പോരാട്ടച്ചൂട്; ആവേശപോരാട്ടത്തിൽ ചരിത്രം വഴിമാറുമോ

ക്രിസ്ത്യന്‍ സമുദായത്തിന് കൃത്യമായ സ്വാധീനമുള്ള മണ്ഡലത്തില്‍ മൂന്ന് മുന്നണികളും നിര്‍ത്തിയിരിക്കുന്നത് മണ്ഡലം പിടിക്കാന്‍ അനുയോജ്യരായ സ്ഥാനാര്‍ഥികളെ.
പത്തനംതിട്ട ലോക്സഭാ മണ്ഡലം
പത്തനംതിട്ട ലോക്സഭാ മണ്ഡലം

ഇത്തവണയും ത്രികോണപോരാട്ടമാണ് പത്തനംതിട്ടയില്‍. ക്രിസ്ത്യന്‍ സമുദായത്തിന് കൃത്യമായ സ്വാധീനമുള്ള മണ്ഡലത്തില്‍ മൂന്ന് മുന്നണികളും നിര്‍ത്തിയിരിക്കുന്നത് മണ്ഡലം പിടിക്കാന്‍ അനുയോജ്യരായ സ്ഥാനാര്‍ഥികളെ. ഉറച്ച വലതുകോട്ടയെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും മണ്ഡലം ഒപ്പം നിര്‍ത്തുക അസാധ്യമല്ലെന്ന തിരിച്ചറിവില്‍ സിപിഎമ്മും വര്‍ധിച്ചുവരുന്ന വോട്ടുവിഹിതത്തില്‍ ബിജെപിയും തുല്യപ്രതീക്ഷ പങ്കുവയ്ക്കുന്നു. ഇത്തവണത്തെ വിധിയെഴുത്ത് മൂന്നു പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണ്, അതിലപ്പുറം വൈകാരികവും.

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്‍മുള കോന്നി, അടൂര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. സമീപ തെരഞ്ഞടുപ്പുകളിലായി വലതുകോട്ടയില്‍ കാര്യമായ നിറംവിത്യാസം കണ്ടുതുടങ്ങിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും എല്‍ഡിഎഫിലേക്ക് എത്തിയതോടെ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ സമ്പൂര്‍ണ ആധിപത്യമാണ്.

പഴയ അടൂര്‍ മണ്ഡലമാണ് പുതിയ പത്തനംതിട്ട മണ്ഡലം. 1967-ല്‍ ജയിച്ചത് സിപിഐയുടെ പിസി ആദിച്ചന്‍. തിരുവിതാംകൂര്‍ കുറവ മഹാസഭയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു ആദിച്ചന്‍. 1971-ല്‍ കെ ഭാര്‍ഗവിയും 1977-ല്‍ പികെ കൊടിയനും ജയിച്ചു. രണ്ടുപേരും സിപിഐക്കാര്‍. കോണ്‍ഗ്രസുകാരനായ കെകെ കുഞ്ഞമ്പുവാണ് 1984-ല്‍ ലോക്‌സഭയിലെത്തിയത്. പിന്നീട് കൊടിക്കുന്നിലിന്റെ തേരോട്ടം. 1989-ല്‍ എന്‍ രാജനേയും 1991-ല്‍ ഭാര്‍ഗവി തങ്കപ്പനും 1996-ല്‍ പികെ രാഘവനുമാണ് പരാജയപ്പെട്ടത്. 1998-ല്‍ ചെങ്ങറ സുരേന്ദ്രന്‍ കൊടിക്കുന്നിലിനെ തോല്‍പ്പിച്ചെങ്കിലും തൊട്ടടുത്തവര്‍ഷം കൊടിക്കുന്നില്‍ തന്നെ ജയിച്ചു. 2004-ല്‍ ജയിച്ചത് ചെങ്ങറ സുരേന്ദ്രന്‍, 2009-ല്‍ വീണ്ടും കൊടിക്കുന്നില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2009-ല്‍ പുതിയ ലോക്‌സഭാ മണ്ഡലം നിലവില്‍ വന്നശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും പ്രകടമായി ദൃശ്യമായത് യുഡിഎഫ് ചായ്‌വ്. മണ്ഡലരൂപീകരണശേഷമുള്ള ആദ്യപോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി അന്ന് സിപിഎം ജില്ലാ സെക്രട്ടറി കൂടിയായിരുന്ന കെ അനന്തഗോപനെ 1,11,206 വോട്ടിനാണ് തോല്‍പ്പിച്ചത്. 2014-ല്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പീലിപ്പോസ് തോമസിനെ രംഗത്തിറക്കി ഇടതുമുന്നണി മത്സരം കടുപ്പിച്ചെങ്കിലും ആന്റോ ആന്റണിക്ക് തന്നെയായിരുന്നു ജയം. പക്ഷേ, ഭൂരിപക്ഷം 56,191 ആയിക്കുറഞ്ഞു.

കെ അനന്തഗോപന്‍
കെ അനന്തഗോപന്‍

2019ല്‍ ഇടതുപക്ഷം എംഎല്‍എ വീണാ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കി പോരാട്ടം കടുപ്പിച്ചെങ്കിലും മണ്ഡലത്തില്‍ ആന്റോ ആന്റണി ഹാട്രിക് വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് ആന്റോയുടെ ഭൂരിപക്ഷം വീണ്ടും 44,243 ആയി കുറഞ്ഞു. മണ്ഡല ചരിത്രത്തില്‍ ആദ്യമായി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ സുരേന്ദ്രന്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകള്‍ നേടി 28,97 ശതമാനം വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള സിപിഎമ്മിനെക്കാള്‍ വോട്ട് വിഹിതത്തില്‍ കുറവ് നാല് ശതമാനത്തിലധികം മാത്രം.

ആന്റോ ആന്റണി
ആന്റോ ആന്റണി

2009ല്‍ ബി രാധാകൃഷ്ണ മേനോന്‍ മത്സരിക്കുമ്പോള്‍ 7.06 ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. 2014ല്‍ സ്ഥാനാര്‍ഥിയായി എത്തിയ എംടി രമേശ് അത് ഇരട്ടിയാക്കി. ബിജെപി 1,39,954 വോട്ടുകള്‍ നേടി. 2019ല്‍ ബിജെപി സ്ഥാനാര്‍ഥിയായി എത്തിയ കെ സുരേന്ദ്രന്‍ മണ്ഡലം പിടിക്കുമെന്ന പ്രതീതി വരെയുണ്ടാക്കി. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള കോടതിവിധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന്റെ അലകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ബിജെപി സ്ഥാനാര്‍ഥിക്ക്് കഴിഞ്ഞ തവണത്തേക്കാള്‍ 13.5 ശതമാനം വോട്ടുകളുടെ വര്‍ധന.

 കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് ശേഷം മാറിയ പത്തനംതിട്ടയിലെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ തവണ മൂന്നാമതെത്തിയെങ്കിലും, കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ സംരക്ഷിക്കുകയെന്നതാണ് പ്രധാന വെല്ലുവിളി. മോദി എഫക്ടും വികസനങ്ങളുമാണ് ബിജെപിയുടെ പ്രധാന പ്രചരണായുധം. കഴിഞ്ഞ തവണ പിടിച്ച വോട്ടുകള്‍ക്കൊപ്പം സഭയുടെ പിന്തുണകൂടിയുണ്ടെങ്കില്‍ വിജയം സുനിശ്ചിതമാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി നായര്‍ വോട്ടുകളും ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗത്തിന്റെ വോട്ടുകളും ബിജെപിക്ക് അനുകൂലമായി വരുന്നൊരു ട്രെന്റും മണ്ഡലത്തിന്റെ പ്രത്യേകതയാണ്.

കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ മത്സരം കടുക്കുമെന്ന കൃത്യമായ ധാരണ കോണ്‍ഗ്രസിനുണ്ട്. അതിനാല്‍ തന്നെ വോട്ടുചോര്‍ച്ച തടയുക ലക്ഷ്യമിട്ട് അതിനുയോജ്യമായ രീതിയില്‍ അടുക്കും ചിട്ടയോടെയുമാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. വിജയം കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്. എന്തുവില കൊടുത്തുമണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം. കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ മത്സരത്തിന് കച്ചകെട്ടി ഇറക്കിയതോടെ കോണ്‍ഗ്രസിനും ബിജെപിക്കും ഇക്കുറി മത്സരം കടുക്കുമെന്നുറപ്പ്. സര്‍പ്രൈസ് സ്ഥാനാര്‍ഥി പ്രഖ്യാപനവുമായാണ് ഇത്തവണയും ബിജെപി അങ്കത്തിനിറങ്ങുന്നത്. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടി വന്ന ബിജെപി ഇക്കുറി രണ്ടുകല്‍പ്പിച്ചുതന്നെയാണ് ഇറങ്ങിയിരിക്കുന്നത്.

ശബരിമല വിഷയത്തോടെ മൂന്ന് മുന്നണികള്‍ക്കു വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. പരമ്പരാഗതമായി ലഭിച്ചിരുന്ന പിന്തുണ നിലനിര്‍ത്തുക എന്നതാണ് യുഡിഎഫ്. നേരിടുന്ന വെല്ലുവിളി. യുഡിഎഫ്. വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കേണ്ടത് മണ്ഡലം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് ആവശ്യമാണ്. എന്തുവിലകൊടുത്തും ജയിക്കണമെന്ന ആവേശത്തിലാണ് ബിജെപിയും. എല്ലാവരും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്ന പത്തനംതിട്ടയില്‍ പ്രചനങ്ങള്‍ക്ക് സ്ഥാനമില്ല. എതിരാളിയെക്കാള്‍ മേല്‍ക്കൈ നേടുന്നവനൊപ്പം നില്‍ക്കും വിജയം. എന്തായാലും ഒന്നുറപ്പ്. പോരാട്ടം ഇത്തവണയും കനക്കും.

പത്തനംതിട്ട ലോക്സഭാ മണ്ഡലം
കേരള കോൺഗ്രസുകാരുടെ ഏറ്റുമുട്ടൽ; പിന്നണിയിൽ കരുത്ത് പകർന്ന് സിപിഎമ്മും കോൺഗ്രസും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com