പുതുവര്‍ഷ ദിനത്തില്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക്; നെയ്യഭിഷേകത്തിന് 18,018 നെയ്യ് തേങ്ങകള്‍, സുരക്ഷ ശക്തമാക്കി

പുതുവര്‍ഷ ദിനത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ ഭക്തരുടെ ഒഴുക്ക്
സന്നിധാനത്തെ ഭക്തജനത്തിരക്ക്/ഫയൽ
സന്നിധാനത്തെ ഭക്തജനത്തിരക്ക്/ഫയൽ

പത്തനംതിട്ട: പുതുവര്‍ഷ ദിനത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ ഭക്തരുടെ ഒഴുക്ക്. ശബരിമലയില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടതോടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. മണ്ഡലപൂജയ്ക്ക് ശേഷം മകരവിളക്ക് ഉത്സവത്തിനായി രണ്ടുദിവസം മുന്‍പാണ് ശബരിമല നട തുറന്നത്.

രാവിലെ മൂന്ന് മണിക്ക് നട തുറയ്ക്കുന്നതിന് മുന്‍പ് തന്നെ സന്നിധാനത്ത് ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു. പുതുവര്‍ഷ ദിനത്തില്‍ നിര്‍മ്മാല്യത്തിന് ശേഷം നെയ്യഭിഷേകത്തിനായി 18,018 നെയ്യ് തേങ്ങകളാണ് ലഭിച്ചത്. നെയ്യഭിഷേകത്തിന് ഇന്നലെയാണ് തുടക്കമായത്. പുലര്‍ച്ചെ രാവിലെ മൂന്നിന് നിര്‍മാല്യ ദര്‍ശനത്തിനും ഗണപതി ഹോമത്തിനും പതിവ് അഭിഷേകത്തിനും ശേഷം 3.30നാണ് നെയ്യഭിഷേകം ആരംഭിച്ചത്. ഏഴു മണി വരെയും തുടര്‍ന്ന് രാവിലെ 8 മുതല്‍ 11.30 വരെയാണ് അഭിഷേകം. ജനുവരി 19 വരെയാണ് തീര്‍ത്ഥാടകരുടെ നെയ്യഭിഷേകത്തിന് അനുമതിയുള്ളത്.

മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. ബംഗളൂരുവില്‍ നിന്നുള്ള നാലു ഭക്തര്‍ വഴിപാടായാണ് നെയ്യ് തേങ്ങകള്‍ സമര്‍പ്പിച്ചത്. നെയ്യഭിഷേകത്തിനായി പമ്പാ ഗണപതി ക്ഷേത്രത്തിലാണ് 20000 നെയ്യ് തേങ്ങകള്‍ നിറച്ചത്. ട്രാക്ടറിലാണ് നെയ്യ് തേങ്ങകള്‍ സന്നിധാനത്ത് എത്തിച്ചത്. 2021 ജനുവരി ഒന്നിനും 18,018 നെയ്യ് തേങ്ങകള്‍ ഉപയോഗിച്ചാണ് അഭിഷേകം നടത്തിയത്. 

മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം പ്രസാദ ശുദ്ധിക്രിയകളും 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. 15നാണ് മകരവിളക്ക്. അന്നു പുലര്‍ച്ചെ 2.46ന് മകരസംക്രമ പൂജയും നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകുന്നേരം അഞ്ചിനാണ് അന്ന് നടതുറക്കുക. തുടര്‍ന്ന്, തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും.

19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് രാവിലെ പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം നടയടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com