ജാവഡേക്കര്‍ ഇപി ജയരാജനെ കണ്ടിരുന്നു; ഒരു സീറ്റില്‍ ജയിപ്പിക്കാന്‍ സഹായം തേടി; ലാവലിന്‍ കേസ് അവസാനിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി: നന്ദകുമാര്‍

വൈദേകത്തെക്കുറിച്ച് എത്രവേണമെങ്കിലും അന്വേഷിച്ചോളൂ എന്നാണ് ജയരാജന്‍ മറുപടി നല്‍കിയത്
ഇപി ജയരാജൻ, ടിജി നന്ദകുമാർ
ഇപി ജയരാജൻ, ടിജി നന്ദകുമാർ ടെലിവിഷൻ ദൃശ്യം

കൊച്ചി: കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ തന്നെയും ഇപി ജയരാജനെയും കാണാന്‍ വന്നിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വെച്ചാണ് സംസാരിച്ചത്. തങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് ജാവഡേക്കര്‍ പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാമോയെന്ന് ചോദിച്ചു. പകരം പിണറായി വിജയന്റെ പേരിലുള്ള ലാവലിന്‍ കേസ് അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്റെ വീട്ടില്‍ അമിത് ഷാ വരും. അവിടെ വെച്ച് ഇപിക്ക് ഉറപ്പു തരും. ഭാഷാ പ്രശ്‌നമുള്ളതിനാല്‍ കുമാറിനേയും കൂട്ടിക്കോളാന്‍ പറഞ്ഞു. എന്നാല്‍ നടക്കില്ല എന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ലാവലിന്‍ കേസില്‍ നിന്നും സിബിഐയെ പിന്‍വലിക്കുന്നു എന്ന് അറിയിക്കും. സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ളവ അവസാനിപ്പിക്കുമെന്ന് ജാവഡേക്കര്‍ പറഞ്ഞു. വൈദേകത്തെക്കുറിച്ചു പറഞ്ഞപ്പോള്‍, അത് അന്വേഷിച്ചോളൂ എന്ന് ഇപി ജയരാജന്‍ പറഞ്ഞു. വൈദേകത്തില്‍ തനിക്ക് ഒരു പങ്കാളിത്തവുമില്ല. അതുവെച്ച് ബാര്‍ഗെയിന്‍ ചെയ്യേണ്ട. വൈദേകത്തെക്കുറിച്ച് എത്രവേണമെങ്കിലും അന്വേഷിച്ചോളൂ എന്നാണ് ജയരാജന്‍ മറുപടി നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എങ്ങനെയും സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കണമെന്ന് ജാവഡേക്കര്‍ പറഞ്ഞു. അതിന് എങ്ങനെ വിട്ടു വീഴ്ച ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ചു. തൃശൂരില്‍ ഘടകകക്ഷി സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്, അതുകൊണ്ട് അതു സാധ്യമല്ലെന്നാണ് ഇപി ജയരാജന്‍ മറുപടി നല്‍കിയത്. ഇതിനൊരു ഉപാധി ചര്‍ച്ചയില്‍ വന്നു. മുമ്പ് പിണറായി വിജയന്റെ കാലത്ത് പിസി തോമസ് വഴി ബിജെപിയുടെ സഹായം സിപിഎം തേടിയിരുന്നു. ഇതിന് പ്രത്യുപകാരമായി മൂവാറ്റുപുഴയില്‍ പിസി തോമസിനെ ജയിപ്പിക്കാന്‍ ഇസ്മായേലിനെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കി.

ഇപ്പോള്‍ എല്‍ഡിഎഫിനെ സഹായിക്കുന്ന പള്ളികളിലെ തര്‍ക്കവിഭാഗത്തില്‍പ്പെട്ട പിതാവ് കൊടുത്ത കത്തു മാറ്റിവെച്ചിട്ടാണ് സിപിഎം ഇസ്മയേലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അങ്ങനെ പിസി തോമസിനെ 500 വോട്ടിന് ജയിപ്പിച്ച ചരിത്രം സിപിഎമ്മിനുണ്ട്. അതു തൃശൂരില്‍ നടപ്പിലാക്കാമോയെന്ന് ചോദിച്ചു. തൃശൂരില്‍ നിന്നും സുരേഷ് ഗോപിയെ മറ്റേതെങ്കിലും സീറ്റിലേക്ക് മാറ്റുന്ന കാര്യം പറഞ്ഞപ്പോള്‍, തൃശൂരില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റാന്‍ പറ്റില്ലെന്ന് ജാവഡേക്കര്‍ അറിയിച്ചു. അതോടെ ചര്‍ച്ച പൊളിയുകയായിരുന്നു. പിന്നീട് ഡല്‍ഹിയില്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. നാലു തവണ ചര്‍ച്ച നടന്നു. സിപിഎമ്മില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സാധ്യമല്ലെന്ന് ചര്‍ച്ചയില്‍ അറിയിച്ചുവെന്ന് നന്ദകുമാര്‍ പറഞ്ഞു.

എങ്ങനെയെങ്കിലും കേരളത്തില്‍ ഒരു സീറ്റ് നേടണം. അതിന് എന്തു വിട്ടുവീഴ്ചയും ചെയ്യാമെന്നും ജാവഡേക്കര്‍ പറഞ്ഞു. അനില്‍ ആന്റണിയെ എറണാകുളത്തും, പിസി ജോര്‍ജിനെ പത്തനംതിട്ടയിലും, സുരേഷ് ഗോപിയെ മറ്റൊരു സീറ്റിലേക്കും മാറ്റി ധാരണയിലെത്താമെന്ന് പറഞ്ഞു. അതിന് തയ്യാറായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു സീറ്റിലെങ്കിലും എന്‍ഡിഎ ജയിച്ചേനെ എന്നും ദല്ലാള്‍ നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

പിണറായി വിജയന്റെ സംരക്ഷകനായാണ് ഇപി ജയരാജന്‍ നിലകൊണ്ടതെന്ന് നന്ദകുമാര്‍ പറഞ്ഞു. അല്ലാതെ ഇപി ജയരാജന് തലയ്ക്ക് ഓളമുണ്ടോ. ബിജെപിയില്‍ പോയി അനാഥനാകാന്‍. അനാഥനാകാന്‍ ബിജെപിയില്‍ പോകേണ്ടതുണ്ടോയെന്ന് നന്ദകുമാര്‍ ചോദിച്ചു. കേരളത്തിലെ ബിജെപി നേതാക്കള്‍ അറിയാതെയാണ് ജാവഡേക്കര്‍ ചര്‍ച്ച നടത്തിയതെന്നും നന്ദകുമാര്‍ വ്യക്തമാക്കി. ഇപി ജയരാജന് ഗവര്‍ണര്‍ ആക്കാമെന്ന് വാഗ്ദാനം നല്‍കിയെന്ന് കെ സുധാകരന്‍ പറയുന്നു. അന്ന് ഗവര്‍ണര്‍ പോസ്റ്റ് ഒഴിവുണ്ടായിരുന്നില്ലെന്ന് നന്ദകുമാര്‍ വ്യക്തമാക്കി.

ഇപി ജയരാജൻ, ടിജി നന്ദകുമാർ
പ്രധാനമന്ത്രിയാക്കാത്തത് നന്നായി; സുധാകരാ മരുന്ന് കഴിക്കൂ; മറുപടിയുമായി ഇപി ജയരാജന്‍

ഇപി ജയരാജനെയും എന്നെയും കാണാന്‍ വന്ന അന്ന് സുധാകരനെ ചൂണ്ടയില്‍ കൊളുത്തിയെന്ന് ജാവഡേക്കര്‍ പറഞ്ഞു. സുധാകരന്‍ വീണു, പക്ഷെ കെപിസിസി കിട്ടിയതുകൊണ്ട് ചാടിപ്പോയി. അല്ലെങ്കില്‍ സുധാകരന്‍ ഇപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയേനെയെന്ന് നന്ദകുമാര്‍ പറഞ്ഞു. മുരളീധരനുമായും രമേശ് ചെന്നിത്തലയുമായും സംസാരിച്ചിരുന്നതായും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയുമായി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ശോഭ സുരേന്ദ്രന്‍ സംസാരിച്ചുവെന്നും നന്ദകുമാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com