ആയുർവേ​ദ ഉപകരണ നിർമാണ കമ്പനിയിൽ കോടികളുടെ തട്ടിപ്പ്; ജീവനക്കാരിയും ഡോക്ടറായ മകളും പിടിയിൽ

വ്യാജ ഡിജിറ്റൽ രേഖകൾ സൃഷ്ടിച്ചും സോഫ്റ്റ്‍വെയറിൽ കൃത്രിമം നടത്തിയുമാണ് തിരിമറി
രാജശ്രീ എസ് പിള്ള, ഡോ. ലക്ഷ്മി നായർ
രാജശ്രീ എസ് പിള്ള, ഡോ. ലക്ഷ്മി നായർ

കൊച്ചി: ആയുർവേദ ഉപകരണ നിർമാണ കമ്പനിയിൽ നിന്നു ഒന്നരക്കോടിയോളം രൂപ തട്ടിയെന്ന പരാതിയിൽ കമ്പനിയിലെ ജീവനക്കാരിയും ഡോക്ടറായ മകളും അറസ്റ്റിൽ. കമ്പനിയിലെ അക്കൗണ്ട്സ് കം ടെലി മാർക്കറ്റിങ് ജീവനക്കാരി കോതമം​ഗലം തൃക്കാരിയൂർ വെളിയത്ത് വിനായകം രാജശ്രീ എസ് പിള്ള (52), മകൾ ഡോ. ലക്ഷ്മി നായർ (25) എന്നിവരാണ് പിടിയിലായത്. ഇരുവരേയും കോടതി റിമാൻഡ് ചെയ്തു. 

വ്യാജ ഡിജിറ്റൽ രേഖകൾ സൃഷ്ടിച്ചും സോഫ്റ്റ്‍വെയറിൽ കൃത്രിമം നടത്തിയുമാണ് തിരിമറി. ആ‌യുർവേദ ഉപകരണങ്ങൾ നിർമിച്ച് വിദേശങ്ങളിൽ ഉൾപ്പെടെ വിൽപ്പന നടത്തുന്ന ദ്രോണി ആയുർവേദാസിന്റെ മൂവാറ്റുപുഴ ഓഫീസിലാണ് കൃത്രിമം നടത്തി പണം തട്ടിയത്. 

കമ്പനിയുടെ ഉപയോക്താക്കൾ നൽകുന്ന തുക രാജശ്രീയുടേയും മകളുടേയും അക്കൗണ്ടുകളിലേക്ക് മാറ്റിയും ഉടമ അറിയാതെ ഉപകരണങ്ങൾ വിൽപ്പന നടത്തിയുമാണ് വൻതുക തട്ടിയത്. മകളുടെ സഹായത്തോടെയാണ് രാജശ്രീ തട്ടിപ്പ് നടത്തിയതെന്നു പൊലീസ് പറഞ്ഞു. 

പുതിയതായി ആരംഭിച്ച കൊച്ചിയിലെ മറ്റൊരു ആയുർവേദ ഉപകരണ നിർമാണ കമ്പനിയിലെ ഉടമസ്ഥരും പങ്കാളിയാണെന്നു കമ്പനി മാനേജ്മെന്റ് നൽകിയ പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച ഡിജിറ്റൽ രേഖകളും പൊലീസിനു കൈമാറിയിട്ടുണ്ട്. 

ലാഭത്തിലായിരുന്ന കമ്പനി നഷ്ടത്തിലായതോടെ പിടിച്ചു നിൽക്കാൻ വർഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ പിടിച്ചുവിട്ടിരുന്നു. അതിനിടെയിലും രാജശ്രീ തട്ടിപ്പ് തുടർന്നുവെന്നു കമ്പനി അധികൃതർ പറയുന്നു. 

ആഴ്ചകളോളം നീണ്ട സൂക്ഷ പരിശോധനയും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് തട്ടിപ്പിനു പിന്നിൽ രാജശ്രീ ആണെന്നു തിരിച്ചറിയാൻ സഹായിച്ചത്. രാജശ്രീ എസ്എസ്എൽസി ബുക്ക് കൃത്രിമമായി നിർമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 

റഷ്യയിലെ പഠനത്തിനു ശേഷം യുകെയിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഡോ. ലക്ഷ്മി. ഡിസംബർ 28നു നിശ്ചയിച്ച വിവാഹത്തിനായാണ് ഇവർ നാട്ടിലെത്തിയത്. വിവാഹത്തിനു പിന്നാലെ തട്ടിപ്പിനു പിടിയിലാകുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com