യുവാക്കള്‍ അട്ടിമറിച്ച മണ്ഡലം; കോട്ട കാക്കാന്‍ അഭിമാനപോരാട്ടം

കാസര്‍കോട് നിന്നെത്തിയ എകെജിയെയും, ഇകെ നായനാരെ ആദ്യമായി ലോക്‌സഭയിലെത്തിച്ചതും പാലക്കാടാണ്.
യുവാക്കള്‍ അട്ടിമറിച്ച മണ്ഡലം;  കോട്ട കാക്കാന്‍ അഭിമാനപോരാട്ടം
യുവാക്കള്‍ അട്ടിമറിച്ച മണ്ഡലം; കോട്ട കാക്കാന്‍ അഭിമാനപോരാട്ടം

ചുരം കടന്നെത്തുന്ന ചുടുകാറ്റിനെ തോല്‍പ്പിക്കും വിധമാണ് പാലക്കാട്ടെ രാഷ്ട്രീയച്ചൂട്. ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പറയാമെങ്കിലും മണ്ഡലം തങ്ങള്‍ക്ക് ഒരു ബാലികേറാമലയല്ലെന്ന് കോണ്‍ഗ്രസും തെളിയിച്ചതാണ്. കാസര്‍കോട് നിന്നെത്തിയ എകെജിയെയും, ഇകെ നായനാരെ ആദ്യമായി ലോക്‌സഭയിലെത്തിച്ചതും പാലക്കാടാണ്. വിജയത്തില്‍ കുറഞ്ഞൊന്നും ഇരുമുന്നണികളും പ്രതീക്ഷിക്കുന്നില്ല. കെവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎമ്മും നഷ്ടപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസും പരമാവധി കരുത്തുകാട്ടാന്‍ ബിജെപിയും രംഗത്തിറങ്ങുന്ന പാലക്കാട് ഇത്തവണ മൂന്ന് മുന്നണികള്‍ക്കും അഭിമാനപ്പോരാട്ടം തന്നെയാണ്.

പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നുള്ളതാണ് നിലവിലെ പാലക്കാട് ലോക്സഭാ മണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രാതിനിധ്യം ഏഴില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട് മലമ്പുഴ മണ്ഡലങ്ങളില്‍ ഇടുതുമുന്നണിയും പാലക്കാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ യുഡിഎഫിനും ഒപ്പമാണ്

മണ്ഡലം രൂപീകൃതമായതിനു ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ 11-ലും ജയിച്ചത് ഇടതുമുന്നണിയാണ്. സംസ്ഥാന രൂപീകരണത്തിനു ശേഷം ലോകസഭയില്‍ ആദ്യമായി പാലക്കാടിനെ പ്രതിനിധീകരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പി കുഞ്ഞനായിരുന്നു. 1962-ലും കുഞ്ഞന്‍ വിജയം നേടി. പാര്‍ട്ടിയുടെ പിളര്‍പ്പിനു ശേഷം 1967ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഇകെ നായനാരാണ്. 1971-ല്‍ കാസര്‍ഗോട്ട് നിന്നെത്തിയ എകെജി ജയിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977-ല്‍ എ സുന്നാ സാഹിബിലൂടെ കോണ്‍ഗ്രസ് മണ്ഡലം നേടി. 1980-ലും 1984-ലും കോണ്‍ഗ്രസ്സിലെ വിഎസ് വിജയരാഘവന്‍ ജയിച്ചു. ഈ മൂന്നുതവണയും തോറ്റത് നാട്ടുകാരന്‍ കൂടിയായ ടി ശിവദാസമേനോനായിരുന്നു.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരനൊപ്പം ഇകെ നായനാര്‍
മുന്‍ മുഖ്യമന്ത്രി കെ കരുണാകരനൊപ്പം ഇകെ നായനാര്‍ ഫയല്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1989-ല്‍ വിഎസ് വിജയരാഘവനെ തോല്‍പ്പിച്ച് സിപിഎമ്മിലെ എ വിജയരാഘവന്‍ മണ്ഡലം പിടിച്ചു. 1991 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാലക്കാട് എ വിജയരാഘവനെ കൈവിട്ടു. വിജയരാഘവന്‍മാര്‍ പരസ്പരം പോരടിയ തെരഞ്ഞെടുപ്പുകളായിരുന്നു 1989, 1991 വര്‍ഷങ്ങളില്‍ നടന്നത്. അഞ്ചാം അങ്കത്തിന് ഇറങ്ങിയ വിഎസ് വിജയരാഘവനെ പരാജയപ്പെടുത്തി 1996ല്‍ എന്‍എന്‍ കൃഷ്ണദാസിലൂടെ മണ്ഡലം തിരിച്ചുപിടിച്ച സിപിഎം പിന്നീട് നടന്ന ആറ് തെരഞ്ഞെടുപ്പുകളില്‍ പാലക്കാടിനെ ഇടതുപക്ഷത്തിന് ഒപ്പം നിര്‍ത്തി. നാലുതവണയില്‍ മൂന്ന് തവണ വിഎസ് വിജയരാഘവനായിരുന്നു കൃഷ്ണദാസിന്റെ എതിരാളി. ഒരു തവണ എംടി പത്മയും.

എന്‍എന്‍ കൃഷ്ണദാസ്‌
എന്‍എന്‍ കൃഷ്ണദാസ്‌ഫയല്‍

2004ലെ തെരഞ്ഞൈടുപ്പില്‍ യുവ നേതാവായ രാജേഷിനെയാണ് സിപിഎം അവതരിപ്പിച്ചത്. പ്രതികൂല ഘടകങ്ങളുണ്ടായിട്ടും നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ രാജേഷിനു കഴിഞ്ഞു. ശക്തമായ മത്സരം കാഴ്ചവച്ച കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി പരാജയപ്പെട്ടത് 1820 വോട്ടിന്. പിന്നീടങ്ങോട്ട് ചിത്രം മാറുകയായിരുന്നു. 2014ലെ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷം രാജേഷിന് തന്നെ അവസരം നല്‍കി. യുഡിഎഫ് നിര്‍ത്തിയതാകട്ടെ മുതിര്‍ന്ന നേതാവ് എംപി വീരേന്ദ്രകുമാറിനെയും. വോട്ടെണ്ണിയപ്പോള്‍ മണ്ഡലം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം പാലക്കാട് എംബി രാജേഷിന് നല്‍കി. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഹാട്രിക് വിജയം ലക്ഷ്യം കണ്ടിറങ്ങിയ രാജേഷിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠന്‍ മണ്ഡലം തിരിച്ചുപിടിച്ചു. 91ന് ശേഷം മണ്ഡലത്തില്‍ വീണ്ടും കോണ്‍ഗ്രസ് വിജയപതാക പാറി.

എ വിജയരാഘവന്‍
എ വിജയരാഘവന്‍ ഫയല്‍

പാലക്കാട്ടെ മൂന്നാമത്തെ പ്രധാന കക്ഷി ബിജെപിയാണ്. സംസ്ഥാനത്ത് ബിജെപി ശക്തമായ സാന്നിധ്യമുള്ള മണ്ഡലം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2,18,556 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ആക വോട്ടിന്റെ 21.26 ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ടുവിഹിതത്തില്‍ ബിജെപിക്ക് വര്‍ധനവുണ്ട്. മോദി തംരഗം അനുകൂലമായാല്‍ മണ്ഡലത്തില്‍ അട്ടിമറി വിജയത്തിന് സാധ്യതയുണ്ടെന്ന് ചുരുക്കം ചിലരും കരുതുന്നു. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് ബിജെപിക്ക് സ്വാധീനം. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന രണ്ട് നഗരസഭകളില്‍ ഒന്ന് പാലക്കാടാണ്.

2019 ല്‍ എംബി രാജേഷിന് തിരിച്ചടിയായ ചില ഘടകങ്ങള്‍ മറികടക്കാന്‍ കഴിഞ്ഞാല്‍ മണ്ഡലം അനായാസം പിടിച്ചെടുക്കനാകുമെന്നാണ് ഇത്തവണ സിപിഎമ്മിന്റ കണക്കുകൂട്ടല്‍. നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമാണെന്നും അടുക്കും ചിട്ടയുമായ പ്രവര്‍ത്തങ്ങള്‍ ഗുണമാകുമെന്നും ഇടതുപക്ഷം വിലയിരുത്തുന്നു. എന്നാല്‍ മണ്ഡലത്തില്‍ നടത്തിയ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസനങ്ങള്‍ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സിറ്റിങ് എംപി തന്നെ വീണ്ടുമെത്തുമ്പോള്‍ മണ്ഡലത്തില്‍ മൂന്ന് പതിറ്റാണ്ട് മുന്‍പ് അട്ടിമറി വിജയനേടിയ സ്ഥാനാര്‍ഥിയെയാണ് സിപിഎമ്മും രംഗത്തിറക്കിയത്. പാലക്കാടന്‍ കോട്ട തിരിച്ചുപിടിക്കാന്‍ സിപിഎമ്മും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും അട്ടിമറി പ്രതീക്ഷയില്‍ ബിജെപിയും പോരാടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന് കാത്തിരുന്ന് കാണാം.

യുവാക്കള്‍ അട്ടിമറിച്ച മണ്ഡലം;  കോട്ട കാക്കാന്‍ അഭിമാനപോരാട്ടം
'മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ല; നിപയ്ക്ക് മുന്നില്‍ ഇടറിയിട്ടില്ല, പിന്നയല്ലേ സൈബര്‍ ആക്രമണത്തിന് മുന്നില്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com