ആന ബാവലിക്ക് സമീപമെന്ന് സിഗ്നല്‍; ദൗത്യസംഘം ഉള്‍വനത്തിലേക്ക്; പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

നാലു കുങ്കിയാനകളെയും ബാവലിയില്‍ എത്തിച്ചിട്ടുണ്ട്
ആനയെ പിടികൂടാനെത്തിയ വനംവകുപ്പ്സംഘം
ആനയെ പിടികൂടാനെത്തിയ വനംവകുപ്പ്സംഘംടിവി ദൃശ്യം

മാനന്തവാടി: വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബാവലിക്ക് സമീപമെന്ന് വനംവകുപ്പ്. ബാവലി സെക്ഷനിലെ വനമേഖലയില്‍ നിന്നും ആനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചു. കാട്ടിക്കുളം ബാവലി റോഡിനോട് ചേര്‍ന്ന് ചെമ്പകപ്പാറ പ്രദേശത്താണ് ആനയുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ആനയെ കണ്ടെത്തി മയക്കുവെടി വെക്കുന്നതിനായി ദൗത്യ സംഘം ഉള്‍വനത്തിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് സിസിഎഫ് മാരുടേയും അഞ്ച് ഡിഎഫ്ഒ മാരുടേയും നേതൃത്വത്തിലാണ് ആനയെ പിടിക്കാനുള്ള ദൗത്യം തുടരുന്നത്. നാലു വെറ്ററിനറി ഓഫീസര്‍മാരും ദൗത്യസംഘത്തിലുണ്ട്.

ആനയെ പിടികൂടാനെത്തിയ വനംവകുപ്പ്സംഘം
വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷല്‍ സെല്‍ രൂപീകരിക്കും; രണ്ട് ആര്‍ആര്‍ടികള്‍ കൂടി; മന്ത്രി എകെ ശശീന്ദ്രന്‍

നാലു കുങ്കിയാനകളെയും ബാവലിയില്‍ എത്തിച്ചിട്ടുണ്ട്. സാഹചര്യം ഒത്തു വന്നാല്‍ ഇന്നു തന്നെ മയക്കുവെടി വെക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും, ജാഗ്രത പാലിക്കണമെന്നും തിരുനെല്ലി പഞ്ചായത്ത് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

പടമല കുന്നുകളില്‍ നിന്നും പുലര്‍ച്ചെയോടെ ബാവലി റോഡ് മുറിച്ചു കടന്ന ആന മണ്ണുണ്ടി കാടുകളില്‍ എത്തിയിരുന്നു. മൈസൂരു-മാനന്തവാടി റോഡിനോട് ചേര്‍ന്ന് മൂന്നര കിലോമീറ്ററോളം അകലെ ആനപ്പാറ വളവിലെ ഉള്‍വനത്തില്‍ ആനയുള്ളതായാണ് ഒടുവില്‍ സിഗ്നല്‍ ലഭിച്ചിട്ടുള്ളത്.

കേരളത്തിലെ ജനവാസ മേഖലയില്‍ മോഴയാന തുടര്‍ന്നാല്‍ മയക്കുവെടി വെക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. കര്‍ണാടക വനത്തിനുള്ളിലേക്ക് നീങ്ങിക്കഴിഞ്ഞാല്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത് കര്‍ണാടക സര്‍ക്കാരാണ് എന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. കര്‍ണാടകയില്‍നിന്നു റേഡിയോ കോളര്‍ ധരിപ്പിച്ചുവിട്ട കാട്ടാന ഇന്നലെയാണ് കര്‍ഷകനെ പിന്തുടര്‍ന്നെത്തി ചവിട്ടിക്കൊന്നത്. ടാക്‌സി ഡ്രൈവര്‍ കൂടിയായ പനച്ചിയില്‍ അജീഷാണ് (47) കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com