'വിമര്‍ശിക്കാന്‍ പലര്‍ക്കും ഭയം; നേതൃസ്തുതികളില്‍ അഭിരമിക്കുന്ന നേതാക്കളെ നമുക്ക് വേണ്ട'

ഒരിക്കല്‍ അവിടെ ഇരുപ്പുറപ്പിച്ചാല്‍ പിന്നെ നടന്നുപോയ വഴികളൊക്കെ മറന്നുപോകുന്നു
എം മുകുന്ദൻ/ മാധ്യമങ്ങളോട് സംസാരിക്കുന്നു
എം മുകുന്ദൻ/ മാധ്യമങ്ങളോട് സംസാരിക്കുന്നു

കോഴിക്കോട്: ഇരിക്കുന്ന സിംഹാസനത്തിനാണ്, ജനങ്ങള്‍ക്കല്ല വില എന്നു ധരിക്കുന്നവരുണ്ട് നമ്മുടെ നാട്ടിലെന്നും, അതിനെതിരായിട്ടാണ് താന്‍ പ്രതികരിച്ചതെന്നും എം മുകുന്ദന്‍. സിംഹാസനമല്ല, ജനങ്ങളാണ് വലുത് എന്ന സന്ദേശം എന്റെ വായനക്കാര്‍ക്ക് നല്‍കുകയായിരുന്നു എന്നും  മുകുന്ദന്‍    മാധ്യമങ്ങളോട് വിശദീകരിച്ചു. 

ഇത് എല്ലാ അധികാരികള്‍ക്കും ബാധകമാണ്. കിരീടത്തിലേക്ക്, സിംഹാസനത്തിലേക്ക് ഉള്ള യാത്ര എളുപ്പമല്ല. അതു ദുര്‍ഘടകരമായ യാത്രയാണ്. ഒരുപാട് കഷ്ടപ്പെട്ട്, ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ച്, ചോര ചിന്തിയാണ് സിംഹാസനത്തിലേക്ക് എത്തുന്നത്. 

ഒരിക്കല്‍ അവിടെ ഇരുപ്പുറപ്പിച്ചാല്‍ പിന്നെ നടന്നുപോയ വഴികളൊക്കെ മറന്നുപോകുന്നു. അത് എല്ലായിടത്തും നമ്മള്‍ കാണുന്ന ഒരു കാഴ്ചയാണ്. യൂണിവേഴ്‌സലായ ഒരു കാഴ്ചയാണ്. അതുകൊണ്ട് അങ്ങനെ ഇരിക്കുന്നവരെ നാം ഓര്‍മ്മിപ്പിക്കണം. ജയപ്രകാശ് നാരായണന്‍ പണ്ട് ഒരു കവിയെ ഉദ്ധരിച്ച് പറഞ്ഞ വാക്യമുണ്ട്, സിംഹാസനം ഉപേക്ഷിക്കൂ... ജനങ്ങള്‍ വരുന്നുണ്ട് എന്ന്.

ജനങ്ങള്‍ വരുന്നത് കണ്ടില്ലെങ്കില്‍, ജനങ്ങള്‍ അവരെ സിംഹാസനത്തില്‍ നിന്നും പിഴുതെറിയും. അതിനാല്‍ ജനങ്ങള്‍ വരുന്നതിന് മുമ്പേ സിംഹാസനം കാലിയാക്കൂ എന്നാണ് പറഞ്ഞത്. എംടിയുടെ പ്രസംഗവുമായി ഈ വിമര്‍ശനം ചേര്‍ത്തു വെക്കണോ വെക്കണ്ടയോ എന്നു നിങ്ങള്‍ക്ക് തീരുമാനിക്കാം എന്നും എം മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഏതൊരു വ്യവസ്ഥിതിയിലും വിമര്‍ശനം ആവശ്യമാണ്. പ്രത്യേകിച്ചും ജനാധിപത്യ വ്യവസ്ഥിതിയില്‍ വിമര്‍ശനത്തിന് ഒരിടമുണ്ടാകണം. പലര്‍ക്കും ഇപ്പോള്‍ സഹിഷ്ണുതയില്ല. വിമര്‍ശിക്കാന്‍ ആളുകള്‍ മടിക്കുന്നത് അതുകൊണ്ടാണ്. സക്രിയമായ വിമര്‍ശനം നമുക്ക് ആവശ്യമാണ്. അതുണ്ടെങ്കിലേ ജനാധിപത്യം വളരുകയുള്ളൂ. എഴുത്തുകാര്‍ പോലും വിമര്‍ശിക്കാന്‍ മടിക്കുകയാണ്. 

വിമര്‍ശിക്കാന്‍ പലര്‍ക്കും ഭയം തോന്നുകയാണ്. നിര്‍ഭയം വിമര്‍ശിക്കാനുള്ള ഒരു സ്‌പേസ് ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ടാകണം, കേരളത്തിലുമുണ്ടാകണം. ചോര ഒഴുക്കാന്‍ അവസരം നല്‍കരുത്. അല്ലാതെ തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കണം. ഏതുപാര്‍ട്ടിയായാലും വ്യക്തി പൂജ പാടില്ല. ഇഎംഎസ് നേതൃപൂജകളില്‍ വിശ്വസിച്ചിരുന്നില്ല. കേരളത്തില്‍ എല്ലാവരും അങ്ങനെയായിരിക്കണം. 

നേതൃസ്തുതികളില്‍ അഭിരമിക്കുന്ന നേതാക്കളെയല്ല നമുക്ക് വേണ്ടത്. അങ്ങനെയുള്ള നേതാക്കള്‍ ഇവിടെയുണ്ട് എന്നു താന്‍ പറയുന്നില്ല. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഇടര്‍ച്ച പറ്റുന്നുണ്ട്. ആ ഇടര്‍ച്ചകള്‍ ചൂണ്ടിക്കാട്ടാന്‍ എഴുത്തുകാര്‍ തയ്യാറാകണണെന്ന് എം മുകുന്ദന്‍ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com