ഗവര്‍ണറുടേത് നിലവിട്ട പെരുമാറ്റം; പദവിയുടെ അന്തസിന് യോജിച്ച രീതിയല്ല സ്വീകരിച്ചത് : എംവി ഗോവിന്ദന്‍

നയപ്രഖ്യാപനത്തിൽ ​ഗവർണർ സാങ്കേതികമായി ബാധ്യത നിറവേറ്റുക മാത്രമാണ് ചെയ്തത്
എംവി ഗോവിന്ദന്‍
എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ പദവിയുടെ അന്തസിന് യോജിക്കാത്ത രീതിയിലാണ് നിയമസഭയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പെരുമാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ കുറേക്കാലമായി എടുത്തുകൊണ്ടിരിക്കുന്ന നിലപാട് ഭരണഘടനാപരമായ അദ്ദേഹത്തിന്റെ സ്ഥാനത്തോട് പൊരുത്തപ്പെടുന്ന രീതിയിലല്ല. നിലവിട്ട പെരുമാറ്റമാണ് ഗവര്‍ണര്‍ കാഴ്ചവെക്കുന്നതെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അത് സാങ്കേതിക രീതിയിലാണ് കൈകാര്യം ചെയ്യപ്പെട്ടത്. സാധാരണ ഗവര്‍ണര്‍മാര്‍ സ്വീകരിക്കുന്ന കീഴ് വഴക്കത്തില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികമായ ഭരണഘടനാ ബാധ്യത നിര്‍വഹിച്ചു എന്നു മാത്രമേ പറയാന്‍ കഴിയൂ. ഗവര്‍ണര്‍ പദവിയില്‍ പൊതുവെ പെരുമാറേണ്ട രീതിയിലല്ല പെരുമാറിയത്. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി സമരം നടത്തിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ കേസ് വരെ നിലനില്‍ക്കുന്നുണ്ട്. എംവി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെയുള്ള ഡല്‍ഹിയിലെ സമരത്തില്‍ മാറ്റമില്ല. മുന്‍ തീരുമാനത്തില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തിന്റെ പ്രശ്‌നം വെച്ചുകൊണ്ടു തന്നെയാണ് സമരം. ആ സമരം ശക്തിയായി മുന്നോട്ടു കൊണ്ടുപോകും. ആ സമരത്തിനോടൊപ്പം സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് വിവിധ മേഖലയിലുള്ളവര്‍ പങ്കെടുക്കും. സമരം സമ്മേളനമാക്കി മാറ്റിയെന്നത് തെറ്റായ പ്രചാരണമാണ്.

എംവി ഗോവിന്ദന്‍
'ഓട്ടോയേക്കാളും വിമാനത്തേക്കാളും സുഖകരം ബസ് യാത്ര'; ഗണേഷിനെതിരെ ഒളിയമ്പുമായി ആന്റണി രാജു

ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ ഗൂഢ ഉദ്ദേശത്തോടു കൂടെയുള്ള പ്രവര്‍ത്തനത്തെ സംബന്ധിച്ചും, ഫെഡറല്‍ സംവിധാനത്തിനെതിരായ നിലപാടുകളെ സംബന്ധിച്ചും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചര്‍ച്ച ചെയ്തു ശുപാര്‍ശകള്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പോര് രൂക്ഷമാണ്.

അതുകൊണ്ടു തന്നെ അന്വേഷണം ന്യായമായും സുതാര്യമായും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ദേശീയ തരത്തില്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് തെറ്റായി ഇടപെടുന്ന പ്രശ്‌നം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സുപ്രീം കോടതി വരെ അംഗീകരിച്ചിരിക്കുകയാണെന്നാണ് ഇതുവഴി വ്യക്തമാക്കപ്പെട്ടതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com