ജാതി സെന്‍സസ് കേരളത്തിലെ സമുദായങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തും: സ്വാമി സച്ചിദാനന്ദ

ചില ആളുകള്‍ അത്തരം ഡാറ്റ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല
സ്വാമി സച്ചിദാനന്ദ
സ്വാമി സച്ചിദാനന്ദഫോട്ടോ: ബിപി ദീപു, ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

തിരുവനന്തപുരം: ജാതി സെന്‍സസ് നടത്തുന്നത് കേരളത്തിലെ സമുദായങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തുമെന്ന് ശിവഗിരി മഠം മേധാവിയും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ. ചില ആളുകള്‍ അത്തരം ഡാറ്റ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവെ സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കിയത് ഇടതുപക്ഷ സര്‍ക്കാരല്ലേ? സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനം തന്നെ ജാതി സെന്‍സസ് നടപ്പാക്കാത്തതാണ്. സംവരണം അവസാനിപ്പിച്ചാല്‍ ജാതി വിവേചനം ഇല്ലാതാകുമെന്ന വാദത്തോട് സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.

വികലാംഗര്‍ക്ക് വാക്കിംഗ് സ്റ്റിക്ക് നല്‍കുന്നത് പോലെയാണ് സംവരണം. സംവരണം കൊണ്ട് മാത്രമാണ് താഴ്ന്ന ജാതിയില്‍പ്പെട്ട കുറച്ചുപേര്‍ക്ക് ക്ലാസ് ഫോര്‍ ജീവനക്കാരായി മാറാന്‍ കഴിഞ്ഞത്. സാമ്പത്തിക സംവരണത്തിന് വേണ്ടി ജാതി സംവരണം നിര്‍ത്തലാക്കുന്നത് പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാക്കും, താഴ്ന്ന ജാതിക്കാര്‍ക്ക് ക്ലാസ്-ഫോര്‍ ജീവനക്കാരുടെ ഗ്രേഡിലേക്ക് പോലും എത്താന്‍ കഴിയില്ല.

ഇന്നും, പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക്, ഉയര്‍ന്ന ജാതിക്കാരോട് ബൗദ്ധികമായി മത്സരിക്കാന്‍ കഴിയുന്നില്ല. സാമ്പത്തിക സംവരണം മുന്നാക്ക സമുദായങ്ങളെ മാത്രം സഹായിക്കുന്നതിനാണ് ഇടയാക്കുക. സാമൂഹിക നീതിയും സമത്വവും കൊണ്ടുവരാന്‍ അതിന് കഴിയില്ല. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന്റെ ഉന്നമനമാണ് സംവരണം ലക്ഷ്യമിടുന്നത്. അതിനെ ജാതീയതയുടെ ഭാഗമായി വിശേഷിപ്പിക്കാനാവില്ല. രക്തം പൊടിയാതെ ശസ്ത്രക്രിയ നടത്താനാകുമോ എന്നും സ്വാമി സച്ചിദാനന്ദ ചോദിച്ചു.

ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും അവരുടേതായ പ്രത്യേക മതഗ്രന്ഥങ്ങളും സ്ഥാപകരുമുണ്ട്. ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം, അത്തരം ആചാരപരമായ നിര്‍ബന്ധങ്ങളില്ല. അതിനാല്‍, അവര്‍ ഒരിക്കലും ഒരു സംഘടിത ശക്തിയാകില്ല. ഹിന്ദുക്കള്‍ ബ്രാഹ്മണര്‍, നായര്‍ അല്ലെങ്കില്‍ ഈഴവര്‍ എന്നിങ്ങനെ വ്യത്യസ്ത സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഓരോ സമുദായവും ഒരു പ്രത്യേക മതം പോലെ പ്രവര്‍ത്തിക്കുന്നു.

എസ് സി- എസ് ടി മുഖ്യമന്ത്രി എന്നുണ്ടാകും?

ഇന്ത്യയില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ചാതുര്‍വര്‍ണ സമ്പ്രദായം ഇന്ന് നിലവിലില്ല. ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായി. ഉത്തര്‍പ്രദേശില്‍ മായാവതി പല തവണ മുഖ്യമന്ത്രി പദവിയിലിരുന്നു. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയമായി പ്രബുദ്ധരാണെന്ന് പലരും അവകാശപ്പെടുന്നു. എന്നാല്‍ കെ ആര്‍ ഗൗരിയമ്മയെ പോലെ ഒരാള്‍ ഇവിടെ മുഖ്യമന്ത്രിയാകുമോ? പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള ഒരു മുഖ്യമന്ത്രിക്കായി ഇനിയും എത്ര വര്‍ഷം കാത്തിരിക്കണം? ഏതുതരം രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്? സംവരണ സീറ്റായ ഒറ്റപ്പാലത്ത് നിന്നാണ് കെ ആര്‍ നാരായണന് മത്സരിക്കേണ്ടി വന്നത്.

ജാതീയത ഇപ്പോഴും കര്‍ക്കശമാണ്. ഇത് മാറണം. മറ്റൊരു രാജ്യത്തും ഇല്ലാത്ത ഒരു സംസ്‌കാരം ഭാരതത്തിലും കേരളത്തിലും കടന്നു വന്നതായി തോന്നുന്നു. ജാതിവിവേചനം ഒരു സമുദായത്തിലും പരിമിതപ്പെട്ടിരുന്നില്ല. ബ്രാഹ്മണര്‍ ഉള്‍പ്പെടെ എല്ലാ സമുദായങ്ങളിലും അത് നിലവിലുണ്ട്.

എല്ലാ മതങ്ങളുടെയും സംഗമ ദര്‍ശനം ലോകത്തിന് സമ്മാനിച്ച വ്യക്തിയാണ് ഗുരു. അദ്ദേഹം അദ്വൈത വേദാന്തത്തെ പിന്തുടര്‍ന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്വൈതം ഒരു തത്ത്വചിന്ത മാത്രമല്ല, ഒരു ജീവിതരീതിയായിരുന്നു. ശ്രീശങ്കരന്‍ അദ്വൈതത്തെ ഒരു പ്രത്യയശാസ്ത്ര മണ്ഡലത്തില്‍ അവതരിപ്പിച്ചപ്പോള്‍, ഗുരു അതിനെ ഒരു ജീവിതരീതിയാക്കിയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഗുരുവിനെ സ്വന്തമാക്കാന്‍ രാഷ്ട്രീയക്കാരുടെ ശ്രമം

എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും ശ്രീനാരായണഗുരുവിനെ സ്വന്തം പക്ഷത്ത് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. സംഘപരിവാര്‍ തങ്ങളുടെ സ്വന്തം ആളായി ഗുരുവിനെ പ്രതിഷ്ഠിക്കുന്നു. ഗുരു മഹാനായ കമ്മ്യൂണിസ്റ്റാണെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ അവകാശപ്പെടുന്നത്. ഗുരു ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തുമായിരുന്നുവെന്ന് ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പറഞ്ഞു. ഗുരു തങ്ങളുടേതാണെന്നാണ് കോണ്‍ഗ്രസുകാര്‍ കരുതുന്നത്. പിഡിപിയുടെ പോസ്റ്ററുകളിലും ഗുരുവിന്റെ ചിത്രമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗുരു വളരെ പ്രിയപ്പെട്ടതാണ്. സ്വാമി സച്ചിദാനന്ദ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com