സെക്രട്ടറി പി വാസുദേവൻ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം അച്ചടിച്ചിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നില്ല. പരാതിയോടൊപ്പം സ്ലിപ്പും ഉണ്ടായിരുന്നില്ല. ഇത്തരമൊരു സ്ലിപ്പ്, വിതരണം ചെയ്തതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതിനല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്ന ആർ വേണുഗോപാല്‍‍ 2021 ഏപില്‍ നാലിന് ആനന്ദ് ഉദയൻ, നവീന്ദർ എന്നിവർക്കൊപ്പം തൃപ്പൂണിത്തുറ തെക്കുംഭാഗം മേഖലയിലുള്ള വീടുകളിലെത്തി തെരഞ്ഞെടുപ്പു സ്ലിപ്പുകൾ കൈമാറിയെന്നാണ് സ്വരാജ് പരാതിപ്പെട്ടിരുന്നത്. സമാനമായ വിധത്തിൽ കോൺഗ്രസിന്റെ ഭാരവാഹികളും പ്രവർത്തകരും ബാബുവിന്റെ തെര‍‍ഞ്ഞെടുപ്പ് പ്രചാരകരും തൃപ്പൂണിത്തുറയുടെ വിവിധ പ്രദേശങ്ങളിലുള്ള വീടുകൾ സന്ദർശിച്ച് സമാനരീതിയിലുള്ള സ്ലിപ്പുകൾ കൈമാറിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ 127–എ വകുപ്പ് അനുശാസിക്കുന്ന വിധത്തിൽ ഈ സ്ലിപ്പിൽ അത് പ്രസിദ്ധീകരിച്ചവരുടെ പേരുവിവരങ്ങൾ ഉണ്ടായിരുന്നില്ല. ബാബുവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഏജന്റുമാണ് അത് അച്ചടിച്ചത് എന്നായിരുന്നു സ്വരാജിന്റെ വാദം.

വലിയ തോതിൽ അയ്യപ്പ ഭക്തരുള്ള മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടായി. ഇക്കാര്യം അറിഞ്ഞയുടൻ തന്റെ പാർട്ടി പൊലീസിൽ പരാതി നൽ‍കിയെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. എന്നാൽ വേണുഗോപാൽ തന്റെ തെരഞ്ഞെടുപ്പ് ഏജന്റാണെങ്കിലും തന്റെയോ അദ്ദേഹത്തിന്റെയോ മറ്റാരുടെയെങ്കിലുമോ സമ്മതത്തോടെ ഇത്തരമൊരു സ്ലിപ് അച്ചടിക്കുകയോ വിതരണം ചെയ്യുകയോ ഉണ്ടായിട്ടില്ല എന്നാണ് ബാബു കോടതിയിൽ പറഞ്ഞത്. തെര‍ഞ്ഞെടുപ്പുകളിൽ മതത്തിന്റെയോ ദൈവങ്ങളുടെയോ പേരുകളോ ചിത്രങ്ങളോ ഉൾപ്പെടെ ഉപയോഗിച്ചുള്ള വോട്ടു പ്രചരണം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. സമാനമായ വിധത്തിൽ അയ്യപ്പന്റെ ചിത്രം പതിപ്പിക്കുന്നതും അതിന്റെ പേരിൽ വോട്ടഭ്യർത്ഥിക്കുന്നതും നിയമലംഘനമാണ്. എന്നാൽ ഈ കേസിൽ സ്ലിപ് വിതരണം ചെയ്തത് ബാബുവാണോ എന്നുള്ളതിനുള്ള തെളിവുകൾ ഹാജരാക്കാൻ സ്വരാജിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി.

കെ ബാബു
കെഎസ്ആര്‍ടിസി ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും, പണം ഡിജിറ്റലായി നല്‍കാം; പുതിയ പരിഷ്‌കാരം

ഹാജരാക്കിയ സ്ലിപ്പുകളിൽ പ്രസിദ്ധീകരിക്കുന്നവരുടെ പേരു വിവരങ്ങൾ ഉണ്ടായിരുന്നില്ല. ആരാണ് അത് നിര്‍മിച്ചത് എന്ന വിവരം ഉണ്ടായിരുന്നെങ്കിൽ പരാതിക്കാരന് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് അത് തെളിയിക്കാമായിരുന്നു. അതുപോലെ തങ്ങളാണ് അത് അച്ചടിച്ചത് എങ്കിൽ കമ്മിഷന് നൽകുന്ന ചെലവ് ഇനത്തിൽ ഇതുണ്ടാകുമായിരുന്നു എന്ന ബാബുവിന്റെ അഭിഭാഷകന്റെ വാദവും കോടതി കണക്കിലെടുത്തു. പേരും മറ്റും ഇല്ലാതിരുന്ന സാഹചര്യത്തിൽ അത് കണക്കിൽ പെടാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിൽ അതിനുള്ള തെളിവ് ഹാജരാക്കേണ്ടിയിരുന്നത് ഹർജിക്കാരനായിരുന്നു എന്നും കോടതി പറഞ്ഞു. സാക്ഷിമൊഴികളിലും പൊരുത്തക്കേടുകളുണ്ടെന്നും ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com