കമ്യൂണിസ്റ്റുകാര്‍ അധികാര ഗര്‍വോടെ പെരുമാറരുത്, വിനീതവിധേയരാകണം:  പി ജയരാജന്‍

തെരഞ്ഞെടുപ്പുകളില്‍ തോറ്റെന്ന് കരുതി നിലപാടുകള്‍ എല്ലാം തെറ്റാണെന്ന് പറയാന്‍ കഴിയില്ല
പി ജയരാജന്‍ / ഫയല്‍ ചിത്രം
പി ജയരാജന്‍ / ഫയല്‍ ചിത്രം

കോഴിക്കോട്: കമ്യൂണിസ്റ്റുകാര്‍ വിനീതവിധേയരാകണമെന്നും, അധികാര ഗര്‍വോടെ പെരുമാറരുതെന്നും സിപിഎം നേതാവ് പി ജയരാജന്‍. കമ്യൂണിസ്റ്റുകാര്‍ ജനങ്ങളോട് വിനീത വിധേയരാകണം. പാര്‍ട്ടി തന്നെ അത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകന്‍ ജിബിന്‍ പി മൂഴിക്കല്‍ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദപരിപാടിയില്‍ പറഞ്ഞു. 

കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങളുമായുള്ള ബന്ധം ദൃഢമാവണം. അത് സംബന്ധിച്ച് എവിടെയെങ്കിലും പോരായ്മ വരുന്നുണ്ടെങ്കില്‍ പരിശോധിച്ച് തെറ്റ് തിരുത്താന്‍ പാര്‍ട്ടിക്കകത്ത് സംവിധാനമുണ്ട്. നിരന്തരം അത്തരം തെറ്റുതിരുത്തല്‍ പ്രക്രിയ നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം കമ്യൂണിസ്റ്റുകാരുടെ നിലപാടിനെ വിലയിരുത്താനാകില്ല. 

തെരഞ്ഞെടുപ്പുകളില്‍ തോറ്റെന്ന് കരുതി നിലപാടുകള്‍ എല്ലാം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ടല്ല, നിലപാടാണ് പ്രധാനം. നാലു വോട്ടിനേക്കാളും സീറ്റിനേക്കാളും വലുത് നാടിന്റെ നിലനില്‍പ്പാണെന്ന നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

ഗവര്‍ണര്‍ പദവി കൊളോണിയല്‍ അവശേഷിപ്പാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ വെല്ലുവിളിക്കുകയാണ് ഗവര്‍ണര്‍. കോമാളിത്തരം കാണിക്കുന്ന ഗവര്‍ണര്‍ക്ക് വിശ്വാസ്യതയില്ല. ഒരു ദിവസത്തെ സുല്‍ത്താനെ പോലെ അധഃപതിച്ച നിലയിലാണ് പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റിനെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും പി ജയരാജന്‍ ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com