കോട്ടയം ലോക്സഭാ മണ്ഡലം
കോട്ടയം ലോക്സഭാ മണ്ഡലം

കേരള കോൺഗ്രസുകാരുടെ ഏറ്റുമുട്ടൽ; പിന്നണിയിൽ കരുത്ത് പകർന്ന് സിപിഎമ്മും കോൺഗ്രസും

47 വര്‍ഷത്തിനു ശേഷം നേരിട്ടുള്ള കേരള കോണ്‍ഗ്രസ് പോരാട്ടമാണ് ഇത്തവണ കോട്ടയത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ബദ്ധവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇരുവര്‍ക്കും തോല്‍വി മരണത്തിന് തുല്യമാണ്. അതുകൊണ്ടുതന്നെ ഇരുവരും ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നുമില്ല. ഇത്തവണ പരിചയ സമ്പന്നരുടെ മത്സരം കൂടിയാവുമ്പോള്‍ ഇരുമുന്നണികളും തുല്യപ്രതീക്ഷയിലാണ്.

ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, വൈക്കം, പിറവം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് കോട്ടയം ലോക്സഭാ മണ്ഡലം. നാലിടത്ത് യുഡിഎഫിനും മൂന്നിടത്ത് എല്‍ഡിഎഫിനുമാണ് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് കണക്കുകളുടെ കള്ളിയില്‍ മുന്‍തൂക്കം കോണ്‍ഗ്രസിനാണ്. 17 തെരഞ്ഞെടുപ്പുകളില്‍ 12 തവണയും യുഡിഎഫിനൊപ്പം. ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുള്ള സഹതാപതരംഗത്തിനിടയില്‍ 1984-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരേയൊരു മണ്ണിലേ ചെങ്കൊടി പാറിയിട്ടുള്ളു. അത് കോട്ടയമാണെന്നതും ശ്രദ്ധേയമാണ്. അനുകൂലമെന്ന് തോന്നുമ്പോള്‍ അത് തെറ്റിക്കുന്നതും കോട്ടയത്തിന്റെ പതിവാണ്.

സംസ്ഥാനത്ത് ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിനാല്‍ അതിന്റെ ആത്മവിശ്വാസം ഇരുസ്ഥാനാര്‍ഥികള്‍ക്കുമുണ്ട്. വ്യക്തിബന്ധങ്ങളും ചിട്ടയായ പ്രചാരണ സംവിധാനങ്ങളും തങ്ങള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. മുന്നണി മാറിയവരോടുള്ള കണക്കുതീര്‍ക്കാനുള്ള നല്ലൊരു അവസരമായി യുഡിഎഫും കരുതുന്നു. പുറമേയുള്ള പ്രചാരണങ്ങള്‍ക്കുമപ്പുറം ശക്തമായ അടിയൊഴുക്കുകള്‍ ഇത്തവണ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. കോട്ടയത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ റബറിന്റെ വിലയിടിവാണ് ഇരുമുന്നണികളും ഉയര്‍ത്തുന്നത്. കര്‍ഷകരുടെ വികാരം ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാകും ഫലം നിര്‍ണയിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്ഥാന രൂപീകരണത്തിന് മുമ്പ്, 1952 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോട്ടയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സി പി മാത്യുവിനായിരുന്നു വിജയം. സംസ്ഥാനം രൂപികരിച്ച ശേഷം നടന്ന ആദ്യതെരഞ്ഞടുപ്പിലും വിജയം കോണ്‍ഗ്രസിനും തന്നെ. 57ലും 62ലും മാത്യു മണിയങ്ങാടന്‍ കോട്ടയത്തു നിന്ന് പാര്‍ലമെന്റിലെത്തി. 1967ലാണ് കോട്ടയം ആദ്യമായി ചുവന്നു. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച് കെഎം എബ്രഹാം ആണ് കോട്ടയത്തുനിന്ന് പാര്‍ലമെന്റില്‍ എത്തി. മണ്ഡലചരിത്രത്തില്‍ രണ്ട് സ്ഥനാര്‍ഥികള്‍ മാത്രമെ അരിവാള്‍ ചിഹ്നത്തില്‍ വിജയം നേടിയിട്ടുള്ളു

1971ലാണ് കോട്ടയത്ത് നിന്ന് ആദ്യമായി കേരളാ കോണ്‍ഗ്രസിന്റെ പ്രതിനിധി പാര്‍ലമെന്റില്‍ എത്തുന്നത്. വര്‍ക്കി ജോര്‍ജ്ജിനായിരുന്നു വിജയം. 76ല്‍ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നു. ബാലകൃഷ്ണപ്പിള്ളയുടെ കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫിനൊപ്പവും മാണി യുഡിഎഫിനൊപ്പവും നിന്നു.

Melton Antony

പിളര്‍ന്നതിന് ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ ഇരു കേരള കോണ്‍ഗ്രസുകളും ആദ്യമായി പരസ്പരം ഏറ്റുമുട്ടി. മാണി വിഭാഗത്ത് നിന്നും സ്‌കറിയ തോമസും, പിള്ള വിഭാഗം സ്ഥാനാര്‍ഥിയായി വര്‍ക്കി ജോര്‍ജും മത്സര രംഗത്ത്. മാണി വിഭാഗം സ്ഥാനാര്‍ഥി സ്‌കറിയ തോമസിനായിരുന്നു വിജയം. 79ല്‍ ഇടതിലേക്ക് മടങ്ങിയെത്തിയ മാണിവിഭാഗം 1980ലെ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിലെ കെഎം ചാണ്ടിയെ പരാജയപ്പെടുത്തി. സ്‌കറിയാ തോമസിന്റെ രണ്ടാം ജയം

1984ല്‍ മണ്ഡലം വീണ്ടും ചുവന്നു. സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച കെ സുരേഷ് കുറുപ്പ് പാര്‍ലമെന്റിലെത്തി. 1989 ല്‍ രമേശ് ചെന്നിത്തലയിലുടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 91ലും 96ലും തുടര്‍വിജയത്തോടെ രമേശ് മണ്ഡലത്തിലെ ആദ്യ ഹാട്രിക് വിജയം നേടി, ജനതാദളിലെ ജയലക്ഷ്മിയെ തോല്‍പ്പിച്ചായിരുന്നു ചെന്നിത്തലയുടെ വിജയം.

പക്ഷേ നാലാം അങ്കത്തില്‍ കോട്ടയം രമേശിനെ കൈവിട്ടു. സുരേഷ് കുറുപ്പ് മടങ്ങിയെത്തി. 98 മുതല്‍ 2004 വരെ സുരേഷ് കുറുപ്പായിരുന്നു മണ്ഡലത്തിന്റെ ജനപ്രതിനിധി. ചെന്നിത്തലയ്ക്ക് ശേഷം സുരേഷ് കുറുപ്പും മണ്ഡലത്തില്‍ ഹാട്രിക് വിജയം സ്വന്തമാക്കി. 2009ലും 2014ലും കേരളാ കോണ്‍ഗ്രസില്‍ നിന്ന് ജോസ് കെ മാണി വിജയിച്ചുകയറി. 2019ലെ യുഡിഎഫ് തരംഗത്തില്‍ അധികം വിയര്‍ക്കാതെ തന്നെ കോട്ടയത്ത് മാണി കോണ്‍ഗ്രസ് വിജയിച്ചുകയറി. ഇത്തവണ കഴിഞ്ഞ തവണ തോറ്റ പാര്‍ട്ടിക്കൊപ്പമാണ് മാണി കോണ്‍ഗ്രസ്. കണക്കില്‍ യുഡിഎഫ് കോട്ടയാണെങ്കില്‍ ഇത്തവണ ഇരുമുന്നണികളുടെയും കണക്കൂകൂട്ടലുകള്‍ തെറ്റുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

കാര്യമായ മുന്നേറ്റമില്ലെങ്കിലും നിശ്ചിത വോട്ട് ബാങ്ക് മണ്ഡലത്തില്‍ ബിജെപിക്കുണ്ട്. കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച പിസി തോമസിന് ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. 2014 എന്‍ഡിഎ സ്ഥാനാര്‍ഥി നോബിള്‍ മാത്യ നേടിയത് 44,357 വോട്ടുകളാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കണ്ടത് ഒരുലക്ഷത്തിലധികം വോട്ടിന്റെ വര്‍ധന. ഇത്തവണ അതുകൊണ്ടുതന്നെ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനാകുമെന്ന് ബിജെപി കരുതുന്നു. ഇത്തവണ എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസാണ് മത്സരരംഗത്ത്. ബിഡിജഎസിന്റെ വരവോടെ വോട്ട് ചോര്‍ച്ച ഇടത്തുനിന്നാകും വലത്തുനിന്നാകുമോ എന്ന ആശങ്ക ഇരുമുന്നണിക്കുമുണ്ട്.

ആര്‍ക്കും പ്രവചിക്കാനാകാത്തതാണ് കോട്ടയത്തുകാരുടെ വോട്ടുമനസ്. സ്ഥാനാര്‍ഥികളുടെ മികവ് നോക്കി പാര്‍ലമെന്റില്‍ എത്തിക്കുന്ന ശീലവും ഇവിടെ കാണാം. തുല്യപ്രതീക്ഷകള്‍ ഇരുകൂട്ടരും പങ്കുവെക്കുമ്പോള്‍ അക്ഷരനഗരിയിലെ അഭിമാനപോരാട്ടത്തില്‍ ഇത്തവണ ജനമനസ് ആര്‍ക്കൊപ്പമെന്നറിയാന്‍ കാത്തിരിപ്പ് തുടരുക തന്നെ.

കോട്ടയം ലോക്സഭാ മണ്ഡലം
അഭിമാനക്കോട്ട തകരുമോ?; ആലപ്പുഴയില്‍ കരുത്തരുടെ പോരാട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com