'ഞാന്‍ അങ്ങോട്ടു വരുന്നമ്മേ...മിനിറ്റുകള്‍ക്കകം അവന്‍ പോയെന്ന് സന്ദേശം'; സിദ്ധാര്‍ഥ് ജീവനൊടുക്കിയതല്ല, കൊന്ന് കെട്ടിത്തൂക്കിയതെന്ന് കുടുംബം

പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ ബിവിഎസ് സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാര്‍ഥിനെ (20) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം
പൂക്കോട് വെറ്ററിനറി സര്‍വകലാശാല , സിദ്ധാര്‍ഥ്
പൂക്കോട് വെറ്ററിനറി സര്‍വകലാശാല , സിദ്ധാര്‍ഥ്ടിവി ദൃശ്യം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ ബിവിഎസ് സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാര്‍ഥിനെ (20) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സിദ്ധാര്‍ഥിനെ കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്നും സംഭവം ആത്മഹത്യയാക്കി മാറ്റാന്‍ കോളജ് അധികൃതരും പൊലീസ് ശ്രമിക്കുകയാണെന്നും പിന്നില്‍ എസ്എഫ്‌ഐക്കാര്‍ ആണെന്നും കുടുംബം ആരോപിച്ചു.

18ന് ഹോസ്റ്റല്‍ ഡോര്‍മിറ്ററിയിലെ കുളിമുറിയിലാണ് സിദ്ധാര്‍ഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും വാക്കുകള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ അതു കൊലപാതമാണെന്ന ഉറച്ച വിശ്വാസത്തിലാണ് അച്ഛന്‍ ടി ജയപ്രകാശും അമ്മ എം ആര്‍ ഷീബയും ബന്ധുക്കളും. '14ന് വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം സിദ്ധാര്‍ഥ് നൃത്തം ചെയ്തതിന്റെ പേരില്‍ മര്‍ദിച്ചു. നൂറോളം വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ വിവസ്ത്രനാക്കി അടിച്ചു. ബെല്‍റ്റ് കൊണ്ടു പലവട്ടം അടിച്ചു. 3 ദിവസം ഭക്ഷണമോ വെള്ളമോ നല്‍കിയില്ല'- സിദ്ധാര്‍ഥിന്റെ അമ്മ പറഞ്ഞു.

'ഞാന്‍ അങ്ങോട്ടു വരുന്നമ്മേ. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണ അമ്മയെ ഞാന്‍ കൊണ്ടുപോകാം. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ഒരു സീനിയര്‍ വിദ്യാര്‍ഥി വിളിച്ചു പറഞ്ഞു. അവന്‍ പോയെന്ന്' -ഇതായിരുന്നു സിദ്ധാര്‍ഥിന്റെ അവസാനത്തെ വാക്കുകള്‍ എന്നും കുടുംബം പറയുന്നു.

'അവന്‍ അങ്ങനെ ചെയ്യില്ല. ഞങ്ങളുടെ പൊന്നുമോനെ അവരെല്ലാം ചേര്‍ന്ന് അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണ്. അവന്‍ കൊല്ലപ്പെടുന്നതിനു 2 മണിക്കൂര്‍ മുന്‍പ് ഫോണില്‍ സംസാരിച്ചതാണ്. അവന്റെ സംസാരത്തില്‍ ഇങ്ങനെ ഒരു കടുംകൈ ചെയ്യാന്‍ പോകുന്നതിന്റെ ഒരു സൂചനയും ഇല്ലായിരുന്നു''- മാതാപിതാക്കള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തില്‍ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവരുള്‍പ്പെടെ 12 പേരാണ് പ്രതികള്‍. തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറയുമ്പോഴും കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

24നു വൈകീട്ട് വരെ പ്രതികളില്‍ ഭൂരിഭാഗവും ക്യാംപസിലുണ്ടായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പ്രതികളെ സംരക്ഷിക്കാന്‍ കോളജ് അധികൃതരും പൊലീസും ഇടപെടല്‍ നടത്തുന്നതായി തുടക്കത്തില്‍തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള സൗകര്യമൊരുക്കിയതിനു ശേഷമാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നും ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ആരോപിച്ചു.

എന്നാല്‍, പരാതി ലഭിച്ചപ്പോള്‍ത്തന്നെ അന്വേഷണം നടത്തി കുറ്റക്കാരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും സിദ്ധാര്‍ഥിനു മര്‍ദനമേറ്റ വിവരം അപ്പോള്‍ ആരും അറിയിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. റാഗിങ്ങിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല , സിദ്ധാര്‍ഥ്
ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com