യേശുദാസിനെ ആദ്യ അയ്യപ്പഗാനം പാടിച്ചു, ശബരിമല നട തുറക്കുമ്പോള്‍ ഇപ്പോഴും മുഴങ്ങുന്നു 'ശ്രീകോവില്‍ നട തുറന്നു...'; അയ്യപ്പസ്വാമിയുടെ സ്വന്തം ഗായകന്‍

ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് കെ ജി ജയന്‍
കെ ജി ജയന്‍
കെ ജി ജയന്‍ഫെയ്സ്ബുക്ക്

കൊച്ചി: ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് കെ ജി ജയന്‍. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേര്‍ന്നെഴുതി ഈണം പകര്‍ന്ന 'ശ്രീശബരീശാ ദീനദയാലാ...' എന്ന ഗാനം ജയചന്ദ്രനും 'ദര്‍ശനം പുണ്യദര്‍ശനം...' എന്ന പാട്ട് യേശുദാസും പാടി. ശബരിമലനട തുറക്കുമ്പോള്‍ ഇപ്പോഴും കേള്‍പ്പിക്കുന്ന പ്രസിദ്ധമായ 'ശ്രീകോവില്‍ നട തുറന്നു...' എന്ന പാട്ട് ചിട്ടപ്പെടുത്തിയതും ജയവിജയന്മാരാണ്.

'നക്ഷത്രദീപങ്ങള്‍ തിളങ്ങി' (നിറകുടം), 'ഹൃദയം ദേവാലയം' (തെരുവുഗീതം), 'കണ്ണാടിയമ്മാ ഉന്‍ ഇദയം'.. (പാദപൂജ), 'ഇരൈവനുക്കും പെയരേ വൈയ്ത്താന് ഒരു മനിതന്‍ ഇങ്കേ'.. ( ഷണ്‍മുഖപ്രിയ) തുടങ്ങി മലയാളം, തമിഴ് ചലച്ചിത്ര മേഖലകളില്‍ ഒട്ടേറെ ഹിറ്റുകള്‍ക്ക് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് സംഗീതമേകി. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുണ്ട്. 1988ല്‍ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയന്‍ സംഗീത യാത്ര തുടര്‍ന്ന് വരികയായിരുന്നു.

ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍ തന്ത്രിയുടെ ഇരട്ട മക്കള്‍ ജയനും വിജയനും ആദ്യം മികവു തെളിയിച്ചതു കര്‍ണാടക സംഗീതത്തിലാണ്. ഭക്തിഗാനങ്ങളിലൂടെ മലയാള സംഗീതലോകത്തു കെ ജി ജയന്‍ മികവു തെളിയിച്ചു. സഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയസംഗീതം, ഭക്തിഗാനം, ചലച്ചിത്രഗാനം തുടങ്ങിയ മേഖലകളില്‍ മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

6-ാം വയസ്സില്‍ സംഗീത പഠനം തുടങ്ങിയ ജയന്‍ 10- ാം വയസ്സില്‍ കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. എന്‍എസ്എസ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും ചേര്‍ന്നു പണ്ട് നടത്തിയ ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളില്‍ ഈശ്വരപ്രാര്‍ഥന പാടിയ ജയവിജയന്മാരുടെ കഴിവു തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്നു വീട്ടുകാരെ ഉപദേശിച്ചത്. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍നിന്നു ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സ് ഒന്നാം ക്ലാസോടെ വിജയിച്ചു. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ സ്‌കോളര്‍ഷിപ്പോടെയായിരുന്നു ഉപരിപഠനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാരാപ്പുഴ ഗവ.എല്‍പി സ്‌കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂര്‍ണമായും ജയന്‍ ചുവടുവച്ചത്. സംഗീതകച്ചേരിക്കു ജയനൊപ്പം തൃശിനാപ്പള്ളിയിലേക്ക് ട്രെയിനില്‍ പോകവേ 1988 ജനുവരി ഒന്‍പതിനായിരുന്നു ഇരട്ട സഹോദരന്‍ കെ ജി വിജയന്റെ ആകസ്മിക മരണം. ഹരിവരാസനം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡ് ജയനെ തേടിയെത്തിയിട്ടുണ്ട്. ബാല മുരളീകൃഷ്ണയുടെ ശിഷ്യരായി മദ്രാസില്‍ താമസിക്കുന്ന കാലത്ത് ഇരുവരും ചേര്‍ന്ന് എച്ച്എംവിയിലെ മാനേജരുടെ നിര്‍ദേശപ്രകാരം 2 അയ്യപ്പഭക്തി ഗാനങ്ങള്‍ക്ക് സംഗീതമേകി. 'ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ...', 'ഹരിഹരസുതനേ...' എന്ന രണ്ടു പാട്ടുകളാണ് അന്നു ചിട്ടപ്പെടുത്തിയത്.

കെ ജി ജയന്‍
'ആകാശത്ത് വര്‍ണവിസ്മയം'; തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് നാളെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com