വാഗ്ദാനം ചെയ്ത ഉപകരണം നിര്‍മിച്ച് നല്‍കുന്നതില്‍ വീഴ്ച: 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ചെറുകിട വ്യവസായിയായ പരാതിക്കാരന്‍ സ്വയം തൊഴിലിനായാണ് ഷീറ്റ് സെപ്പറേറ്റര്‍ മെഷീന്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ജെ സി മിഷനറിയില്‍ നിന്നും വാങ്ങിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംരംഭകന് വാഗ്ദാനം ചെയ്ത ഉപകരണം ആവശ്യപ്പെട്ട രീതിയില്‍ നിര്‍മിച്ച് നല്‍കാത്തതില്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാരമായി 419,190/ രൂപ 9% പലിശ സഹിതം ഒരു മാസത്തിനകം  ഉപഭോക്താവിന് നല്‍കാനാണ് കമ്പനിക്ക് കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്. 

ചെറുകിട വ്യവസായിയായ പരാതിക്കാരന്‍ സ്വയം തൊഴിലിനായാണ് ഷീറ്റ് സെപ്പറേറ്റര്‍ മെഷീന്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ജെ സി മിഷനറിയില്‍ നിന്നും വാങ്ങിയത്. എസ്റ്റിമേറ്റില്‍ അവകാശപ്പെട്ട പ്രകാരമുള്ള സവിശേഷതകള്‍ മിഷ്യനില്‍ ഇല്ലെന്ന് പരാതിക്കാരന്‍ കണ്ടെത്തി. ഇക്കാര്യം എതിര്‍കക്ഷിയെ അറിയിച്ചപ്പോള്‍ മിഷ്യന്‍ തിരിച്ചെടുക്കാമെന്ന് രേഖാമൂലം അവര്‍ ഉറപ്പു നല്‍കിയെങ്കിലും പിന്നീട് നടപടി ഒന്നുമുണ്ടായില്ല. തുടര്‍ന്ന് അഭിഭാഷകന്‍ മുഖേന നോട്ടീസ് അയച്ചിട്ടും പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

ഉല്പന്ന ബാധ്യത പുതിയ ഉപഭോക്തൃ സംരക്ഷണം നിയമത്തിന്റെ സുപ്രധാനമായ സവിശേഷതയാണ്. വാങ്ങുന്നയാള്‍ സൂക്ഷിക്കുക എന്ന പരമ്പരാഗത ആശയത്തിന് വില്‍ക്കുന്നയാള്‍ സൂക്ഷിക്കുക എന്നതിലേക്കുള്ള മാറ്റം ഉപഭോക്തൃ അവകാശ സംരക്ഷണ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. വാഗ്ദാനത്തിന് വിരുദ്ധമായി ഉല്‍പ്പന്നത്തില്‍ വ്യതിയാനം വരുത്തിയതില്‍ നിര്‍മ്മാതാവിന് ബാധ്യതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. 

പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി കെ ജി രാജന്‍ സമര്‍പ്പിച്ച പരാതിയില്‍ ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഉത്തരവിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com