'സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനം'; കര്‍ഷകന്റെ കുടുംബത്തിന്റെ ജപ്തി ഒഴിവാക്കാന്‍ പേര് വെളിപ്പെടുത്താതെ സഹായം

പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതി  പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍നിന്നെടുത്ത വായ്പ കുടിശികയായതിന്റെ അടിസ്ഥാനത്തിലാണു ജപ്തി നോട്ടീസ് അയച്ചത്.
പ്രസാദ്‌
പ്രസാദ്‌

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെ കുടിശിക അടയ്ക്കാനുള്ള തുക നല്‍കി മുംബൈ മലയാളി. പേരുവെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത വ്യക്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനമാണിതെന്ന് അറിയിക്കുകയും ചെയ്തു. പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതി  പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍നിന്നെടുത്ത വായ്പ കുടിശികയായതിന്റെ അടിസ്ഥാനത്തിലാണു ജപ്തി നോട്ടീസ് അയച്ചത്. അതേസമയം,  എസ്സി-എസ്ടി കമ്മിഷന്‍ പ്രസാദിന്റെ കുടുംബത്തിനയച്ച ജപ്തി നോട്ടിസ് മരവിപ്പിച്ചു. മന്ത്രി കെ രാധാകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

കുടിശികയായ 17600 രൂപ അഞ്ചു ദിവസ്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്. പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത വ്യക്തി ജപ്തി ഒഴിവാക്കുന്നതിനായി 17,600 രൂപയാണ് നല്‍കിയതെന്നും സഹായിച്ചയാളോട് ഏറെ നന്ദിയുണ്ടെന്നും പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു.  രണ്ടുമാസമായി പലരുടെയും സഹായം കൊണ്ടാണ് കഴിയുന്നതെന്നും ചെറിയകടങ്ങളൊക്കെ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്നും പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു. 'ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ആരും ഇതുവരെ ഒരുസഹായവും നല്‍കിയില്ല. മന്ത്രി പി. പ്രസാദ് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കാമെന്നു പറഞ്ഞു. സ്വയം മുന്‍കൈയെടുത്തും ഒരു സഹായവും നല്‍കിയില്ല. കലക്ടറേറ്റില്‍നിന്നു യാതൊരു സഹായവും ലഭിച്ചില്ല. അഞ്ച് ലക്ഷത്തോളം രൂപയുടെ കടമുണ്ട്' ഓമന പറഞ്ഞു.

'സഹായം ലഭിക്കുന്നത് തടയുന്നതിനായി പലരും ശ്രമിക്കുന്നുണ്ട്. ലോണെടുത്തത് മറ്റു പല ആവശ്യങ്ങള്‍ക്കാണെന്നും കടമില്ലെന്നൊക്കെയും പ്രചരിപ്പിക്കുന്നുണ്ട്. കടമെടുത്തതു കൊണ്ടാണല്ലോ ഇപ്പോള്‍ ജപ്തി നോട്ടിസ് വന്നത്. ഉപകാരം ചെയ്തില്ലെങ്കിലും എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്? 50,000 രൂപയ്ക്ക് എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമോ? ഒരുവഴിയും ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തത്' ഓമന പറഞ്ഞു.

2022 ആഗസ്റ്റ് 27 നാണ് ഓമന 60000 രൂപ സ്വയം തൊഴില്‍ വായ്പയായി ലോണ്‍ എടുത്തത്. 15000 രൂപയോളം ഇതിനകം തിരിച്ചടച്ചു. പതിനൊന്ന് മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ചത്. 

പാട്ടത്തിനെടുത്ത മൂന്നര ഏക്കര്‍ വളമിടാന്‍ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് 2023 നവംബര്‍ 11 നാണ് കുന്നുമ്മ കാട്ടില്‍ പറമ്പില്‍ പ്രസാദ് ജീവനൊടുക്കിയത്. സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറുപ്പെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. പിന്നാലെ കര്‍ഷകന്റെ കുടുംബത്തിലെത്തിയ മന്ത്രിമാര്‍ കുടിശിക എഴുതി തള്ളുമെന്ന് വാക്കു നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com