തിരുവനന്തപുരം: 'മജിസ്‌ട്രേട്ട്' ആയി വേഷം കെട്ടി പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഷംനാദിനെതിരെ മുന്‍പും കേസുകള്‍. മുന്‍പ് പാങ്ങോട് സ്റ്റേഷന്‍ എസ്‌ഐയുടെ വേഷത്തില്‍ വിജനമായ സ്ഥലത്ത് വച്ച് ഇരുചക്രവാഹനങ്ങളില്‍ വരുന്നവരെ തടഞ്ഞുനിര്‍ത്തി 'പെറ്റിയടി'ച്ചതിന്റെ പേരില്‍ ഷംനാദിനെതിരെ എടുത്ത കേസാണ് ഇതില്‍ ഒന്ന്. മംഗലപുരം പാട്ടത്തില്‍ ഭൂദാന കോളനി ഷജിലാ മന്‍സിലില്‍ എസ് ഷംനാദിന്റെ (43) നാട്ടിലുള്ള ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തുകയാണ് പൊലീസ്.
വില്ലേജ് ഓഫിസറുടെ വേഷത്തിലെത്തി, പഞ്ചായത്തില്‍ നിന്നു വീടിനു ധനസഹായം ലഭിച്ചവരെ സമീപിച്ച് ബാക്കി ഗഡുക്കള്‍ പെട്ടെന്നു നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 500, 1000 രൂപയുടെ പിരിവും നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആറ്റിങ്ങലില്‍ വച്ച് വാഹനം തടഞ്ഞതിന് ട്രാഫിക് പൊലീസിനെയും ഹോം ഗാര്‍ഡിനെയും മര്‍ദിച്ചതും വലിയ വാര്‍ത്തയായിരുന്നു.
ആരാധനാലയങ്ങളില്‍ വരുന്നവരുമായി പെട്ടെന്നു സൗഹൃദം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുത്ത ശേഷം തട്ടിപ്പു നടത്തുകയും ഷംനാദിന്റെ മറ്റൊരു രീതിയാണെന്നും പൊലീസ് പറയുന്നു. തട്ടത്തുമലയില്‍ ജോലി നോക്കവേ, തന്റെ അക്കൗണ്ടില്‍ 6 കോടി രൂപയുണ്ടെന്നും നികുതിയുടെ പേരില്‍ ഇഡി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞ് പലരെയും വ്യാജരേഖകള്‍ കാണിച്ചു പറ്റിച്ചതായും പൊലീസ് പറയുന്നു.
നികുതി അടയ്ക്കാനുള്ള പണം നല്‍കിയാല്‍ ഇരട്ടിയായി മടക്കി നല്‍കാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തു. രേഖകളില്ലാതെ നല്‍കിയ പണമായതിനാല്‍ ആര്‍ക്കും പരാതി നല്‍കാനും കഴിഞ്ഞിരുന്നില്ല. കൊല്ലത്തു നിന്നുള്ളവരടക്കം തട്ടിപ്പിനിരയായി. കോരാണി, പാലമൂട്, പനവൂര്‍, കന്യാകുളങ്ങര, മുരുക്കുംപുഴ തുടങ്ങി തിരുവനന്തപുരം ജില്ലയിലെ പലരും കബളിപ്പിക്കപ്പെട്ടു.
തട്ടിപ്പിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഇയാള്‍ ഉപയോഗിക്കുക. ഓരോ സമയത്തും വ്യത്യസ്ത ആഡംബര കാറുകളിലാണ് ഷംനാദിന്റെ യാത്ര. പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായും ചില രാഷ്ട്രീയ നേതാക്കളുമായുള്ള അടുത്ത ബന്ധം പല കേസുകളിലും ഷംനാദിന് രക്ഷയായി. കിട്ടുന്ന പണം റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപിച്ചിരുന്നു. തിരുവനന്തപുരത്ത് പോത്തന്‍കോടിനു സമീപം ചാത്തന്‍പാറയില്‍ ആഡംബര വീട്ടിലായിരുന്നു ഒടുവില്‍ താമസം.
അടിപിടി കേസുകള്‍ പെരുകിയപ്പോള്‍ ഷംനാദിനെ മംഗലപുരം പൊലീസ് റൗഡിപ്പട്ടികയിലും ഉള്‍പ്പെടുത്തിയിരുന്നു. കാസര്‍കോട്ടു നിന്നു നാടകീയമായി തിരുവനന്തപുരത്തെത്താന്‍ ശ്രമിക്കവേയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐയും സംഘവും ഷംനാദിനെ പിടികൂടിയത്. 'മജിസ്‌ട്രേട്ട്' ആയി വേഷം കെട്ടി പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ