മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; കേരളം വീണ്ടും സുപ്രീം കോടതിയെ സമീപിക്കും 

തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ അണക്കെട്ട് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. 
മുല്ലപ്പെരിയാര്‍ അണക്കെട്ട് / ഫയല്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് / ഫയല്‍


ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ അണക്കെട്ട് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. 

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ച് സമഗ്ര പഠനത്തിനുള്ള പരിഗണന വിഷയങ്ങള്‍ തയാറാക്കാന്‍ കേന്ദ്ര ജല മ്മിഷന്‍ കഴിഞ്ഞ മാസം തമിഴ്‌നാട് സര്‍ക്കാറിനോട് നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് കേരളത്തിന്റെ വാദമുഖം സുപ്രീംകോടതിയെ അറിയിക്കുന്നത്. 

അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള കേരളത്തിന്റെ ആശങ്കയും പരിഗണിക്കപ്പെടണം. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് അന്താരാഷ്ട്ര സമിതിയെ വച്ച് പഠനം നടത്തണം. അതേ സമയം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ആവശ്യങ്ങളോട് കേരളത്തിന് എതിര്‍പ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. 

ഡല്‍ഹിയിലെത്തിയ റോഷി അഗസ്റ്റിന്‍ മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദം സുപ്രീംകോടതി മുമ്പാകെ വെക്കുന്നതിന് നിയമവിദഗ്ധരെ ചുമതലപ്പെടുത്തി. ഡാമിന്റെ സുരക്ഷ, പുതിയ ഡാം എന്നിവയെക്കുറിച്ച് പഠനം നടത്താന്‍ മേല്‍നോട്ട സമിതിയെ നേരത്തെ സുപ്രീംകോടതി ചുമതലപ്പെടുത്തിയെങ്കിലും നടപടിയൊന്നും മുന്നോട്ടു നീങ്ങിയിട്ടില്ലെന്നും നിഷ്പക്ഷ സമിതിയുടെ പഠനം ഇനിയും വൈകരുതെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com