2024നെ വരവേറ്റ് നാടും നഗരവും; ഫോര്‍ട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

കൊച്ചിയില്‍ പതിവുപോലെ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് 2024ലേക്ക് കടന്നത്.
ചിത്രം/ ഫെയ്‌സ്ബുക്ക്
ചിത്രം/ ഫെയ്‌സ്ബുക്ക്

കൊച്ചി: പുതുവത്സരത്തെ വരവേറ്റ് നാടും നഗരവും.  ക്ലോക്കില്‍ സൂചികള്‍ 12 മണിയിലേക്ക് എത്തിയപ്പോള്‍ കരിമരുന്ന് പ്രയോഗങ്ങളോടെയാണ് രാജ്യം പുതുവര്‍ഷത്തിലേക്ക് കടന്നത്. വൈകീട്ടോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ പലയിടത്തും പുലര്‍ച്ചെ വരെ നീണ്ടു.

രാജ്യത്തെ പ്രധാന നഗരങ്ങളായ ദില്ലി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ ആളുകള്‍ ആഘോഷവുമായി രംഗത്തിറങ്ങി. ഷിംലയില്‍ ഇതുവരെയില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഗോവയിലും ആഘോഷം പൊടിപൊടിച്ചു.

കൊച്ചിയില്‍ പതിവുപോലെ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് 2024ലേക്ക് കടന്നത്. ആഘോഷവും ആരവങ്ങളുമായി പതിനായിരങ്ങളാണ് ഇത്തവണയും ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. 80 അടി ഉയരമുള്ള പടുകൂറ്റന്‍ പാപ്പാഞ്ഞിയെ കൃത്യം 12 മണിക്ക് തിരികൊളുത്തി. ഹര്‍ഷാരവങ്ങള്‍ക്കൊപ്പം ഹാപ്പി ന്യൂ ഇയര്‍ വിളികള്‍ മുഴങ്ങി. 

കഴിഞ്ഞവര്‍ഷത്തെ അപകട സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തിലാണ് ഇത്തവണ ആഘോഷം നടന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം വിന്യസിച്ചത് ആയിരത്തോളം പൊലീസുകാരെയായിരുന്നു. വൈകിട്ട് 4 മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഫോര്‍ട്ട് കൊച്ചിക്കൊപ്പം പുതുവൈപ്പിനിലും കൊച്ചി നഗരത്തിലും കോര്‍പ്പറേഷനും, ജില്ലാ ഭരണകൂടവും പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മറൈന്‍ ഡ്രൈവിലും പരിസരത്തും ഇലുമിനേറ്റഡ് ജോയ്, സ്‌പ്രെഡിംഗ് ഹാര്‍മണി' എന്ന പേരില്‍ വര്‍ണ വിളക്കുകകളുടെ വിസ്മയമൊരുക്കിയാണ് പുതുവര്‍ഷത്തെ സ്വീകരിച്ചത്.

ബേപ്പൂര്‍, കോഴിക്കോട് അടക്കം പ്രധാനപ്പെട്ട ബീച്ചുകളും മാനാഞ്ചിറയും കേന്ദ്രീകരിച്ചായിരുന്നു കോഴിക്കോട്ടെ പുതുവര്‍ഷാഘോഷങ്ങള്‍. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ആടിയും പാടിയും പടക്കങ്ങള്‍ പൊട്ടിച്ചും കോഴിക്കോട്ടുകാര്‍ പുതുവര്‍ഷത്തെ വരവേറ്റു. തിരുവന്തപുരത്ത് മാനവീയം വീഥിയില്‍ അടക്കം പുതുവര്‍ഷ ആഘോഷങ്ങള്‍ നടന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com