അധിക വരുമാനം ലക്ഷ്യമിട്ട് സര്‍ക്കാര്‍; വിദേശമദ്യത്തിന്റെ ഗാലനേജ് ഫീ പത്തു രൂപയായി കൂട്ടി; കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവേറും

ടൂറിസ്റ്റ് ബസുകളുടെ രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: അധികവിഭവ സമാഹരണം ലക്ഷ്യമിട്ട് ഫീസ് നിരക്കുകളില്‍ വര്‍ധന വരുത്തി സര്‍ക്കാര്‍. സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്മേല്‍ ഗാലനേജ് ഫീസ് ലിറ്ററിന് പത്തു രൂപയായി വര്‍ധിപ്പിച്ചു. ഇതുവഴി 200 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

മദ്യനിര്‍മ്മാണ കമ്പനി ലാഭത്തില്‍ നിന്നും അടയ്‌ക്കേണ്ട തുകയാണ് ഗാലനേജ് ഫീ. നിലവില്‍ ഇത് അഞ്ചു പൈസയായിരുന്നു. ഇതാണ് പത്തു രൂപയായി വര്‍ധിപ്പിച്ചത്. ഗാലനേജ് ഫീ ലിറ്ററിന് 30 രൂപ വരെ വര്‍ധിപ്പിക്കാന്‍ അബ്കാരി നിയമം അനുവദിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഗാലനേജ് ഫീ വര്‍ധിപ്പിച്ചതു മൂലം മദ്യവില വര്‍ധിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കോടതി വ്യവഹാരങ്ങള്‍ക്കും ഇനി ചെലവ് കൂടും. ജുഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് നിരക്കുകള്‍ പരിഷ്‌കരിക്കും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സംസ്ഥാനത്ത് ജുഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും 1981ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് 138 ന്റെ വകുപ്പുകളില്‍ പെടുന്ന കേസുകളില്‍ പ്രത്യേക കോടതി ഫീസുകള്‍ ഈടാക്കി വരുന്നുണ്ട്. സംസ്ഥാനത്ത് 10 രൂപയായിട്ടാണ് ഇതു തുടരുന്നത്.

സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യുന്ന അപ്പീലിന് ആയിരം രൂപയും പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന അപ്പീലില്‍, വിചാരണക്കോടതിയില്‍ ഒടുക്കിയ കോടതിഫീസിന്റെ പകുതിക്ക് തുല്യമായ തുകയും കോടതി ഫീസായി ഉയര്‍ത്തി.

ഹൈക്കോടതിയിലെ റിവിഷന്‍ പെറ്റീഷനില്‍ ചെക്കു തുകയുടെ പത്തിലൊന്നും, ശിക്ഷാവിധിക്കെതിരെ കുറ്റാരോപിതന്‍ ഫയല്‍ ചെയ്യുന്ന റിവിഷന്‍ പെറ്റീഷന്‍ 1500 രൂപയും കോടതി ഫീസായി ഉയര്‍ത്തി. 1984 ലെ ഫാമിലി കോര്‍ട്ട് ആക്ടില്‍ സംസ്ഥാനത്തെ കുടുംബ കോടതികളില്‍ 7-1 സി പ്രകാരം വസ്തു സംബന്ധമായ കേസുകള്‍ ഫയല്‍ ചെയ്യുന്നതിന് നിലവില്‍ 50 രൂപയാണ് ഫീസ്. ഇതും കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

ഫയല്‍ ചിത്രം
കെഎസ്ആര്‍ടിസിക്ക് 128.54 കോടി രൂപ; ബിഎസ് 6 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് 92 കോടി രൂപ

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.2 പൈസ ചുമത്തിയിരുന്നു. 1963 ല്‍ നിശ്ചയിച്ച തുകയാണിത്. ഇത് യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചു. ഇതിലൂടെ 24 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

കേരള ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ലൈസന്‍സികള്‍ വില്‍ക്കുന്ന ഓരോ യൂണിറ്റിനും നല്‍കേണ്ട ഡ്യൂട്ടി നിരക്ക് ആറു പൈസ എന്നതില്‍ നിന്നും യൂണിറ്റിന് 10 പൈസയായി വര്‍ധിപ്പിച്ചു. ഇതിലൂടെ 101.41 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com